- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
13,494 രോഗികളും 678 മരണവുമായി ഇന്നലെ കടന്നുപോയി; മരണവും രോഗവും അനുദിനം കുറയുന്നതിൽ എങ്ങും പ്രതീക്ഷ; വാക്സിൻ മരണത്തെ തടഞ്ഞുതുടങ്ങി എന്നതിനും തെളിവുകൾ; മാർച്ച് എട്ടിന് സ്‌കൂൾ തുറക്കാൻ സമ്മർദ്ദമേറുന്നു; ബ്രിട്ടന്റെ കോവിഡ് അതിജീവനം ലോക മാതൃക
ബ്രിട്ടനിൽ കൊറോണയുടെ തേരോട്ടം മന്ദഗതിയിൽ ആകുന്നതിന്റെ സൂചനകളുമായി ഇന്നലെയും രോഗവ്യാപനനിരക്കിലുംമരണനിരക്കിലും കുറവ് ദൃശ്യമായി. ഇന്നലെ 13,494 പുതിയ കേസുകൾ സ്ഥിരീകരിച്ചപ്പോൾ 678 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞയാഴ്‌ച്ചയിലെ കണുക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടുകാര്യത്തിലും 25 ശതമാനത്തിലേറെകുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയെ അപേക്ഷിച്ച് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 35 ശതമാനത്തോളം കുറഞ്ഞപ്പോൾ മരണനിരക്കിൽ ഉണ്ടായിട്ടുള്ളത് 26 ശതമാനത്തിന്റെ കുറവാണ്.
അതിജീവനത്തിന്റെ പാതയിലേക്ക് ബ്രിട്ടൻ
യൂറോപ്പിൽ ഏറ്റവുമധികം കോവിഡ് പ്രതിസന്ധി നേരിട്ട രാജ്യമാണ് ബ്രിട്ടൻ. സമാനതകളില്ലാത്ത ദുരിതങ്ങൾ അനുഭവിക്കുന്ന സമയത്ത് തന്നെയാണ് ബ്രെക്സിറ്റ് എന്ന സമ്മർദ്ദവും അനുഭവിക്കേണ്ടിവന്നത്. ഒരിക്കൽ ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കിവാണിരുന്ന സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിലെ പുത്തൻ തലമുറയുടെയും പോർവീര്യത്തിന് കുറവില്ലെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് ലോകം കണ്ട പ്രവർത്തിക. കർശനമായ ലോക്ക്ഡൗൺ മാത്രമല്ല, മറ്റ് യൂറോപ്യൻ രാജ്യങ്ങ്സ്ല്ക്ക് ചിന്തിക്കാൻ പോലും ആകാത്ത വേഗത്തിൽ വാക്സിൻ പദ്ധതിയും മുന്നോട്ട് കൊണ്ടുപോവുകയാണ്.
ഇന്നലെ നാലരലക്ഷത്തോളം വാക്സിനുകളാണ് നൽകിയത്. ഇതുവരെ 1.3 മില്ല്യൺ ആളുകൾക്ക് വാക്സിൻ നൽകിക്കഴിഞ്ഞു. വരുന്ന തിങ്കളാഴ്‌ച്ചക്ക് മുൻപായി 1.5 മില്ല്യൺ ആളുകൾക്ക് വാക്സിൻ നൽകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. എൻ എച്ച് എസ് കണക്കുകൾക്കൊപ്പം ടെസ്റ്റ് ആൻഡ് ട്രേസ് ഡാറ്റയും കാണിക്കുന്നത്രോഗവ്യാപനത്തിൽ കാര്യമായ കുറവ് സംഭവിക്കുന്നു എന്നുതന്നെയാണ്. മിക്കവാറും എല്ലാ മേഖലകളിലും അതുപോലെ എല്ലാ പ്രായക്കാരുടെ ഇടയിലും രോഗവ്യാപനം കുറഞ്ഞുതന്നെ വരികയാണ്.
