ഹരിപ്പാട്: കരുവാറ്റയിൽ സ്വർണക്കട കുത്തിത്തുറന്ന് മോഷ്ടിച്ചത് 16 പവൻ സ്വർണാഭരണങ്ങൾ. ലോക്കറിൽ തൊട്ടപ്പോൾ ഉടമസ്ഥന്റെ ഫോണിൽ അലാറം മുഴങ്ങിയെങ്കിലും ഉടമസ്ഥൻ വീട്ടിൽ നിന്നും കടയിലെത്തിയപ്പോൾ സകലതും പെറുക്കി മോഷ്ടാക്കൾ സ്ഥലം വിട്ടിരുന്നു. ദേശീയ പാതയിൽ കടുവൻ കുളങ്ങര ജംക്ഷനു സമീപം കരുവാറ്റ വടക്ക് ജിതിൻ ഭവനത്തിൽ വി.ചന്ദ്രന്റെ(പുരുഷൻ) ഉടമസ്ഥതയിലുള്ള ബ്രദേഴ്‌സ് ജൂവലറിയിലാണ് ഇന്നലെ പുലർച്ചെ മൂന്നരയോടെ മോഷണം നടന്നത്.

ഇതേ മോഷണ സംഘം ചെന്നിത്തല സർവീസ് സഹകരണ ബാങ്കിന്റെ കോട്ടമുറി ശാഖയിൽ ഇന്നലെ പുലർച്ചെ മോഷണ ശ്രമം നടത്തി എങ്കിലും പിന്നീട് ശ്രമം ഉപേക്ഷിച്ചു മുങ്ങി. ബ്രദേഴ്‌സ് ജൂവലറിയുടെ പൂട്ട് പിക്കാസ് ഉപയോഗിച്ച് തകർത്ത ശേഷമാണ് കള്ളന്മാർ അകത്ത് കയറിയത്. കടയുടെ മുന്നിലുള്ള സിസിടിവി ക്യാമറകൾ തിരിച്ചു വച്ച ശേഷമാണ് പൂട്ട് പൊളിച്ചത്. അകത്തു കടന്ന കള്‌ലൻ കടയ്ക്കുള്ളിലെ സിസിടിവിയുടെ മോണിറ്റർ ഇളക്കി മാറ്റുകയും ചെയ്ത ശേഷമാണ് മോഷണം നടത്തിയത്.

മോഷണസംഘത്തിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ഒരാൾ മാത്രമാണ് കടയ്ക്കുള്ളിൽ കയറിയത്. മങ്കിത്തൊപ്പിയും ഓവർകോട്ടും വെള്ള പാന്റ്‌സും കയ്യുറയും ധരിച്ചിരുന്ന ആൾ കടയിൽ നിന്നു ആഭരണങ്ങൾ മോഷ്ടിക്കുന്ന ദൃശ്യം സിസിടിവിയിൽ ലഭിച്ചിട്ടുണ്ട്. കടയിലെ ഷോകെയ്‌സിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും ഡിസ്‌പ്ലേയ്ക്കായി സൂക്ഷിച്ചിരുന്ന ഗോൾഡ് കവറിങ് ആഭരണങ്ങളും മോഷ്ടാക്കൾ അപഹരിച്ചു. എന്നാൽ പഴയ സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടികൾ മോഷ്ടാക്കളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. അത് മോഷണം പോയതായാണ് ആദ്യം കരുതിയതെന്നു കടയുടമ പറഞ്ഞു.

സ്വർണ്ണക്കടയിൽ ഡിസ്‌പ്ലേയ്ക്കായി സൂക്ഷിച്ചിരുന്ന ഗോൾഡ് കവറിങ് ആഭരണങ്ങൾ സമീപത്തെ കടയ്ക്ക് മുൻപിലും കടുവൻ കുളങ്ങര ക്ഷേത്രക്കുളത്തിന് സമീപവും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കടയും ലോക്കറും കുത്തിത്തുറക്കാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ചുവന്ന പിക്കാസും കടയ്ക്കുള്ളിൽ ഇരുന്ന മോണിറ്ററും സമീപത്തു നിന്നു പൊലീസ് കണ്ടെടുത്തു.

