- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തല്ലൂരിൽ കുത്തിക്കൊന്നത് മൂന്ന് പേരെ; മയക്കു വെടിയേറ്റിട്ടും കാട്ടിലേക്ക് രക്ഷപ്പെട്ടത് രണ്ട് തവണ; കാട്ടുകൊമ്പൻ ശങ്കറിനെ പ്രത്യേകം തയാറാക്കിയ കൊട്ടിലിൽ അടച്ചു
ഊട്ടി: പന്തല്ലൂരിൽ അച്ഛനെയും മകനെയും അടക്കം മൂന്ന് പേരെ കുത്തികൊന്ന ശങ്കർ എന്ന് വിളിക്കപ്പെടുന്ന കാട്ടുകൊമ്പനെ മുതുമലയിലെ പ്രത്യേകം തയാറാക്കിയ കൊട്ടിലിൽ അടച്ചു. രണ്ട് തവണ മയക്കു വെടിയേറ്റിട്ടും കാട്ടിലേക്ക് രക്ഷപ്പെട്ട ശങ്കർ ഇത്തവണ പിടിയിലാകുക ആയിരുന്നു. മുതുമല അഭയാരണ്യത്തിലെ കൊട്ടിലിൽ ബന്ധനസ്ഥനായ കൊമ്പൻ മയക്കം തെളിഞ്ഞതും പല തവണ കൊട്ടിൽ തകർക്കാൻ ശ്രമം നടത്തിയെങ്കിലും ഫലിച്ചില്ല.
ഡിസംബറിലാണ് ഒറ്റക്കൊമ്പൻ മൂന്ന് പേരെ കൊന്നത്. തുടർന്ന് അവനെ പിടിക്കാനുള്ള ശ്രമത്തിൽ മയക്കുവെടിയേറ്റിട്ടും കൊമ്പൻ നിലമ്പൂർ കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഡിസംബർ 12ന് രക്ഷപ്പെട്ട കൊമ്പൻ വീണ്ടും പന്തല്ലൂർ ചേരമ്പാടിയിലെത്തിയത് ഈ മാസം 3ന് ആയിരുന്നു. വനം വകുപ്പുകാർ ഒരാഴ്ചയോളം നടത്തിയ ശ്രമത്തിനൊടുവിലാണ് പിടികൂടിയത്.
ബുധനാഴ്ച പുഞ്ചക്കൊല്ലിയിൽ വച്ച് വീണ്ടും മയക്കുവെടിവച്ചെങ്കിലും അവിടെ നിന്നും മറയുകയായിരുന്നു. കൂടെയുണ്ടായിരുന്ന പിടിയാനകളാണ് കൊമ്പനെ 3 കിലോമീറ്റർ ദൂരെയുള്ള കാപ്പിത്തോട്ടം കാട്ടിലെത്തിച്ചത്. വ്യാഴാഴ്ച വനം വകുപ്പുകാരുടെ നിരീക്ഷണത്തിലായിരുന്ന കൊമ്പനെ വെള്ളിയാഴ്ച ഉച്ചയോടെ പത്താം ലൈനിൽ വച്ചു രണ്ടു പ്രാവശ്യം മയക്കുവെടിവച്ചു.
മയക്കത്തിലായ കൊമ്പന്റെ കാലുകളിൽ കയർ കൊണ്ട് ബന്ധിച്ചു. തുടർന്ന് കുങ്കിയാനകളുടെ സഹായത്തോടെ ചേരമ്പാടിയിലെത്തിച്ച് അവിടെ നിന്ന് മുതുമലയിലെ അഭയാരണ്യത്തിലെത്തിച്ചു. അവിടെയുള്ള പുതിയ കൊട്ടിലിൽ 6 മാസത്തെ തടവും പരിശീലനവും കഴിഞ്ഞ് മുതുമലയിലെ വളർത്താനയാക്കാനാണ് പദ്ധതി. ഇതോടെ ഇവിടുത്തെ വളർത്താനകൾ 29 ആകും.