കുവൈത്ത് സിറ്റി: നിരവധി പേർക്ക് കോവിഡ് നെഗറ്റീവെന്ന വ്യാജ സർട്ടിഫിക്കറ്റ് നൽകിയ മലയാളി ലാബ് ടെക്‌നീഷ്യൻ കുവൈറ്റിൽ അറസ്റ്റിൽ. ഫർവാനിയയിലെ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് സ്വദേശിയാണ് വ്യാജ പിസിആർ സർട്ടിഫിക്കറ്റ് നൽകിയതിന് പൊലീസിന്റെ പിടിയിലായത്. സ്വന്തം സ്രവം ശേഖരിച്ച് പരിശോധനാവിധേയമാക്കിയ ശേഷമാണ് ഇയാൾ വ്യാജ സർട്ടിഫിക്കറ്റ് നൽകരിയത്.

വിവിധ രാജ്യക്കാരായ 60 പേർക്ക് ഇയാൾ വ്യാജ സർട്ടിഫിക്കറ്റ് നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ മിക്കവരും ഇപ്പോൾ രാജ്യത്തിന് പുറത്താണ്. തിരിച്ചെത്തുന്നവരെ പിടികൂടി നാടുകടത്തും. പരിശോധനക്കെത്താത്തവരും സ്രവം നൽകാത്തവരുമായ നിരവധി പേർക്ക് ഇയാൾ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഒരാളിൽനിന്ന് 30 ദിനാർ ആണ് ഈടാക്കിയിരുന്നത്.

വ്യാജ പിസിആർ സർട്ടിഫിക്കറ്റിന് ആവശ്യമുള്ളവർ സിവിൽ ഐഡി നമ്പർ മാത്രം നൽകിയാൽ മതിയായിരുന്നു. ശേഷം സ്വന്തം സ്രവം ശേഖരിച്ച് പരിശോധനാവിധേയമാക്കി ആവശ്യക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു ഇയാളുടെ രീതി. വ്യാജ പിസിആർ സർട്ടിഫിക്കറ്റ് സംബന്ധിച്ച സംശയത്തെ തുടർന്നുള്ള രഹസ്യാന്വേഷണത്തെ തുടർന്നാണ് ടെക്‌നീഷ്യനെ അറസ്റ്റ് ചെയ്തത്.