യ്ഡ്സ് എന്ന മഹാമാരി ഒരു ദുർഭൂതത്തെ പോലെ ലോകത്തെ വിഴുങ്ങാൻ തുടങ്ങിയിട്ട് നീണ്ട നാല് ദശാബ്ദങ്ങൾ കഴിഞ്ഞു. 1981 ൽ അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വളരെ വിരളമായ, ശ്വാസകോശ സംബന്ധമായ ഒരു രോഗത്തെ കുറിച്ചുള്ള വിവരം പുറത്തുവിടുന്നു. നേരത്തേ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെയില്ലായിരുന്ന അഞ്ച് യുവാക്കളിലായിരുന്നു ഈ രോഗം കണ്ടെത്തിയത്. മനുഷ്യകോശങ്ങളുടെ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഈ രോഗം പകർന്നത് ലൈംഗിക ബന്ധത്തിലൂടെയാണെന്നും സ്ഥിരീകരിച്ചിരുന്നു. ഈ രോഗികളെല്ലാവരും തന്നെ സ്വവർഗ്ഗാനുരാഗികളാണെന്ന് അന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇവരിൽ രണ്ടുപേർ പിന്നീട് മരണമടഞ്ഞു.

ഒരു വർഷത്തിനു ശേഷം ലോകം മുഴുവൻ ഭീതിയോടെ കേട്ട എയ്ഡ്സ് എന്ന രോഗത്തെക്കുറിച്ചുള്ള ആദ്യ പരാമർശമായിരുന്നു അത്. ഇതുമായി ബന്ധമില്ലെങ്കിലും, ചർമ്മത്തേയും മ്യുക്കസ് സ്തരങ്ങളെയും ബാധിക്കുന്ന കപൊസിസ് സാർക്കോമ എന്ന രോഗാവസ്ഥ സാൻ ഫ്രാൻസിസ്‌കോയിലും ന്യുയോർക്കിലുംകണ്ടെത്തിയതും ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാഴ്‌ത്തി. ഇതും ബാധിച്ചിരുന്നത് സ്വവർഗാനുരാഗികളെയായിരുന്നു.

ഇതേസമയം, കഴുത്തിലും, കക്ഷത്തിലും മുറ്റും മുഴകൾ കണ്ടെത്തിയ ഒരുപറ്റം സ്വവർഗാനുരാഗികളുടെ രക്തം ലണ്ടനിലെ സെയിന്റ് മേരീസ് ആശുപത്രിയിൽ പരിശോധനക്കായി എടുത്തു. ഇത്തരത്തിൽ ഗ്രന്ഥികൾ വലുതായി മുഴകൾ പ്രത്യക്ഷപ്പെടുന്നത് ശരീരം ഒരു അണുബാധയെ ചെറുക്കാൻ ശ്രമിക്കുന്നു എന്നതിന്റെ ലക്ഷണമാണ്. ഇവരിൽ എല്ലാവർക്കും അവരുടെ സ്വാഭാവിക പ്രതിരോധശേഷിയിൽ ഒരേപോലുള്ള തകരാറുകൾ ഉള്ളതായി പരിശോധനയിൽ കണ്ടെത്തി. ഒരു വർഷത്തിനു ശേഷം സമാനമായ കേസുകൾ യൂറോപ്പിലേയും ആഫ്രിക്കയിലേയും വിവിധ രാജ്യങ്ങളിൽ റിപ്പോർട്ടുചെയ്യപ്പെട്ടു.

അന്ന് ഇതിനെ കുറിച്ച് ധാരാളം കിംവദന്തികളും പരന്നിരുന്നു. ഇത് തുടർച്ചയായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക വഴി പകരുന്നതാണെന്നായിരുന്നു അതിലൊന്നു. എന്നാൽ, പാരമ്പര്യമായി വരുന്നതാണെന്ന ഒരു വാദഗതിയും അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. ചില മരുന്നുകളുടെ പാർശ്വഫലമാകാം എന്നും അനുമാനിക്കപ്പെട്ടു. സ്വവർഗാനുരാഗികളിൽ മാത്രം വരുമെന്ന് കരുതപ്പെട്ട ഇതിനെ ആദ്യം ഗ്രിഡ് (ഗേ-റിലേറ്റഡ് ഇമ്മ്യുൺ ഡെഫിഷ്യൻസി) എന്ന പേരിട്ടായിരുന്നു വിളിച്ചത്. എന്നാൽ താമസിയാതെ സാധാരണ രീതിയിലുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്കും ഈ രോഗം വരാം എന്ന് തെളിഞ്ഞു.

