തിരുവനന്തപുരം: ഉടൻ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോവിഡ് സാഹചര്യം പരിഗണിച്ചു മൂന്ന് വിഭാഗം ആളുകൾക്ക് തപാൽ വോട്ട് ചെയ്യാമെന്ന് ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കി. ഇതടക്കം ഒട്ടേറെ ക്രമീകരണങ്ങളാണ് കോവിഡിനോടനുബന്ധിച്ച് ഈ തിരഞ്ഞെടുപ്പിൽ നടപ്പിലാക്കുന്നത്. 80 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർ, തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ അടയാളപ്പെടുത്തിയിട്ടുള്ള ഭിന്നശേഷിക്കാർ, കോവിഡ് പോസിറ്റീവായവരോ അപ്രകാരം സംശയിക്കുന്ന വ്യക്തികൾക്കോ തപാൽ വോട്ട് തിരഞ്ഞെടുക്കാം.

ഈ വിഭാഗദത്തിൽ പെട്ടവർക്ക് തപാൽ വോട്ട് ചെയ്യുന്നതിനുള്ള ഫോം 12 ഡി ബൂത്ത് അടിസ്ഥാനത്തിൽ ബൂത്ത് ലെവൽ ഓഫിസർ (ബിഎൽഒ) കൈമാറും. ബന്ധപ്പെട്ട വോട്ടറുടെ വീടു സന്ദർശിച്ചാണ് ഫോം 12 ഡി നൽകുക. വോട്ടർ തപാൽ ബാലറ്റാണു തിരഞ്ഞെടുക്കുന്നതെങ്കിൽ പൂരിപ്പിച്ച ഫോം 12 ഡി, ബന്ധപ്പെട്ട വോട്ടറുടെ വീട്ടിൽ നിന്ന് അറിയിപ്പു ലഭിച്ച് അഞ്ച് ദിവസത്തിനകം ബിഎൽഒ കൈപ്പറ്റി റിട്ടേണിങ് ഉദ്യോഗസ്ഥർക്കു സമർപ്പിക്കണം.

വീട്ടിലോ സ്ഥാപനത്തിലോ ക്വാറന്റീനിൽ ഉള്ള സമ്മതിദായകൻ ഫോം 12 ഡി റിട്ടേണിങ് ഓഫിസർക്ക് ക്വാറന്റീൻ സർട്ടിഫിക്കറ്റ് സഹിതമാണു സമർപ്പിക്കേണ്ടത്. തപാൽ വോട്ടിന്റെ അപേക്ഷ സ്വീകരിച്ചാൽ വോട്ടർക്ക് അതു മാത്രമേ ചെയ്യാൻ കഴിയുകയുള്ളൂ. തിരഞ്ഞെടുപ്പു ദിനം ബൂത്തിൽ പോയി വോട്ടു ചെയ്യാൻ പറ്റില്ല.

തിരഞ്ഞെടുപ്പു ദിനം വോട്ടു ചെയ്യാൻ എത്തുന്ന സമ്മതിദായകന്റെ ശരീരതാപനില രണ്ട് തവണ പരിശോധിക്കും. സാധാരണയിൽ കൂടുതലാണെങ്കിൽ വോട്ടർക്ക് അവസാന മണിക്കൂറിൽ വോട്ടു ചെയ്യാൻ ടോക്കൺ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോവിഡ് മാർഗനിർദേശപ്രകാരം ലഭിക്കും. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു വേണ്ടി സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഇറക്കിയ മാർനിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കൂടാതെ പോളിങ് സ്റ്റേഷൻ കണ്ടെത്താൻ എസ്എംഎസ് സൗകര്യവും പോർട്ടലും.voterportal.eci.gov.in എന്ന പോർട്ടലിൽ തിരഞ്ഞു വോട്ടർക്കു സ്വന്തം പോളിങ് സ്റ്റേഷൻ കണ്ടെത്താം. അല്ലെങ്കിൽ 1950 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യാം. ECIPS space EPIC NO എന്നതാണു ഫോർമാറ്റ്. പ്ലേ സ്റ്റോറിൽ നിന്നു വോട്ടർ ഹെൽപ് ലൈൻ ആപ് ഇൻസ്റ്റാൾ ചെയ്തും പോളിങ് ബൂത്ത് കണ്ടെത്താം. ഈ ആപ്പിലൂടെ വോട്ടർ സ്ലിപ്പും കരസ്ഥമാക്കാം. തിരിച്ചറിയൽ കാർഡിനൊപ്പം ബൂത്തിൽ കൊണ്ടുപോകാൻ ഈ സ്ലിപ്പ് മതിയാകും.