ലണ്ടൻ: പ്രതീക്ഷിച്ചതിനേക്കാൾ മുൻപ് ലക്ഷ്യം പൂർത്തിയാക്കാൻ കഴിഞ്ഞ സന്തോഷത്തിലും ആത്മവിശ്വാസത്തിലുമാണ് ബ്രിട്ടൻ. 15 ദശലക്ഷം പേർക്ക് ഫെബ്രുവരി 15 ന് മുൻപായി വാക്സിൻ നൽകണമെന്ന ലക്ഷ്യം രണ്ടു ദിവസം മുൻപേ കൈവരിക്കാനായി ബ്രിട്ടന്. രോഗവ്യാപനതോത് ഇടിയുകയുംവാക്സിൻ പദ്ധതി പ്രതീക്ഷച്ചതുപോലെ മുന്നോട്ടുപോവുകയും ചെയ്യുന്നതിനാൽ ലോക്ക്ഡൗൺ ഇളവുകൾ നീക്കം ചെയ്യുന്ന കാര്യം സജീവ ചർച്ചയായിട്ടുണ്ട്. വാക്സിന്റെ പ്രഭാവം കൃത്യമായും പ്രതിഫലിക്കുന്ന വിധത്തിലാണ് രോഗവ്യാപനം കുത്തനെ ഇടിയുന്നത്.

കൃസ്ത്മസ്സിനു നടക്കാതെ പോയ കുടുംബ സംഗമം ഈസ്റ്ററിനെങ്കിലും നടക്കുമെന്ന ഒരു പ്രതീക്ഷ ജനങ്ങളിൽ ഉടലെടുത്തിട്ടുണ്ട്. പതിനഞ്ചു മില്ല്യൺ വാക്സിൻ എന്ന ലക്ഷ്യം പൂർത്തിയായതായി ഇന്നലെ ബോറിസ് ജോൺസൺ പ്രഖ്യാപിച്ചതോടെ പ്രതീക്ഷകൾക്ക് കൂടുതൽ നിറം വച്ചിട്ടുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളും അതോടൊപ്പം വാക്സിന്റെ കാര്യക്ഷമതയും കാരണം വ്യാപനതോത് കാര്യമായി കുറയുന്നതായി ബോറിസ് ജോൺസൺ പറഞ്ഞു.

എന്നാൽ ഇപ്പോൾ ജനം ഉറ്റു നോക്കുന്നത് ലോക്ക്ഡൗൺ നീക്കം ചെയ്യുന്നത് സംബന്ധിച്ച വ്യക്തവും സുതാര്യവുമായ പരിപാടികളാണെന്ന് പറഞ്ഞ അദ്ദേഹം അത്തരം പദ്ധതി അടുത്ത തിങ്കളാഴ്‌ച്ച പ്രഖ്യാപിക്കും എന്നു പറഞ്ഞു. ഏതായാലും മുൻപ് പ്രഖ്യാപിച്ചിരുന്നതുപോലെ സ്‌കൂളുകൾ മാർച്ച് 8 ന് തന്നെ തുറക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. മാത്രമല്ല, ആളുകൾക്ക് പാർക്കുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും കൂടിച്ചേരാനുള്ള അനുവാദവും നൽകിയേക്കും. അതുകഴിഞ്ഞുള്ള ഓരോ ഘട്ടവും എന്നായിരിക്കും എന്നതിന്റെ കൃത്യമായ തീയതി ഇപ്പോൾ തീരുമാനിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

ഏതായാലും സ്‌കൂളുകൾക്ക് ശേഷം തുറക്കുന്നത്, ഏതാണ്ട് ജനുവരി മുതൽ തന്നെ അടഞ്ഞുകിടക്കുന്ന ഹൈസ്ട്രീറ്റിലെ കടകളായിരിക്കും. മാർച്ച് അവസാനത്തോടെയോ ഏപ്രിൽ ആദ്യ വാരമോ ഇത് സംഭവിക്കും എന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. പൊതുസ്ഥലത്ത് ഒത്തു ചേരുവാനുള്ള അനുമതി നൽകുമ്പോഴും അത് ആറുപേരിൽ കൂടരുതെന്ന റൂൾ ഓഫ് സിക്സും പ്രാബല്യത്തിൽ വരും. അതുപോലെ യാത്രാ നിയന്ത്രണങ്ങളും ഉടൻ നീക്കില്ല. അതുകൊണ്ടു തന്നെ അടുത്തു താമസിക്കുന്ന ബന്ധുക്കളേയും സുഹൃത്തുക്കളെയുമൊക്കെയെ കാണാൻ സാധിക്കൂ.

പബ്ബുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയവ അടങ്ങിയ ഹോസ്പിറ്റാലിറ്റി മേഖലയാണ് അടുത്തതായി തുറക്കുക. ഇതും എന്നായിരിക്കും എന്നതിന്റെ കൃത്യമായ സൂചനകളില്ല. എന്നാലും മെയ്‌ മാസം അവസാനത്തോടെ ഇവയും പൂർണ്ണമായ രീതിയിൽ തുറന്നു പ്രവർത്തിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന ചില സൂചനകൾ. മൂന്ന് വ്യത്യസ്ത പദ്ധതികളാണ് ലോക്ക്ഡൗൺ നീക്കം ചെയ്യുന്നത് സംബന്ധിച്ച് തയ്യാറായിട്ടുള്ളത് എന്നറിയുന്നു. ഒന്ന് ശുഭാപ്തിവിശ്വാസത്തോടെ അതിവേഗം ലോക്ക്ഡൈൺ നീക്കം ചെയ്യുവാനുള്ള പദ്ധതി, മറ്റൊന്ന് സാധാരണഗതിയിൽ ഘട്ടം ഘട്ടമായി നീക്കാനുള്ള പദ്ധതിയും. ഇനിയൊന്നുള്ളത് അശുഭാപ്തിവിശ്വാസത്തിന് പ്രാധാന്യം നൽകി വളരെ സാവധാനം നടപ്പിലാക്കുന്നതാണ്.

രോഗവ്യാപനത്തിന്റെ ഈയാഴ്‌ച്ചയിലെ കണക്കുകൾ കൂടി ലഭിച്ച ശേഷമായിരിക്കും ഇതിൽ ഏത് പദ്ധതി വേണമെന്നുള്ളത് സർക്കാർ തിരഞ്ഞെടുക്കുക എന്നാണ് അറിയാൻ കഴിയുന്നത്.ഏതായാലും വാക്സിന്റെ ആദ്യ ഡോസ്, അത് നൽകി മൂന്നാഴ്‌ച്ചകൾക്ക് ശേഷം പ്രവർത്തനം ആരംഭിച്ചു എന്നാണ് ആരോഗ്യരംഗത്തെ പ്രമുഖർ പറയുന്നത്. ഏകദേശം 67 ശതമാനം കാര്യക്ഷമതയുണ്ടെന്നാണ് ഇവർ പറയുന്നത്. അതേസമയം കോവിഡ് 19 സർവ്വിലൻസ് ആപ്പിന്റെ ചുമതലയുള്ള കിങ്സ് കോളേജിലെ പ്രൊഫസർ ടിം സ്പെക്ടർ പറയുന്നത് 50,000 പേരിൽ നടത്തിയ പഠനത്തിന്റെ ഫലം വ്യാപകമായ ഒന്നായി കണക്കാക്കാമെങ്കിൽ നമ്മൾ വൈറസിന്റെ മർമ്മത്ത് തന്നെ അടിച്ചിരിക്കുന്നു എന്നാണ്.