- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലിയേക്കര ടോൾ പ്ലാസയിൽ അധികൃതരുടെ പിടിച്ചു പറി തുടർക്കഥയാകുന്നു; കാർ യാത്രക്കാരിയിൽ നിന്നും ബലമായി വാങ്ങിയത് 150 രൂപ; ഫാസ്ടാഗിൽ നിന്നും പിരിച്ചെടുത്തത് 75 രൂപ
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ അധികൃതരുടെ 'പിടിച്ചു പറി' തുടരുന്നു. കണ്ണൂരിൽ നിന്നും വന്ന കാർ യാത്രക്കാരിയിൽ നിന്നും അധികൃതർ ബലമായി 150 രൂപയും ഫാസ്ടാഗ് കാർഡിൽ നിന്ന് 75 രൂപയും പിരിച്ചെടുത്തു. ഫാസ്ടാഗ് എടുത്തവർ ഒരു വശത്തേക്ക് 75 രൂപ മാത്രം നൽകിയാൽ മതിയെന്നിരിക്കെയാണ് യാത്രക്കാരിയിൽ നി്ന്നും 150 രൂപ കൂടി ബലമായി പിരിച്ചെടുത്തത്. ഇതോടെ യുവതിക്ക് 225 രൂപയാണ് പാലിയേക്കരയിൽ ചെലവായത്.
കണ്ണൂരിൽ നിന്ന് കോട്ടയത്തേക്കു യാത്ര ചെയ്ത യുവതിക്കാണു ദുരനുഭവം. വൈകിട്ട് 5.15നു ടോൾ പ്ലാസയിലെത്തി. കാര്യമായ തിരക്കില്ലാത്തതിനാൽ ഒരു വശത്തെ ട്രാക്കിലൂടെയാണ് കയറിയത്. എല്ലാ ട്രാക്കും ഫാസ്ടാഗ് ആയതിനാലാണിത്. എന്നാൽ ഫാസ്ടാഗ് ഉണ്ടെന്നു പറഞ്ഞിട്ടും പിഴയടക്കം 150 രൂപ അടപ്പിച്ചു. ഇതിനു രസീതും നൽകി. ടോൾ പ്ലാസ കടന്നു കാർ നീങ്ങിയപ്പോൾ ഫാസ്ടാഗിൽ നിന്ന് 75 രൂപ പിൻവലിച്ചതായുള്ള സന്ദേശവും മൊബൈലിൽ ലഭിച്ചു.
സമാനമായ സംഭവം പാലിയേക്കരയിൽ നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പണം നഷ്ടമായ യാത്രക്കാരി പരാതി നൽകിയിട്ടുണ്ട്. ഫാസ്ടാഗിൽ പണം പിൻവലിക്കപ്പെടുന്നുണ്ടോ എന്ന് അപ്പോൾത്തന്നെ അറിയാനുള്ള സംവിധാനം പോലും ടോൾ പ്ലാസയിലില്ല. കഴിഞ്ഞ ദിവസം ഫാസ്ടാഗിൽ 2900 രൂപ ബാക്കിയുണ്ടായിരുന്ന തൃശൂർ സ്വദേശിയോട് 150 രൂപ പിഴ സഹിതം അടയ്ക്കാൻ നിർദേശിച്ചിരുന്നു. ഇതിനു വഴങ്ങാതെ വന്നപ്പോൾ ലൈസൻസ് ബലമായി പിടിച്ചെടുത്ത സംഭവം പൊലീസാണ് ഒത്തുതീർപ്പാക്കിയത്.