- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനയാത്ര ചെയ്യുന്നവർക്ക് ചങ്കിടിക്കാതെ എങ്ങനെ കണ്ടിരിക്കാനാകും ഈ വീഡിയോ ? 15,000 അടി ഉയരത്തിൽ തീപിടിച്ച എഞ്ചിനുമായി 231 യാത്രക്കാരുള്ള ഒരു വിമാനം ലാൻഡ് ചെയ്യുന്ന ഭയപ്പെടുത്തുന്ന ദൃശ്യം
മനുഷ്യന്റെ സാമാന്യബുദ്ധിക്ക് സങ്കൽപിക്കാൻ പോലുമാകാത്ത പലതും ഈ ലോകത്ത് നടക്കാറുണ്ട്. ദൈവത്തിന്റെ അദൃശ്യകരങ്ങളെന്നോ വിധിയുടെ വിളയാട്ടമെന്നോ ഒക്കെ നമ്മൾ പേരിട്ടുവിളിക്കുന്ന ഇത്തരം അദ്ഭുതങ്ങളിലൊന്നാണിത്. ഡെൻവറിൽ നിന്നും ഹവായിലേക്ക് പറന്നുയർന്ന യുണൈറ്റഡ് എയർലൈൻസിന്റെ വിമാനം, ഏറെ താമസിയാതെ എഞ്ചിന് തീപിടിച്ചതിനാൽ അടിയന്തരമായി താഴെയിറെക്കേണ്ടതായി വന്നു. 231 യാത്രക്കാരും 10 ജീവനക്കാരുമുള്ള ഈ വിമാനം 15,000 അടി ഉയരത്തിൽ വച്ചാണ് അപകടം സംഭവിക്കുന്നത്.
താഴെയിറക്കാൻ ശ്രമിക്കുന്നതിനിടയിൽ, വിമാനത്തിന്റെ ഒരു ഭാഗം അതിൽ നിന്നും അടർന്ന് സമീപത്തുള്ള കൊളറാഡോയിൽ പതിച്ചതായും റിപ്പോർട്ടുണ്ട്. യു എ 328 വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ റെക്കോർഡ് ചെയ്ത വീഡിയോ ഇപ്പോൾ സമൂഹമാധ്യമത്തിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. വിമാനത്തിനകത്ത് ഉണ്ടായിരുന്നവർക്കോ, വിമാനത്താവളത്തിൽ ഉണ്ടായിരുന്നവർക്കോ ആർക്കും തന്നെ പരിക്കേറ്റതായി അറിവില്ല. വിമാനത്തിൽ നിന്നും അടർന്നു വീണ ഭാഗം പതിച്ച് കൊളറാഡോയിലെ ഒരു വീടിന്റെ മേൽക്കൂര തകർന്നു എന്നതൊഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നുംതന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമില്ല.
പറന്നുയർന്ന് ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ, പ്രാദേശിക സമയം ഉച്ചക്ക് 1:30 ന് വിമാനം ഡെൻവർ വിമാനത്താവളത്തിൽ തന്നെ സുരക്ഷിതമായി തിരിച്ചിറങ്ങി. കൊളറാഡോയുടെ സമീപ പ്രദേശങ്ങളിൽ വേറെയും ചില ഭാഗങ്ങളിൽ നിന്നും വിമാനത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരു വീടിനു മുന്നിൽ വലിയൊരു വളയം വീണുകിടക്കുന്നതിന്റെ ദൃശങ്ങൾ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതുമൂലം പരിക്കേറ്റവരുണ്ടെങ്കിൽ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ വിമാനത്തിനകത്തോ പുറത്തോ ഒരാൾക്കുപോലും പരിക്കേറ്റിട്ടില്ല എന്നത് തീർത്തും ഒരു അദ്ഭുതമാണെന്നാണ് അധികൃതർ പറയുന്നത്. ഇത്ര വലിയ തീപിടുത്തം ഉണ്ടായിട്ടും, ഇത്രയധികം ഉയരത്തിൽ നിന്ന് വിമാന ഭാഗങ്ങൾ അടർന്നുവീണിട്ടും ആർക്കും പരിക്കു പറ്റിയിട്ടില്ല എന്നത് ആശ്വാസം നൽകുന്ന കാര്യമാണെന്ന് യുണൈറ്റഡ് എയർലൈൻസ് വക്താവും അറിയിച്ചു.
ചില വീടുകളുടെ മുന്നിലെ പുൽത്തകിടിയിൽ വിമാന എഞ്ചിന്റെ കൂറ്റൻ ഭാഗങ്ങൾ വീണിരുന്നു. ബ്രൂംഫീൽഡിന്റെ ചില ഭാഗങ്ങളിലും ചെറുതും വലുതുമായ വിമാന അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നുണ്ട്. വിമാനവശിഷ്ടങ്ങൾ പതിച്ച് ഒരുകാറും പൂർണ്ണമായി തകർന്നുപോയി. വിമാനത്തിന്റെ എഞ്ചിനെ പൊതിഞ്ഞിരുന്ന ഫൈബർഗ്ലാസ് ഇൻസുലേഷന്റെ അവശിഷ്ടങ്ങൾ ചാരം വീഴുന്നതുപോലെ ഏകദേശം 10 മിനിറ്റോള്ളം വീണുകൊണ്ടിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.