ഫ്‌ളോറിഡ: കോവിഡ് വാക്‌സിൻ നേരത്തെ ലഭിക്കുന്നതിനായി വൃദ്ധയുടെ വേഷം കെട്ടി എത്തിയ രണ്ട് വനിതകളെ ആരോഗ്യ പ്രവർത്തകർ കയ്യോടെ പൊക്കി. ഇരുവരേയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ലെങ്കിലും ഇരുവർക്കുമെതിരെ പൊലീസ് അന്വേഷണം തുടങ്ങി. 65 വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന സ്ത്രീയുടെ വേഷം കെട്ടിയാണ് ഇരുവരും ഒർലാൻഡോ കൺവെൻഷൻ സെന്ററിൽ കോവിഡ് വാക്‌സിൻ സ്വീകരിക്കാനെത്തിയത്.

വൃദ്ധരുടേതിന് സമാനമായി മുടിയിലും രൂപത്തിലും മാറ്റം വരുത്തി മാസ്‌കും ഫെയിസ് ഷീൽഡും വച്ചാണ് ഇരുവരും എത്തിയത്. എന്നാൽ ഇവരുടെ ഐഡി കാർഡ് പരിശോധിച്ച ആരോഗ്യ പ്രവർത്തകർ ഇരുവർക്കും 34 ഉം 44ഉം വയസ് മാത്രമാണ് പ്രായമെന്ന് കണ്ടെത്തുക ആയിരുന്നു. സാധാരണ വാക്‌സിൻ നൽകുമ്പോൾ ആരോഗ്യ പ്രവർത്തകർ ഡേറ്റ് ഓഫ് ബെർത്ത് പരിശോധിക്കാറില്ല. എന്നാൽ സംശയം തോന്നിയ ആരോഗ്യ പ്രവർത്തകർ ഇവരുടെ ഐഡി കാർഡ് പരിശോധിച്ചതോടെയാണ് കള്ളം പൊളിഞ്ഞത്. തുടർന്ന് പൊലീസിനെ വിളിക്കുക ആയിരുന്നു. എന്നാൽ ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.