നിലമ്പൂർ: പ്രാക്തന ഗോത്രവർഗവിഭാഗമായ ചോലനായ്കരിൽനിന്നുള്ള ആദ്യ ജനപ്രതിനിധിയായ സി. സുധീഷ് പഞ്ചായത്തംഗത്വം രാജിവെച്ചു. പൊലീസിൽ ജോലി കിട്ടിയതിനെ തുടർന്നാണ് സുധീഷിന്റെ രാജി. ശനിയാഴ്ച മലപ്പുറത്ത് എത്തി സുധീഷ് എം.എസ്‌പിയിൽ ചേരും.

കഴിഞ്ഞ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വഴിക്കടവ് ഡിവിഷനിൽനിന്നാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയായി ജയിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെത്തി ബി.ഡി.ഒ. കെ.പി. മുഹമ്മദ് മുഹ്സിന് രാജി നൽകി. രാജി സ്വീകരിച്ചതായി ബി.ഡി.ഒ. പിന്നീട് അറിയിച്ചു.

വഴിക്കടവ് അങ്ങാടിയിൽനിന്ന് 12 കിലോമീറ്റർ അകലെ ഉൾവനത്തിൽ പുഞ്ചക്കൊല്ലി അളയ്ക്കൽ കോളനിയിലാണ് സുധീഷിന്റെ വീട്. പൊലീസിലേക്കുള്ള പരീക്ഷ എഴുതിയിരിക്കുമ്പോഴാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.