ലണ്ടൻ: മുപ്പത്തേഴ് വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരുവാലന്റൈൻ ദിനത്തിലായിരുന്നു വാലന്റൈൻസ് ദിനത്തിൽ തന്റെ ഉള്ളിൽ കുഞ്ഞു ഹാരിരാജകുമാരൻ ഉറങ്ങുന്ന വിവരം ലോകത്തെ അറിയിച്ചത്. ഇന്നിതാ ആ കുഞ്ഞു ഹാരി വളർന്ന് വലുതായി മറ്റൊരു വാലന്റൈൻസ് ദിനത്തിൽ ലോകത്തെ അറിയിക്കുന്നു, താൻ ഒരിക്കൽക്കൂടി അച്ഛനാകാൻ പോകുന്നു എന്ന്. ഹാരിയുടെ മടിയിൽ തലവച്ചു കിടക്കുന്ന മേഗന്റെ ചിത്രത്തോടൊപ്പമാണ് ഇവർ തങ്ങളുടെ ആർച്ചി ഒരു വല്യേട്ടനാകാൻ പോകുന്ന കാര്യം ലോകത്തെ അറിയിച്ചത്. ഏതാനും മാസങ്ങൾക്ക് മുൻപ് ന്യുയോർക്ക് ടൈംസിൽ എഴുതിയ ഒരു ലേഖനത്തിൽ തന്റെ രണ്ടാമത്തെ ഗർഭം അലസിപ്പോയതായി മേഗൻ പറഞ്ഞിരുന്നു.

കഴിഞ്ഞവർഷം കൊട്ടാരം വിട്ടിറങ്ങിയ ഇവർ ഇപ്പോൾ അമേരിക്കയിലെ മോണ്ടേസിറ്റോയിലാണ് താമാസം. ഹാരിയുടെ പിതൃസഹോദര പുത്രിയായ യൂജ്ജിനി രാജകുമാരി ഒരു ആൺകുട്ടിക്ക ജന്മം നൽകിയത് കഴിഞ്ഞയാഴ്‌ച്ചയാണ്. ഇക്കാര്യത്തിൽ യൂജിനിയെ അഭിനന്ദിച്ചുകൊണ്ട് മേഗനും ഹാരിയും സ്വകാര്യ സന്ദേശമയച്ചിരുന്നു. ഗർഭസ്ഥ ശിശു ആണാണോ പെണ്ണാണോ എന്നുള്ള കാര്യമോ പ്രസവത്തിന്റെ തീയതിയോ പുറത്തറിയിച്ചിട്ടില്ല. ഹാരിയുടെ മറ്റൊരു കസിൻ ആയ സാറാ ടിൻഡലും ഗർഭിണിയാണ്. ഇവരുടെ പ്രസവത്തിനെ അനുസരിച്ചായിരിക്കും ഹാരിയുടെ കുട്ടി രാജ്ഞിയുടെ പത്താമത്തേയോ പതിനൊന്നാമത്തേയോ കൊച്ചുപേരക്കുട്ടി ആകുക.

ഈ വാർത്ത അറിഞ്ഞ് രാജ്ഞിയും വില്യം രാജകുമാരനും കേയ്റ്റ് രാജകുമാരിയും സന്തോഷിക്കുന്നതായും ഹാരിക്കും കുടുംബത്തിനും എല്ലാ നന്മകൾ നേരുന്നതായും കൊട്ടാരം വക്താവ് അറിയിച്ചു.വിവരം പങ്കുവയ്ക്കാനായി പോസ്റ്റ് ചെയ്ത ഫോട്ടോ എവിടെ വച്ചാണ് എടുത്തത് എന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ അത് ഏടുത്തു എന്ന് അവകാശപ്പെടുന്ന ഹരിമാൻ എന്ന നൈജീരിയൻ വംശജനായ ബ്രിട്ടീഷ് ഫോട്ടോഗ്രാഫർ പറയുന്നത് ഐ പാഡ് ഉപയോഗിച്ച് ദൂരെനിന്നും എടുത്ത ചിത്രമാണതെന്നാണ്.

ആണായാലും പെണ്ണായാലും സിംഹാസനത്തിലേക്കുള്ള ഊഴത്തിൽ എട്ടാമതെത്തുന്ന ഈ കുട്ടിയും തന്റെ സഹോദരൻ ആർച്ചിയേ പോലെ രാജ്ഞിയിൽ നിന്നും വല്യച്ഛനിൽ നിന്നുമൊക്കെ മൈലുകളോളം ദൂരത്തിലായിരിക്കും വളരുക. ഈ കുട്ടി കൂടി ജനിക്കുന്നതോടെ ആൻഡ്രു രാജകുമാരന്റെ, രാജപദവിലെത്തുന്നതിനുള്ള ഊഴം ഒമ്പതാമതായി. യൂജിനി രാജകുമാരിക്ക് ആദ്യ പത്ത് സ്ഥാനങ്ങളിൽ ഒന്നിൽ ഇടം പിടിക്കാനും ആകില്ല.

അതേസമയം ഈ കുട്ടിയെ രാജകുമാരൻ എന്നോ രാജകുമാരി എന്നോ വിളിക്കില്ല 100 വർഷങ്ങൾക്ക് മുൻപ് ജോർജ്ജ് അഞ്ചാമൻ രാജാവുണ്ടാക്കിയ സമ്പ്രദയപ്രകാരം ആണത്. ലോർഡ് അല്ലെങ്കിൽ ലേഡി എന്ന സ്ഥാനത്തിനാണ് ഈ കുട്ടിക്ക് അർഹതയുണ്ടാവുക. എന്നാൽ ഹാരിയും മേഗനും മൗണ്ട്ബാറ്റൻ-വിൻഡ്സർ എന്ന സർനെയിം ആയിരിക്കും നൽകുക എന്നാണ് അവരോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

രാജകുടുംബത്തിലെ ചുമതലകളൊഴിഞ്ഞെത്തി നെറ്റ്ഫ്ലിക്സിലും സ്പോട്ടിഫൈയിലുമൊക്ക് ശതലക്ഷങ്ങളുടെ കരാറുകൾ നേടിയ ഹാരിയും മേഗനും രണ്ടാമത്തെ പ്രസവം എവിടെ വച്ചായിരിക്കും എന്നകാര്യം വ്യക്തമാക്കിയിട്ടില്ല. ആദ്യ പ്രസവം നടന്നത് ബ്രിട്ടനിലായിരുന്നു. എന്റർടെയിന്മെന്റ് മേഖലയ്ക്ക് പുറമേ ബിസിനസിലും മേഗൻ ഇറങ്ങിയിട്ടുണ്ട്. ഒരു വേഗൻ കോഫീ ബ്രാൻഡിലാണ് മേഗൻ വൻനിക്ഷേപം നടത്തിയിരിക്കുന്നത്. അതിനുപുറമേ ഇവരുടെ ആർച്ച്വെൽ ഫൗണ്ടേഷനുമായി ഇവർ ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവമാണ്.