ദേഹാസ്വസ്ഥ്യങ്ങളെ തുടർന്ന് എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അരോഗ്യം തൃപ്തികരമാണെങ്കിലും നിരീക്ഷണത്തിനായി അദ്ദെഹം രണ്ടുമൂന്ന് ദിവസം കൂടി ആശുപത്രിയിൽ തുടരുമെന്നും ബക്കിങ്ഹാം പാലസ് അറിയിച്ചു. മേരിലെബോണീലെ പ്രശസ്തമായ കിങ് എഡ്വേർഡ് ഏഴാമൻ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഒരു മുൻകരുതൽ എന്ന നിലയ്ക്ക് മാത്രമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഇപ്പോൾ അദ്ദേഹം തീർത്തും സാധാരണ നിലയിലാണെന്നും ആശുപത്രി വൃത്തങ്ങളും അറിയിച്ചു.

കഴിഞ്ഞ നാല് വർഷത്തിൽ ഇത് നാലാമത്തെ തവണയാണ് ഫിലിപ്പ് രാജകുമാരനെ ഈ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മേരിലെബോണീലെ ഒരു തിരക്കൊഴിഞ്ഞ തെരുവിൽ സ്ഥിതിചെയ്യുന്ന ഈ ആശുപത്രിയിൽ ഉള്ളത് 56 കിടക്കകൾ മാത്രം. രണ്ടാം ബോയർ യുദ്ധത്തിൽ നിന്നും പരുക്കുപറ്റി എത്തുന്ന സൈനികരെ ശുശ്രൂഷിക്കുവാനായി 1899 ൽ സ്ഥാപിച്ച ആശുപത്രിയാണിത്. 2017-ൽ ഒരു അണുബാധയെതുടർന്ന് ചികിത്സിക്കാനും, 2018-ൽ നടുവെല്ലിലെ ഒരു ശസ്ത്രക്രിയയ്ക്കായും പിന്നീട് 2019 ലും ഫിലിപ്പ് രാജകുമാരനെ ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്.

1901-ൽ എഡ്വേർഡ് ഏഴാമൻ രാജാവായിരുന്നു ആദ്യമായി രാജകുടുംബത്തിൽ നിന്നും ഈ ആശുപത്രിയുടെ രക്ഷാധികാരിയായി എത്തിയത്. അന്നുമുതൽ ആ പാരമ്പര്യം രാജകുടുംബം തുടരുകയാണ്. നിലവിൽ എലിസബത്ത് രാജ്ഞിയാണ് ഇതിന്റെ രക്ഷാധികാരി. എലിസബത്ത് രാജ്ഞി, മർഗരറ്റ് രാജകുമാരി, ഫിലിപ്പ് രാജകുമാരൻ, ചാൾസ് രാജകുമാരൻ, കെയ്റ്റ് രാജകുമാരി തുടങ്ങിയവരൊക്കെ ഇവിടെ ചികിത്സതേടി എത്തിയവരിൽ ഉൾപ്പെടുന്നു.

ഈ ആഡംബര ആശുപത്രിയിലേ ഏറ്റവും പ്രസിദ്ധമായ കാര്യം ഇവിടെ ലഭിക്കുന്ന ഭക്ഷണമാണ്. ലോകത്തിലെ ഏറ്റവും മികച്ച രീതിയിലുള്ള പാചകമാണ് ഇവിടെ നടക്കുന്നത്. ഹോഴ്സ് റാഡിഷ് ഇനത്തിൽ പെട്ട മുള്ളങ്കി കൊണ്ടുള്ള സോസിനും വിവിധ പച്ചക്കറികൾ അടങ്ങിയ സലാഡിനും ഒപ്പം നൽകുന്ന റോസ്റ്റ് സിർലോയിൻ ബീഫ് ആണ് ഇവിടത്തെ അത്താഴ വിഭവങ്ങളിൽഏറ്റവും പ്രശസ്തമായത്. ഇതുകൂടാതെ വിവിധ വിഭവങ്ങളുണ്ട് തിരഞ്ഞെടുക്കാൻ. പച്ചക്കറി വിഭവങ്ങളും സമുദ്രോല്പന്നങ്ങളും കൊണ്ട് സമൃദ്ധമാണ് ഇവിടത്തെ മെനു.

ഇവിടെ പ്രവേശിക്കപ്പെടുന്ന ഓരോ രോഗിക്കും തീർത്തും വ്യക്തിഗതമായ പരിചരണം ലഭിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. പല വിഭാഗങ്ങളിലും ലോക പ്രശസ്തരായ സ്പെഷലിസ്റ്റുകളും ഉണ്ട്. അതിലെല്ലാം ഉപരി സ്വകാര്യത കാത്തുസൂക്ഷിക്കുക എന്നത് ഈ ആശുപത്രിയുടെ മറ്റൊരു പ്രത്യേകതയാണ്.

1899-ൽ രണ്ടാം ബേയർ യുദ്ധത്തിൽ പരിക്കേറ്റ് തിരിച്ചെത്തുന്നവരെ ശുശ്രൂഷിക്കാനായി സിസ്റ്റർ ആഗ്‌നെസും ഫാന്നി കേസറും ചേർന്ന് സ്ഥാപിച്ച ഈ ആശുപത്രി ഇന്ന് ഇംഗ്ലണ്ടിലെ സമ്പന്നർക്കും സ്വാധീനമുള്ളവർക്കും ഇടയിൽ ചികിത്സയ്ക്കുള്ള അവസാന വാക്കായി മാറിയിരിക്കുന്നു.