മരണനിർക്ക് കുറയ്ക്കുന്നത് കോവിഡ് വാക്സിൻ
കോവിഡ് രോഗികളിലെ മരണനിരക്ക് കുറയ്ക്കുന്നതിൽ കോവിഡ് വാക്സിൻ കാര്യമായ പങ്ക് വഹിക്കുന്നുണ്ടെന്ന് തെളിഞ്ഞു. മാർച്ച് ആകുമ്പോഴേക്കും പത്തിൽ ഒമ്പതുപേരുടെ മരണം തടയപ്പെടും എന്ന നിലയിലെത്തുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. അടുത്ത മാസം മുതൽ മരണനിരക്കിൽ കാര്യമായ കുറവുണ്ടാകും എന്നുതന്നെയാണ് കരുതപ്പെടുന്നത്. നിലവിൽ തന്നെ മരണനിരക്ക് 10 ശതമാനത്തോളം കുറയ്ക്കാൻ വാക്സിന് കഴിഞ്ഞിട്ടുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
രോഗ പ്രതിരോധത്തിന് കാര്യക്ഷമമായ വാക്സിൻ പക്ഷെ, അതിനേക്കാൾ ഏറെ, രോഗം മൂർച്ഛിക്കാതിരിക്കാൻ സഹായകരമാണ് എന്നാണ് പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ രോഗം ഗുരുതരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന അവസ്ഥയും അതുപോളെ മരണവും ഒഴിവാക്കാൻ വാക്സിനു കഴിയും. യൂണിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റോളിലെ പ്രൊഫസർ ടിം കുക്ക് നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്.
സ്‌കൂൾ തുറക്കാൻ സമ്മർദ്ദമേറുന്നു
വലിയൊരു പ്രതിസന്ധി മറികടന്ന് ബ്രിട്ടൻ സാവധാനം സാധാരണ നിലയിലേക്ക് മടങ്ങാൻ ആരംഭിച്ചതോടെ സ്‌കൂളുകൾ തുറക്കാനായി സർക്കാരിനു മേൽ സമ്മർദ്ദമേറുകയാണ്. മാർച്ച് 8 ന് ഇംഗ്ലണ്ടിലെ സ്‌കൂളുകൾ തുറന്ന് പ്രവർത്തനമാരംഭിക്കുമെന്ന് നേരത്തേ ബോറിസ് ജോൺസൺ പറഞ്ഞിട്ടുണ്ടെങ്കിലും, അതിന്റെ അപകടം ചൂണ്ടിക്കാട്ടി നിരവധി ശാസ്ത്രജ്ഞർ രംഗത്ത് വന്നിരുന്നു. മാത്രമല്ല, ലോക്ക്ഡൗൺ ഇളവുചെയ്യുന്നത് സംബന്ധിച്ച വിശദാംശങ്ങൾ ഫെബ്രുവരി 22 ൻ പ്രഖ്യാപിക്കും എന്നു പറയുന്നതല്ലാതെ സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ഒരു മറുപടി സർക്കാർ നൽകുന്നുമില്ല.
ഇത്തരമൊരു സാഹചര്യത്തിലാണ് സ്‌കൂൾ തുറക്കുന്നതിനായി വിവിധ കോണുകളിൽ നിന്നും ശക്തമായ ആവശ്യമുയരുന്നത്. അതേസമയം, സ്‌കൂളുകൾ തുറക്കുന്നതിനു രണ്ടാഴ്‌ച്ച മുൻപെങ്കിലും അക്കാര്യം അറിയിച്ചിരിക്കുമെന്ന് സർക്കാർ വക്താവ് അറിയിച്ചു. സ്‌കൂളുകൾക്കും അധ്യപകർക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുന്നതിനു വേണ്ടിയാണിത്. അങ്ങനെയെങ്കിൽ ഫെബ്രുവരി 22 ന് എങ്കിലും സ്‌കൂൾ തുറക്കുന്നത് പ്രഖ്യാപിക്കേണ്ടിവരും.
രോഗവ്യാപനവും മരണനിരക്കും കുറയാൻ തുടങ്ങിയതും , വാക്സിൻ പദ്ധതി പ്രതീക്ഷിച്ചതുപോലെ മുന്നേറുന്നതും സർക്കാരിന് ആത്മവിശ്വാസം നൽകുന്നുണ്ട്. അതുകൊണ്ട്, നേരത്തേ പ്രഖ്യാപിച്ചതുപോലെ മാർച്ച് 8 ന് തന്നെ സ്‌കൂളുകൾ പ്രവർത്തനമാരംഭിക്കും എന്നാണ് പ്രതീക്ഷ.
മറുനാടന് മലയാളി ബ്യൂറോ