- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്നലെ 13,000 പുതിയ രോഗികളും 627 മരണങ്ങളും മാത്രം; വാക്സിനേഷനും നിയന്ത്രണങ്ങളും ഫലപ്രദമായി; മാർച്ചോടെ സ്കൂൾ തുറന്ന് ഇളവുകൾ തുടങ്ങുമെന്ന് ബോറിസ്; ബ്രിട്ടനിൽ നിന്നും കോവിഡ് മായുന്നത് ഇങ്ങനെ
കൊറോണയുടെ പിന്മാറ്റം യാഥാർത്ഥ്യം തന്നെയെന്ന് ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഇന്നലെത്തെ കണക്കുക. ഇന്നലെ 13,308 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 27 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ അനുഭവപ്പെട്ടിരിക്കുന്നത്. പ്രതിദിന മരണസംഖ്യ 25 ശതമാനത്തോളം കുറഞ്ഞ് 621 ആയി. രോഗവ്യാപനം കുറഞ്ഞുതന്നെ വരുന്നത് സർക്കാരിനും ആത്മവിശ്വാസം പകർന്നിട്ടുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. തുടർച്ചയായി ഇത് മൂന്നാമത്തെ ശനിയാഴ്‌ച്ചയാണ് രോഗവ്യാപനത്തിൽ ഇടിവുണ്ടാകുന്നത്.
മറ്റൊരു സന്തോഷവാർത്ത, ഫെബ്രുവരി 12 ലെ കണക്കനുസരിച്ച് 15,091,696 പേർക്ക് വാക്സിൻ നൽകിക്കഴിഞ്ഞു എന്നതാണ്. ഫെബ്രുവരി 15 ന് മുൻപായി 15 മില്ല്യൺ പേർക്ക് വാക്സിന്റെ ആദ്യ ഡോസ് നൽകുക എന്നതായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ അതിനു മുൻപ് തന്നെ സർക്കാരിന് ലക്ഷ്യത്തിലെത്താനായി. ഇതിൽ 14,556,827 പേർക്ക് ആദ്യ ഡോസ് മാത്രമാണ് ലഭിച്ചിട്ടുള്ളത്. ബാക്കിയുള്ളവർക്ക് രണ്ടു ഡോസും ലഭിച്ചു.
ഇളവുകളിൽ പ്രഥമ പരിഗണന സ്‌കൂളുകൾ തുറക്കാൻ
കാര്യങ്ങൾ പ്രതീക്ഷിച്ച രീതിയിൽ പുരോഗമിക്കുകയും രോഗവ്യാപനം കുറഞ്ഞുവരികയും ചെയ്യുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൗണിൽ ഇളവുകൾ വരുത്താൻ ആലോചിക്കുകയാണ് സർക്കാർ. മുൻകൂട്ടി നിശ്ചയിച്ചതുപോലെ മാർച്ച് 8 ന് തന്നെ സ്‌കൂളുകൾ തുറന്ന് പ്രവർത്തനം ആരംഭിക്കും എന്ന് ഉറപ്പിച്ചു പറഞ്ഞ ബോറിസ് ജോൺസൺ പക്ഷെ വ്യാപാരസ്ഥാപനങ്ങളെ കുറിച്ച് ഒന്നും വ്യക്തമാക്കിയില്ല. എന്നാൽ, തികഞ്ഞ ശുഭാപ്തിവിശ്വാസം ഉണ്ടെന്നും കാര്യങ്ങളിൽ തീരുമാനമാകുന്ന മുറയ്ക്ക് എല്ലാം മാധ്യമങ്ങളെ അറിയിക്കും എന്നും അദ്ദെഹം പറഞ്ഞു.
ഇപോൾ കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് മുൻഗണന നൽകുന്നത് എന്നുപറഞ്ഞ ബോറിസ് ജോൺസൺ, അത്യാവശ്യമില്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകളുടെ കാര്യം പിന്നീട് തീരുമാനിക്കും എന്നും അറിയിച്ചു. ഇനിയുള്ള കാലം കോറോണ വൈറസിനൊപ്പം ജീവിക്കേണ്ടിവരുമെന്നു പറഞ്ഞ അദ്ദേഹം പക്ഷെ ആധുനിക ശാസ്ത്രം എന്നും മനുഷ്യനോടൊപ്പം ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു. പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലാണ് ആശുപത്രികളിൽ ചികിത്സതേടി എത്തുന്ന കോവിഡ് രോഗികളുടെ കാര്യത്തിൽ കുറവുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ ബോറിസ് ജോൺസൺ
കോവിഡ് പദ്ധതി വിജയകരമായി മുന്നേറുന്നതും കൊറോണയുടേ ഗ്രാഫിലുണ്ടാകുന്ന വൻഇടിവും ബോറിസ് ജോൺസന്റെയും സർക്കാരിന്റെയും ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. സ്‌കൂളുകൾ നേരത്തേ നിശ്ചയിച്ചതുപോലെ മാർച്ച് 8ന് തന്നെ തുറന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് പറഞ്ഞ ബോറിസ്, മറ്റ് സ്ഥാപനങ്ങളുടെ കാര്യവും ഉടൻ തന്നെ പ്രഖ്യാപിക്കുവാൻ സാധിക്കും എന്ന വിശ്വാസം പ്രകടിപ്പിച്ചു. എന്നിരുന്നാലും ധൃതികൂട്ടി ഒരു നടപടിക്കും മുതിരരുതെന്നാണ് സർക്കാരിന്റെ ശാസ്ത്രീയ ഉപദേശക സമിതിയുടെ അഭിപ്രായം.
ആശുപത്രികളിൽ എത്തുന്ന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും, ഇപ്പോഴും അത് ഉയർന്ന നിലയിൽ തന്നെയാണ്. ഇനിയും അത് ഏറെ താഴേക്ക് വന്നാൽ മാത്രമേ ആശുപത്രികളുടെ മേലുള്ള സമ്മർദ്ദം കുറയുകയുള്ളു. അതുകൊണ്ടു തന്നെ നിയന്ത്രണങ്ങൾ ഇനിയും കുറച്ചുനാൾ കൂടി തുടരാനാണ് സാധ്യത. ഈസ്റ്ററിനു ശേഷം മാത്രമേ കൂടുതൽ ഇളവുകൾ നൽകണമോ എന്ന് ചിന്തിക്കുകയുള്ളു എന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.