ഗോരഖ്പുർ: ഉത്തർപ്രദേശിൽ അന്യമതസ്ഥനെ പ്രണയിച്ച യുവതിയെ തീ കൊളുത്തി കൊല്ലാൻ ക്വട്ടേഷൻ നൽകിയത് സ്വന്തം പിതാവും ബന്ധുക്കളും. അന്യമതസ്ഥനെ പ്രണയിച്ചതിന്റെ പേരിൽ ബേൽഘട്ട് സ്വദേശിയായ രഞ്ജനയ്ക്കാണ് ജന്മം നൽകിയവർ തന്നെ കൊലപ്പെടുത്താൻ വാടക കൊലയാളിയെ ഏർപ്പെടുത്തിയത്. ഈ മാസം 4ന് ആയിരുന്നു സംഭവം.

പകുതി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് രഞ്ജനയാണെന്നും സംഭവത്തിന് പിന്നിൽ വീട്ടുകാരാണെന്നും പൊലീസ് കണ്ടെത്തിയത്. പിതാവ് കൈലാഷ് യാദവ്, സഹോദരൻ അജിത് യാദവ്, സഹോദരീ ഭർത്താവ് സത്യപ്രകാശ് യാദവ്, സഹായി സീതാറാം യാദവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വാടകക്കൊലയാളിയെ പിടികിട്ടിയിട്ടില്ല.

അന്യമതസ്ഥനുമായുള്ള സ്‌നേഹബന്ധം അവസാനിപ്പിക്കാൻ തയാറാകാതിരുന്നതിനാലാണ് മകളെ കൊല്ലാൻ 1.5 ലക്ഷം രൂപ നൽകി വരുൺ തിവാരി എന്ന വാടകക്കൊലയാളിയെ ചുമതലപ്പെടുത്തിയതെന്നു കൈലാഷ് യാദവ് പറഞ്ഞു. മോട്ടർ സൈക്കിളിൽ രഞ്ജനയെ വിജനമായ സ്ഥലത്തു കൊണ്ടുപോയി കൈകൾ കെട്ടിയിട്ട് പെട്രോൾ ഒഴിച്ചു തീവയ്ക്കുകയായിരുന്നു.