ബെയ്ജിങ്: ഗാൽവനിൽ ഇന്ത്യൻ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടതായി ഒടുവിൽ സമ്മതിച്ച് ചൈന. കൊല്ലപ്പെട്ട സൈനിക ഓഫീസർമാർക്ക് മരണാനന്തര ബഹുമതികൾ നൽകിയതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാലുപേരിലൊരാളായ ചെന്നിന് മരണാനന്തര ബഹുമതിയായ ''ഗാർഡിയൻ ഓഫ് ഫ്രോണ്ടിയർ ഹീറോ'' എന്ന പദവി നൽകി ചൈന ആദരിച്ചു. മറ്റ് മൂന്ന് പേർക്കും ഫസ്റ്റ് ക്ലാസ് മെറിറ്റ് ഫലകവും നൽകി.

സൈനികരും കൊല്ലപ്പെട്ടുവെന്ന് സമ്മതിക്കുന്നുണ്ട്. എന്നാൽ ഇവരുടെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. 2020 ജൂണിലാണ് ലഡാക്കിലെ ഗാൽവാൻ താഴ് വരയിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും ഏറ്റുമുട്ടിയത്. ചെൻ ഹോങ്ജുൻ, ചെൻ ഷിയാങ്‌റോങ്, ഷിയാവോ സിയുവാൻ, വാങ് ഴുവോറൻ എന്നിവർ വിദേശ സൈനികരുമായുള്ള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടുവെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1975-നുശേഷം ആദ്യമായാണ് ഇരുസേനയും തമ്മിലുള്ള സംഘർഷത്തിൽ രക്തം ചിന്തുന്നത്. അമേരിക്കൻ-റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾ 40 ഓളം ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം നൽകിയത്.

ഏറ്റുമുട്ടലിൽ ഇന്ത്യയുടെ 20 സൈനികർ വീരമൃത്യുവരിച്ചതായി ഇന്ത്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മുഴുവൻ സൈനികരുടെയും പേരു വിവരങ്ങളും പുറത്തുവിട്ടിരുന്നു. വെടിനിർത്തൽ കരാറുള്ളതിനാൽ കുന്തവും വടിയും കല്ലും ഉപയോഗിച്ചാണ് ഗാൽവാൻ അതിർത്തിയിൽ വെച്ച് ചൈനീസ് സേന ഇന്ത്യൻ സേനയെ അന്നാക്രമിച്ചത്. തങ്ങളുടെ സൈനികരും കൊല്ലപ്പെട്ടെന്ന് പറഞ്ഞിരുന്നുവെങ്കിലും എത്രപേർ കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കിയിരുന്നില്ല. മറ്റു പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും ഗ്യാൻവാനിലും പാംഗോങ് തടാകത്തിന്റെ ഇരുവശത്തും ഇന്ത്യയും ചൈനയും പിന്മാറുന്നു എന്നുള്ളതാണ് വസ്തുത.

പിൻവാങ്ങലിന്റെ ഭാഗമായി രണ്ടുസൈന്യങ്ങൾക്ക് ഇടയിലുണ്ടാകുന്ന സ്ഥലത്ത് മുൻകാലത്ത് രണ്ടുസൈന്യങ്ങളും റോന്തുചുറ്റിയിരുന്നു. ഇത്തവണത്തെ കരാറനുസരിച്ച് ഈ റോന്തുചുറ്റൽ താത്കാലികമായി നിർത്തിവെക്കാൻ രണ്ടുരാജ്യങ്ങളും സമ്മതിച്ചിരിക്കുകയാണ്. തമ്മിൽ ഉണ്ടായിരുന്ന തർക്കങ്ങളും ഏറ്റുമുട്ടലും അവസാനിപ്പിക്കാനാണ് ഈ നടപടി. ഇപ്പോൾ ആ സ്ഥലം 'ആരുടേതുമല്ലാത്ത' സ്ഥലമാക്കാനാണ് സാധ്യത. അതിർത്തി നിശ്ചയിച്ചതിനുശേഷമേ ഈ സ്ഥലം ആരുടേതാണെന്ന് തീരുമാനിക്കാൻ സാധ്യമാകുകയുള്ളൂ.

ഏപ്രിൽ 2020-ലെ സ്ഥാനങ്ങളിലേക്ക് പിൻവാങ്ങിയതുകാരണം കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യൻസൈന്യം ആദ്യമായി പ്രവേശിച്ച ഇന്ത്യയുടെവശത്തുള്ള കൈലാസ് മലകളിൽനിന്ന് ഇന്ത്യക്ക് പിന്മാറേണ്ടിവന്നു.