ആദ്യ രോഗം സ്ഥിരീകരിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ രോഗകാരിയേയും തിരിച്ചറിഞ്ഞു. ഹ്യൂമൻ ഇമ്മ്യുണോഡെഫിഷ്യൻസി വൈറസ് അഥവാ എച്ച് ഐ വി എന്നാണ് ഇതിനെ പേരിട്ടുവിളിച്ചത്. മനുഷ്യരിൽ ഇതിനുമുൻപ് കാണാതിരുന്ന ഈ വൈറസ്, മനുഷ്യന്റെ രോഗപ്രതിരോധ സംവിധാനത്തെയാണ് ആക്രമിക്കുന്നത്.അങ്ങനെ പ്രതിരോധ ശേഷി ഇല്ലാതെയാക്കും. അന്ധത മുതൽ മറവി വരെ ഇതിന്റെ ലക്ഷണങ്ങളായി മാറി. നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരായിരുന്നു ഇതിന് ഇരയായിക്കൊണ്ടിരുന്നത് എന്നതാണ് ഖേദകരമായ വസ്തുത.

എച്ച് ഐ വി വൈറസിനെ കണ്ടുപിടിക്കാനായപ്പോൾ അന്ന് അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മാരഗരറ്റ് ഹെക്ലർ ആയിരുന്നു രണ്ടു വർഷത്തിനുള്ളിൽ ഇതിനെതിരെ വാക്സിൻ കണ്ടുപിടിക്കാനാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചത്. അത്രയധികം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചത് അന്ന് ഏറെ വിമർശനങ്ങൾക്കും കാരണമായിരുന്നു. അത് ശരിയെന്ന് സ്ഥാപിക്കുന്ന വിധത്തിലായിരുന്നു പിന്നീടുള്ള കാര്യങ്ങൾ. നാളിതുവരെ എച്ച് ഐ വി എന്ന മാരക വൈറസിനെ തടഞ്ഞുനിർത്താൻ കാര്യക്ഷമമായഒരു വാക്സിൻ കണ്ടെത്താനായിട്ടില്ല.

വരുന്ന ജൂണിൽ, ആദ്യത്തെ എയ്ഡ്സ് കേസ് സ്ഥിരീകരിച്ചിട്ട് 40 വർഷം തികയുകയാണ്. ഇതിനോടകം ലോകമാകമാനമായി 75 മില്ല്യൺ ആളുകൾക്കാണ് ഇത് സ്ഥിരീകരിച്ചിട്ടുള്ളത്. ഒന്നരലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ബ്രിട്ടനിൽ 59,000 പേരായിരുന്നു മരണത്തിനു കീഴടങ്ങിയത്. എന്നാൽ ഇന്ന് എച്ച് ഐ വി ബാധ അത്രയധികം മരണകാരണമാകുന്നില്ല എന്നത് ഒരു ആശ്വാസമാണ്. രോഗത്തെ പൂർണ്ണമായും ഭേദമാക്കില്ലെങ്കിലും, മരണത്തോളമെത്തിക്കാതെ നോക്കാൻ കഴിവുള്ള പല മരുന്നുകളും ആധുനിക വൈദ്യശാസ്ത്രത്തിൽ ഇന്നുണ്ട്.

