കൊച്ചി: കോഴിക്കോട് വിമാനത്താവളത്തിൽ കള്ളക്കടത്തിനു കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ തെളിവു നിരത്തിയിട്ടും ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ സിബിഐക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയില്ല. ഇതുമൂലം വിമാനത്താവളത്തിൽ പരിശോധന നടത്തി ഒരു മാസം കഴിഞ്ഞിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സാധിച്ചിട്ടില്ല. സ്വമേധയാ കേസെടുക്കാൻ സിബിഐക്കു നേരത്തേയുണ്ടായിരുന്ന അനുമതി കഴിഞ്ഞ നവംബറിൽ സർക്കാർ റദ്ദാക്കിയിരുന്നു. ഇതോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐക്ക് കേസ് എടുക്കാൻ സാധിക്കാതെ പോയത്.

വിമാനത്താവളത്തിൽ ജനുവരി 12നു ഡിആർഐയുടെ സഹായത്തോടെ സിബിഐ നടത്തിയ പരിശോധനയിൽ കർണാടക ഭട്കൽ സ്വദേശികളായ 22 പേരിൽ നിന്ന് ഒരു കോടിയോളം രൂപയുടെ സ്വർണവും വിദേശ സിഗരറ്റും പിടിച്ചെടുത്തു. കസ്റ്റംസ് ഏരിയയിൽ നിന്നും ഉദ്യോഗസ്ഥരുടെ വീടുകളിൽ നിന്നും ലക്ഷക്കണക്കിനു രൂപയും കണ്ടെടുത്തു. കള്ളക്കടത്തുകാർക്കു സഹായം നൽകിയതിന് സൂപ്രണ്ടുമാർ ഉൾപ്പെടെ 9 കസ്റ്റംസ് ഉദ്യോഗസ്ഥരെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ സസ്‌പെൻഡ് ചെയ്തിരുന്നു.

രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കേന്ദ്രസർക്കാർ സിബിഐയെ ദുരുപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് സ്വമേധയാ കേസെടുക്കാൻ സിബിഐക്കു നേരത്തേയുണ്ടായിരുന്ന അനുമതി സർക്കാർ റദ്ദാക്കിയത്.വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ കോഴ ആരോപിച്ച് കേസെടുത്തതാണു സംസ്ഥാന സർക്കാരിനെ ഇതിനു പ്രകോപിപ്പിച്ചത്. ഇതോടെ, ആരോപണവിധേയരായ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി വേണമെന്ന നില വന്നു.