ലച്ചോറിനെ അതിഗുരുതരമായി ബാധിക്കുന്ന നിപ്പ വൈറസായിരിക്കും ഇനി ലോകത്തിന് മറ്റൊരു ദുരന്തം സമ്മാനിക്കുക എന്ന് ചില വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. ഇതുവരെ 25 ലക്ഷം പേരെ കൊന്നൊടുക്കി കൊറോണ തേരോട്ടം തുടരുന്നതിനിടയിലാണ് ഈ മുന്നറിയിപ്പെത്തുന്നത്. യൂണിവേഴ്സിറ്റി ഓഫ് കെന്റുക്കിയിലെ മോളിക്കുലാർ ആൻഡ് സെല്ലുലാർ ബയോകെമിസ്ട്രി വിഭാഗത്തിന്റെ മേധാവി ഡോ. റെബേക്ക ഡച്ചാണ് ഈ മുന്നറിയിപ്പ് നൽകുന്നത്. നിപ്പയെ ഭയപ്പെടാനുള്ള കാരണങ്ങൾ ഏറെയാണെന്നും ഇവർ വ്യക്തമാക്കുന്നു.

പല വ്യത്യസ്ത ഫാമിലികളിലുള്ള വൈറസുകൾ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടർന്നുകൊണ്ടിരിക്കുകയാണ്. ആ സാഹചര്യത്തിൽ വ്യപനശേഷി കൂടുതലായുള്ള നിപ്പയെ ഭയക്കുക തന്നെ വേണം. മാത്രമല്ല, നിപ്പയിലെ മരണനിരക്ക് വ്യാപനതോത് അനുസരിച്ച് 45 മുതൽ 75 ശതമാനം വരെയാണ് ഇത് കോവിഡിനേക്കാൾ വളരെ കൂടുതലുമാണ്, അവർ പറയുന്നു.

ഭക്ഷണത്തിലൂടെയും മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്ജ്യങ്ങളിൽ നിന്നും നിപ്പ പകരാം. മാത്രമല്ല, അണുബാധ ഉണ്ടായശേഷം, രോഗലക്ഷണങ്ങൾ കാണിക്കുന്നതുവരെയുള്ള കലയളവ് (ഇൻക്യൂബേഷൻ പിരീഡ്) നിപ്പയുടെ കാര്യത്തിൽ വളരെ വലുതാണുതാനും. അതുകൊണ്ടുതന്നെ രോഗബാധ പെട്ടെന്ന് തിരിച്ചറിയാനാകില്ല.

വവ്വാലിലുള്ള നിപ്പ കുടുംബത്തിൽ ഉൾപ്പെടുന്ന വൈറസുകളെ കുറിച്ച് ആധുനിക ശാസ്ത്രത്തിന് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ അറിയാവൂ എന്നും അതുകൊണ്ടുതന്നെ അതിന്റെ വ്യാപനം ഇപ്പോൾ ഉണ്ടാകരുതെന്ന് ആഗ്രഹിക്കാൻ മാത്രമേ കഴിയൂ എന്നുമാണ് എക്കൊ ഹെൽത്ത് വൈസ്പ്രസിഡണ്ട് ഡോ. ജോനാഥൻ എപ്സ്റ്റീൻ പറയുന്നത്.

ഇതുവരെ നിപ്പ രോഗികളുമായി അടുത്ത സമ്പർക്കം ഉള്ളവരിലേക്ക് മാത്രമാണ് രോഗം പകർന്നിട്ടുള്ളത്. വ്യാപകമായ തോതിലുള്ള രോഗവ്യാപനം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.

എന്നിരുന്നാലും, വവ്വാലുകളിൽ നിന്നും മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും സംക്രമിക്കാൻ ഒരു അവസരം നൽകിയാൽ അത് ഒരുപക്ഷെ വലിയൊരു മഹാവ്യാധിയായി രൂപപ്പെട്ടേക്കാം. ഇത് ഒരു ജന്തുജന്യ വൈറസാണ്. അത് നമ്മുടെ വാതിലിൽ മുട്ടിക്കൊണ്ടിരിക്കുകയാണ്.

അതിനുമുൻപായി ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞാൽ വലിയൊരു തോതിലുള്ള രോഗവ്യാപനം ഒഴിവാക്കാനായേക്കും എന്നും അദ്ദേഹം പറയുന്നു. അതിനെ മനുഷ്യരിലെത്താതെ തടയുവാനാണ് ശ്രദ്ധിക്കേണ്ടത്. ആ ദിശയിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പഠനങ്ങൾ നടക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

അടുത്ത മഹാമാരിക്കായി ലോകം പ്രതീക്ഷിച്ചിരിക്കണമെന്ന് കോയലിഷൻ ഫോർ എപിഡെമിക് പ്രെപേർഡ്നെസ്സ് ഇനോവേഷൻസിലെ വാക്സിൻ റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് വിഭാഗം ഡയറക്ടർ ഡോ. മെലാനി സാവില്ലേയും മുന്നറിയിപ്പ് നൽകുന്നു. വളരെ അത്യാവശ്യമായി കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾ ആവശ്യപ്പെടുന്ന വൈറസുകളുടെ ഗണത്തിലാണ് ലോകാരോഗ്യ സംഘടനയുംനിപ്പ വൈറസിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

പഴവർഗ്ഗങ്ങൾ ഭക്ഷിച്ചു ജീവിക്കുന്ന വവ്വാലുകളാണ് ഇവയുടെ സ്വാഭാവിക ആവാസകേന്ദ്രം. വവ്വാൽ, പന്നി എന്നിവ വഴിയോ, മലിനീകരിക്കപ്പെട്ട ഭക്ഷണ പദാർത്ഥങ്ങൾ വഴിയോ ഇവ മനുഷ്യരിലേക്ക് പടരാം.