എന്നാൽ ഏറ്റവും അവസാനം പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇത് വരാതെ തടയാനും വന്നാൽ പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കുവാനും കഴിവുള്ള മരുന്ന് ഉടൻ വിപണിയിലെത്തുമെന്നാണ്. ഏകദേശം രണ്ടുപതിറ്റാണ്ടിനപ്പുറം വരെ ലോകത്തെയാകെ പരിഭ്രാന്തിയിൽ ആഴ്‌ത്തിയിരുന്ന മാരക വ്യാധിക്കെതിരെ അന്നുതൊട്ടെ ആധുനിക ശാസ്ത്രം സന്ധിയില്ലാത്ത സമരത്തിലായിരുന്നു. പല ചോദ്യങ്ങൾക്കും ഉത്തരം തേടി ഗവേഷകർ രാത്രികളെ പകലുകളാക്കി. പല മുന്നേറ്റങ്ങൾ കൈവരിച്ചപ്പോഴും തിരിച്ചടികളും കുറവല്ലായിരുന്നു. ലോകമാകമാനമുള്ള ശാസ്ത്രജ്ഞർ ഈ കുഞ്ഞൻ വൈറസിനെതിരെ പോരാടാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങി. ഇപ്പോൾ ഇതാ പ്രതീക്ഷ നൽകുന്ന വാർത്തകളാണ് പുറത്തുവരുന്നത്.

20 കളിലും 30 കളിലും 40 കളിലുമൊക്കെയുള്ള ചെറുപ്പക്കാർ പ്രത്യേക കാരണമില്ലാതെ മരിച്ചുവീഴുന്ന കാഴ്‌ച്ചയായിരുന്നു 1980 കളിൽ കണ്ടിരുന്നതെന്ന് എച്ച് ഐ വി വിദഗ്ദനായ ഡോ. ഡൺകൻ ചർച്ചിൽ പറയുന്നു. അന്നത്തെ മരണത്തിലുണ്ടായിരുന്ന ദുരൂഹതയാണ് തന്നെ ഈ മേഖലയിൽ സ്പെഷലൈസ് ചെയ്യാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. പിന്നീട് 1987-ൽ ബ്രിട്ടനിലെ തന്നെ ആദ്യത്തെ എയ്ഡ്സ് രോഗികൾക്ക് മാത്രമായുള്ള വാർഡിൽ ജോലിക്ക് കയറിയപ്പോൾ എയ്ഡ്സ് രോഗികളോടുള്ള സഹതാപം വർദ്ധിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു.

സമൂഹത്തിന് ഇവരോട് പുച്ഛമായിരുന്നു. മക്കളുടെ മരിക്കുമെന്നറിഞ്ഞുകൊണ്ടുതന്നെ അവരെ സന്ദർശിക്കാനെത്തുന്ന മാതാപിതാക്കളുടെ മനോനിലയായിരുന്നു തന്നെ ഏറെ വേദനിപ്പിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു. റിട്രോ വൈറസ് ഇനത്തിൽ പെട്ടതായതിനാൽ എച്ച് ഐ വിയെ ചെറുക്കുക അത്ര എളുപ്പമല്ലെന്ന് ശാസ്ത്രലോകം മനസ്സിലാക്കിയിരുന്നു. മനുഷ്യരിൽ വളരെ ദുർല്ലഭമായി മാത്രമേ ഈ ഇനത്തിൽ പെട്ട വൈറസുകളെ കാണാൻ കഴിയൂ. എന്നാൽ ഇതും ഒരു ജന്തുജന്യ വൈറസാണ്. അതായത് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസ്.

സാധാരണ വൈറസുകൾ മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ അവയിലെ ഡി എൻ എ ഘടകങ്ങൾ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിപ്പിക്കുകയും അതുവഴി എണ്ണത്തിൽ പെരുകുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ ഡി എൻ എ ഘടകത്തെ കണ്ടെത്താൻ മനുഷ്യ ശരീരത്തെ പരിശീലിപ്പിച്ചാൽ വൈറസിനെ കാര്യക്ഷമമായി നേരിടാനാകും. എന്നാൽ റിട്രോവൈറസിന്റെ കാര്യത്തിൽ ലക്ഷ്യം കണ്ടെത്തുക എന്നതുതന്നെ ബുദ്ധിമുട്ടാണ്. മാത്രമല്ല, ഇത് മനുഷ്യ ശരീരത്തിനുള്ളിലെത്തിയാൽ മിനിറ്റുകൾക്കുള്ളിൽ വ്യത്യസ്ത ഘടനയിലുള്ള വൈറസുകളായി രൂപാന്തരം പ്രാപിക്കും. വേഗത്തിൽ ജനിതകമാറ്റം വരുന്നതിനാൽ വാക്സിനുകൾ പലപ്പോഴും ഫലപ്രദമാകാതെ പോയി

