നെയ്യാറ്റിൻകര: കുടിശ്ശിക അടക്കാൻ പണമില്ലാത്തതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ചതിൽ മനംനൊന്ത് തീ കൊളുത്തിയ ഗൃഹനാഥൻ മരിച്ചു. പെരുങ്കടവിള തോട്ടവാരം അനുജിത്ത് ഭവനിൽ സനൽകുമാറാണ് (39) തി കൊളുത്തി ആത്മഹത്യ ചെയ്തത്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ പിന്മാറാൻ ആവശ്യപ്പെട്ടിട്ടും മത്സരിച്ചതിന്റെ വിരോധം തീർക്കാൻ സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ടാണ് വീട്ടിലെ വൈദ്യുതി വിഛേദിച്ചതെന്ന് ഗൃഹനാഥൻ മരിക്കുന്നതിന് മുൻപ് മൊഴി നൽകി.

ചൊവ്വാഴ്ച രാത്രിയാണ് വൈദ്യുതി വിച്ഛേദിച്ചതിൽ മനം നൊന്ത് സനൽകുമാർ സ്വയം തീ കൊളുത്തിയത്. ഇന്നലെ രാവിലെ മരിച്ചു. 4 മാസത്തെ വൈദ്യുതി ബില്ലായ 1496 രൂപയുടെ കുടിശികയുടെ പേരിലാണ് കൂലിപ്പണിക്കാരനായ സനൽ ആത്മഹത്യ ചെയ്തത്. എസ്.എൽ. സതിയാണ് സനൽകുമാറിന്റെ ഭാര്യ. പ്ലസ്വൺ വിദ്യാർത്ഥി അഭിജിത്ത് ഏഴാം ക്ലാസുകാരൻ അനുജിത്ത് എന്നിവർ മക്കളാണ്.

പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിട്ടാണ് കെഎസ്ഇബി അധികൃതർ വൈദ്യുതി വിഛേദിച്ചതെന്നു മരിക്കുന്നതിനു തൊട്ടുമുൻപ് മാധ്യമങ്ങൾക്കു നൽകിയ മൊഴിയിൽ സനൽകുമാർ പറയുന്നുണ്ട്. പാർട്ടി സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് പെരുങ്കടവിള വാർഡിൽ കോൺഗ്രസ് വിമതനായി മത്സരിച്ചിരുന്നു. സിപിഎം സ്ഥാനാർത്ഥിയായിരുന്ന ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ സമുദായ വോട്ടുകൾ ഭിന്നിക്കുമെന്നു പറഞ്ഞ് പിന്മാറാൻ ആവശ്യപ്പെട്ടിരുന്നെന്നു സനൽകുമാർ പറഞ്ഞിരുന്നു.

എന്നാൽ ആരുടെയും ഇടപെടലില്ലെന്നും കുടിശിക വരുമ്പോഴുള്ള സ്വാഭാവിക നടപടി മാത്രമാണെന്നുമാണ് വൈദ്യുതി ബോർഡിന്റെ വിശദീകരണം. പഞ്ചായത്ത് പ്രസിഡന്റും ആരോപണങ്ങൾ നിഷേധിച്ചു.