കള്ളൻ കടയ്ക്കുള്ളിലെ ലോക്കർ പൊളിക്കാൻ ശ്രമിക്കുന്നതിനിടെ, ഉടമസ്ഥനായ ചന്ദ്രന്റെ മൊബൈൽ ഫോണിൽ അലാം മുഴങ്ങി. ഉടൻ തന്നെ മകനെയും കൂട്ടി ബൈക്കിൽ ചന്ദ്രൻ സ്വർണക്കടയുടെ മുന്നിലെത്തി എങ്കിലും ചന്ദ്‌ന്റെ കൺമുന്നിൽ വെച്ച് കള്ളന്മാർ രക്ഷപ്പെട്ടു പോയി. ബൈക്കിൽ എത്തിയപ്പോൾ കടയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന പിക്കപ് വാൻ വേഗത്തിൽ വടക്കോട്ട് പോകുന്നത് കണ്ടതായി ഉടമ പറയുന്നു.

പിക്കപ് വാനിന്റെ ബ്രൈറ്റ് ലൈറ്റ് ഇട്ടിരുന്നതിനാൽ അതിലുണ്ടായിരുന്നവരെ കാണാൻ കഴിഞ്ഞില്ലെന്നു കടയുടമ പൊലീസിന് മൊഴി നൽകി. കടയുടെ മുന്നിലെത്തിയപ്പോൾ ഷട്ടർ പൊളിച്ച നിലയിലായിരുന്നു. ഷട്ടറിന്റെ സെൻസർ കേടായതിനാലാണ് പൊളിച്ചപ്പോൾ അലാം മുഴങ്ങാതിരുന്നതെന്ന് കടയുടമ പറഞ്ഞു. ഉടൻ പൊലീസിൽ വിവരമറിയിച്ചു. മോഷ്ടാക്കൾ സ്ഥലപരിചയമുള്ളവരാണെന്ന് സൂചന. സ്വർണക്കടയുടെ മുന്നിൽ വലിയ ടോറസ് ലോറി പാർക്ക് ചെയ്തിരുന്നതിനാൽ ഷട്ടർ പോളിക്കുന്നത് ദേശീയപാതയിലൂടെ പോകുന്നവർക്ക് പെട്ടെന്ന് കാണാൻ കഴിയുമായിരുന്നില്ല. കടയുടമ വന്ന് വിളിച്ചപ്പോഴാണ് ലോറി ഡ്രൈവർ വിവരം അറിഞ്ഞതെന്നു പൊലീസ് പറഞ്ഞു.

പൊലീസ് നായ സ്വർണക്കടയിൽ നിന്നു തെക്കോട്ട് പോയി കടുവൻകുളങ്ങര ജംക്ഷനിലെത്തി പടിഞ്ഞാറു ഭാഗത്തേക്കുള്ള റോഡ് വഴി തിരിച്ച് ഹൈസ്‌കൂളിനു മുന്നിലുള്ള ദേശീയപാതയിലെത്തി നിൽക്കുകയായിരുന്നു. കടയ്ക്കുള്ളിലുണ്ടായിരുന്ന ആൾ രക്ഷപ്പെട്ട വഴിയിലൂടെയാണ് പൊലീസ് നായ പോയതെന്നാണ് പൊലീസിന്റെ അനുമാനം. വടക്കു ഭാഗത്തേക്കു പോയ പിക്കപ് വാൻ ഒരു കിലോമീറ്റർ കഴിഞ്ഞുള്ള സിസിടിവി ദൃശ്യങ്ങളിൽ കാണാൻ കഴിഞ്ഞിട്ടില്ല.