ല വിവാദ ടെലിവിഷൻ അഭിമുഖങ്ങളും അവതരിപ്പിച്ച് പ്രശസ്തയായ ടി വി അവതാരക ഓപ്ര വിൻഫ്രീക്ക് എല്ലാം തുറന്നു പറഞ്ഞുകൊണ്ടുള്ള ഒരു ടി വി അഭിമുഖം ഹാരിയും മേഗനും നൽകി എന്നറിഞ്ഞതോടെ ബക്കിങ്ഹാം കൊട്ടാരം അവരുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. രാജകുടുംബാംഗങ്ങൾ എന്ന നിലയിൽ ഇപ്പഴും അവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്ഥാനമാനങ്ങളും ബാക്കിയുള്ള ഏതാനും രാജപദവികളും കൂടി അവർക്ക് നഷ്ടമാകും. ഏതൊരു സംഘടനയോ സ്ഥാപനമോ രാജകൊട്ടാരത്തിലെ അംഗം എന്ന നിലയിൽ അവർക്ക് നല്കിയിട്ടുള്ള പദവികളും സ്ഥാനമാനങ്ങളും തിരിച്ചെടുക്കണമെന്നും രാജ്ഞി ആവശ്യപ്പെട്ടതായാണ് വിവരം.

ഇതോടെ ഇപ്പോഴും ഹാരി രാജകുമാരനുള്ള മൂൻ ഓണററി സൈനിക പദവികളും ഇല്ലാതെയാകും. മാത്രമല്ല, റഗ്‌ബി ഫുട്ബോൾ യൂണിയൻ, റഗ്‌ബി ഫുട്ബോൾ ലീഗ്, ലണ്ടൻ മാരത്തൺ എന്നിവയുടെദ് രക്ഷാകർതൃസ്ഥാനവും ഹാരിക്ക് നഷ്ടമാകും. അതുപോലെ നാഷണൽ തീയറ്ററിന്റെ രക്ഷകർതൃസ്ഥാനം മേഗനും നഷ്ടമായേക്കും. കഴിഞ്ഞ 45 വർഷമായി രാജ്ഞിയായിരുന്നു ഇതിന്റെ രക്ഷാധികാരി. 2019-ൽ ഈ സ്ഥാനം മേഗന് കൈമാറിയപ്പോൾ അത് മേഗനോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും അടയാളമായാണ് കരുതിയിരുന്നത്.

അമേരിക്കൻ ടെലിവിഷൻ രംഗത്ത് ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ചിട്ടുള്ള വിൻഫ്രീക്ക് അഭിമുഖം നൽകാൻ മേഗൻ സമ്മതിച്ചു എന്ന വിവരം ഇന്നലെ രാത്രിയാണ് സ്ഥിരീകരിച്ചത്. എന്നാൽ, ഇത് ഇപ്പോൾ തന്നെ റെക്കോർഡും ചെയ്യപ്പെട്ടുകഴിഞ്ഞു എന്നാണ് വിശ്വസിക്കപ്പെടുന്നത്. മേഗനും വിൻഫ്രിയും അടുത്ത സുഹൃത്തുക്കളും കാലിഫോർണീയയിൽ അയൽക്കാരുമാണ്. മാത്രമല്ല 2018-ൽ നടന്ന ഹാരിയുടെയും മേഗന്റെയും വിവാഹത്തിലും ഇവർ പങ്കെടുത്തിരുന്നു.

90 മിനിറ്റോളംനീണ്ടുനിൽക്കുന്ന ഈ അഭിമുഖത്തിൽ ഹാരിയും പ്രത്യക്ഷപ്പെടുന്നുണ്ട്.ബ്രിട്ടൻ വിട്ടുപോരാനുള്ള കാരണങ്ങൾ വ്യക്തമായി പറയുന്നു എന്ന് വിശ്വസിക്കുന്ന ഈ അഭിമുഖം അടുത്തമാസം സി ബി എസിൽ പ്രക്ഷേപണം ചെയ്യുന്നതായിരിക്കിം. വാർത്തകൾ ശരിയാണെങ്കിൽ, ഇതാദ്യമായിട്ടായിരിക്കും ഹാരിയും മേഗനും അവർ ബ്രിട്ടൻ വിട്ടിറങ്ങാനുള്ള യഥാർത്ഥ കാരണം പുറത്തു പറയാൻ പോകുന്നത്.

