ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിലെ പ്രശ്‌നത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊട്ടാരത്തിൽ നേരിടേണ്ടിവന്ന അവഗണനകളിൽ നിന്നും രൂപം കൊണ്ട കോപമാണ് രാജകുമാരനേയും കൂട്ടി കൊട്ടാരം വിട്ടിറങ്ങാൻ മേഗനെ പ്രേരിപ്പിച്ചത്. കൊട്ടാര വിഷയങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഇൻഗ്രിഡ് സെവാർഡ് ആണ് ഈ അഭിപ്രായം പറഞ്ഞത്. രാജപാരമ്പര്യത്തിന്റെ ക്രമമനുസരിച്ച് വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിക്കും അതിനുശേഷം വില്യമിന്റെ മക്കൾക്കുമാണ് പ്രാധാന്യം എന്ന വസ്തുത മേഗൻ മെർക്കൽ മനസ്സിലാക്കിയില്ല. അല്ലെങ്കിൽ മനസ്സിലാക്കിയെങ്കിലും അംഗീകരിക്കാൻ തയ്യാറായില്ല.

പട്ടികയിൽ തന്റെ സ്ഥാനം എവിടെയാണെന്ന് അന്വേഷിച്ച, ആധുനിക കാലത്തെ ഒരേയൊരു രാജകുമാരൻ ഹാരി മാത്രമായിരിക്കും എന്നും അവർ പറഞ്ഞു. അത് സ്വന്തം താത്പര്യം കാരണമായിരുന്നില്ല, മറിച്ച് മേഗന് അതെല്ലാം പ്രധാനപ്പെട്ടതായിരുന്നു. ഭാവിയിലെ രാജാവിന്റെ രണ്ടാമത്തെ മകനെ വിവാഹം ചെയ്തയാൾക്ക് മൂത്തമകന്റെ ഭാര്യയേക്കാളും മക്കളെക്കാളും പ്രാധാന്യം കുറയുന്നത് മേഗന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

ബ്രിട്ടീഷ് രാജാധികാരം അല്ലെങ്കിൽ ആസ്ഥാനം രാജകുടുംബത്തിന്റെ പരമ്പരാഗത നിയമങ്ങൾക്കൊപ്പം തന്നെ ബ്രിട്ടീഷ് പാർലമെന്റിന്റെ നിയമത്തിനും വിധേയമാണ്. അതനുസരിച്ച് രാജ്ഞിക്ക് ശേഷം രാജാധികാരത്തിനുള്ള ഒന്നാമത്തെയാൾ രാജ്ഞിയുടെ മൂത്തമകനായ ചാൾസ് രാജകുമാരനാണ്. തൊട്ടു പിന്നിൽ അദ്ദേഹത്തിന്റെ മൂത്ത മകനായ വില്യം രാജകുമാരനും. അതിനു ശേഷം വരിയിൽ മൂന്നു മുതൽ അഞ്ച് സ്ഥാനം വരെയുള്ളത് വില്യമിന്റെ മൂന്ന് മക്കളാണ്. ആറാം സ്ഥാനമാണ് ഹാരിക്കുള്ളത്. ഹാരിയുടെ മകന് ഏഴാം സ്ഥാനവും. ഇതിനിടയിൽ വില്യമിന് ഇനിയും കുട്ടികളുണ്ടായാൽ ഹാരിയുടെ സ്ഥാനം ഇനിയും പിന്നോട്ട് പോകും.

നേരത്തെ, രാജാവിന്റെയോ രാജ്ഞിയൂടെയോ ആൺമക്കൾക്ക്, അവരേക്കാൾ മൂത്ത സഹോദരിമാർ ഉണ്ടെങ്കിൽ കൂടി ആദ്യ പരിഗണന ലഭിക്കുമായിരുന്നു. എന്നാൽ ലിംഗവിവേചനം നിലനിന്നിരുന്ന ഈ പാരമ്പര്യം 2013ൽ ഒരു ബിൽ വഴി ബ്രിട്ടീഷ് പാർലമെന്റ് എടുത്തുകഴിഞ്ഞു. അതനുസരിച്ച് ഇപ്പോൾ പ്രായത്തിന്റെ കൂടുതൽ മാത്രമാണ് സ്ഥാന നിശ്ചയത്തിന് കണക്കിലെടുക്കുക. ഈ നിയമം വഴിയാണ് വില്യം രാജകുമാരന്റെ മകൾ ഷാർലറ്റ് രാജകുമാരിക്ക് നാലാം സ്ഥാനം ലഭിച്ചത്. ഇല്ലായിരുന്നെങ്കിൽ തന്നെക്കാൾ ഇളയ ലൂയിസ് രാജകുമാരന്റെ പുറകിലാകുമായിരുന്നു ഷാർലെറ്റിന്റെ സ്ഥാനം.