മേഗൻ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്ന വാർത്തയറിഞ്ഞ് അഭിനന്ദനങ്ങളുമായി എത്തിയ കുടുംബാംഗങ്ങളെ വീണ്ടും അകറ്റാനാണ് ഈ വാർത്ത സഹായിച്ചത്. തീർച്ചയായും ഈ അഭിമുഖം ഹാരിയും സഹോദരൻ വില്യമും ആയുള്ള അകലം വർദ്ധിപ്പിക്കും എന്നതിന് സംശയമൊന്നുമില്ല. കെയ്റ്റുമായും അകൽച്ച വർദ്ധിപ്പിക്കും. രണ്ടു ഭാഗങ്ങളിലായി സംപ്രേഷണം ചെയ്യപ്പെടുന്ന ഈ അഭിമുഖത്തിൽ ആദ്യം മേഗനായിരിക്കും പ്രത്യക്ഷപ്പെടുക. രാജകുടുംബത്തിൽ എത്തിച്ചേർന്നത്, മാതൃത്വം, സാമൂഹ്യ പ്രവർത്തനങ്ങൾ എന്നിവയൊക്കെ മേഗൻ വിശദമായി പറയും എന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനുശേഷമായിരിക്കും ഹാരി ഈ അഭിമുഖത്തിൽ ചേരുക. പിന്നീടായിരിക്കും തങ്ങൾ കഴിഞ്ഞ വർഷം ബ്രിട്ടൻ വിട്ടിറങ്ങാൻ ഉണ്ടായ സാഹചര്യങ്ങൾ അവർ പറയുക. ഭാവി പരിപാടികളെ കുറിച്ചും ഇവർ സംസാരിക്കും എന്നറിയുന്നു. രാജ്ഞിയുടെ ജന്മദിനാഘോഷങ്ങൾക്ക് ആഴ്‌ച്ചകൾക്ക് മുന്നേ സംപ്രേഷണം ചെയ്യപ്പെടും എന്ന് വിശ്വസിക്കുന്ന ഈ അഭിമുഖത്തെ കുറിച്ച് പരസ്യമായി ഒന്നും പ്രതികരിക്കാൻ ബക്കിങ്ഹാം കൊട്ടാരം തയ്യാറായിട്ടില്ല. ഹാരിയും മേഗനും ഔദ്യോഗികമായി രാജകുടുംബത്തിലെ കടമകൾ നിർവ്വഹിക്കുന്നവരല്ല. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളിൽ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട് എന്നായിരുന്നു ഒരു കൊട്ടാരം വക്താവ് പ്രതികരിച്ചത്.

പരസ്യമായി ഒന്നും പ്രതികരിച്ചിട്ടില്ലെങ്കിലും ഹാരിയും മേഗനും പരസ്യമായി വിഴുപ്പലക്കാൻ ഇറങ്ങിത്തിരിക്കുന്നതിൽ കൊട്ടാര അംഗങ്ങൾക്ക് എല്ലാം തന്നെ അതിയായ വിഷമമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് അവശേഷിക്കുന്ന പദവികളും സ്ഥാനമാനങ്ങളും എല്ലാം തിരിച്ചെടുക്കാൻ കൊട്ടാരം തീരുമാനിച്ചത്. കൊട്ടാരം വിട്ടിറങ്ങിയ ശേഷം സാമ്പത്തിക പ്രാധാന്യമുള്ള കരാറുകളിലൂടെ സാമ്പത്തിക സ്ഥിരത നേടിയെങ്കിലും , കൊട്ടാര കുടുംബാംഗങ്ങൾ എന്ന നിലയിലുള്ള അന്തസ്സ് അവർ കളഞ്ഞു കുളിക്കുന്നു എന്ന അഭിപ്രായവും ഉയരുന്നുണ്ട്.

സൈനിക ബഹുമതികൾ നിലനിർത്താൻ ഹാരി ഏറെ പ്രയത്നിക്കും എന്നാണ് ഹാരിയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ഏതായാലും എന്നായിരിക്കും ഇത് സംബന്ധിച്ച് ഉത്തരവിറങ്ങുക എന്നകാര്യം ഇതുവരെ തീരുമാനമായിട്ടില്ല. ഏതായാലും മാർച്ച് 31 അപ്പുറത്തേക്ക് ഇത് നീണ്ടുപോകില്ല എന്നാണ് കരുതുന്നത്. 1996-ൽ രാജകൊട്ടാരം അറിയാതെ ഇത്തരത്തിലൊരു അഭിമുഖം ഡയാനാ രാജകുമാരിയും നടത്തിയിരുന്നു. പല കാര്യങ്ങളും തുറന്നു പറഞ്ഞ് അന്ന് രാജകുടുംബത്തിന്റെ യശസ്സിന് കളങ്കം ചാർത്തുകയും ചെയ്തിരുന്നു.