മാത്രമല്ല ശരീരത്തിലെ പ്രത്യേക പ്രതിരോധ കോശങ്ങളായ സി ഡി 4 ടി കോശങ്ങളെയാണ് മിക്ക വാക്സിനുകളും വൈറസുകളോട് പൊരുതാൻ ആശ്രയിക്കുന്നത്. കാര്യങ്ങൾ കൂടുതൽ വഷളാക്കിക്കൊണ്ട് എച്ച് ഐ വി ആക്രമിക്കുന്നതു തന്നെ ഈ കോശങ്ങളെയാണ്. 1980 കളിൽ തന്നെ ഇതിനെതിരെയുള്ള ചില വാക്സിനുകൾ മൃഗങ്ങളിൽ പരിശോധിച്ചു വിജയം കണ്ടെങ്കിലും മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങൾ തികച്ചും പരാജയപ്പെടുകയായിരുന്നു. സാധാരണ വൈറസ് ബാധയുണ്ടായാൽ ശരീരത്തിൽ ആന്റിബോഡികൾ രൂപം പ്രാപിക്കും. ഇവയാണ് വൈറസുകളെ നേരിടുന്നത്. എന്നാൽ എച്ച് ഐ വി ബാധയിൽ ആന്റിബോഡികൾ രൂപപ്പെടുന്നില്ല എന്നതും ഇതിനൊരു പ്രതിവിധി കണ്ടെത്താൻ തടസ്സമായി.

ഇതോടെ ഇതിനൊരു മറുമരുന്ന് കണ്ടുപിടിക്കുക അസാധ്യം എന്നൊരു തോന്നൽ പരക്കെ ഉണ്ടായി. ഇതിനുള്ള ശ്രമങ്ങൾ പലരും ഉപേക്ഷിക്കുകയും ഇതിനായുള്ള സാമ്പത്തിക സഹായങ്ങൾ നിന്നുപോകുന്ന ഒരു അവസ്ഥയെത്തുകയും ചെയ്തു. ഏതായാലും നിർത്താതെ ശ്രമം തുടർന്ന ചിലരുടെ പരിശ്രമം ഭാഗികമായിട്ടെങ്കിലും ഫലം കണ്ടു. കാൻസർ ചികിത്സക്ക് ഉപയോഗിച്ചിരുന്ന എ സെഡ് ടി എന്ന മരുന്ന് ഇതിനും ഫലവത്താണെന്ന് കണ്ടെത്തി. എന്നാൽ ജീവിതകാലം കേവലം മൂന്നു വർഷം വരെ നീട്ടിക്കൊടുക്കാൻ മാത്രമേ ഇതിനു കഴിഞ്ഞുള്ളു.

മാത്രമല്ല, ഇതിന് ധാരാളം പാർശ്വഫലങ്ങളും ഉണ്ടായിരുന്നു. പല രോഗികളുടെ യും മുഖത്തെ കൊഴുപ്പു മുഴുവൻ എരിഞ്ഞുപോയതിനാൽ രൂപഭേദം വരെ വന്നു. മറ്റു പലർക്കും നാഡീസംബന്ധമായ രോഗങ്ങൾ ഉണ്ടായി. എന്നാൽ അധികം വൈകാതെ എ സെഡ് ടി യുടെ പുതിയ രണ്ട് വേർഷനുകളും മറ്റൊരു മരുന്നും രംഗത്തെത്തി. പിന്നീട് കാലാകാലങ്ങളിലായി വിവിധ ഗവേഷണങ്ങളിലൂടെ വരുത്തിയ മാറ്റങ്ങളുടെ ഫലമായി എയ്ഡ്സ് മൂലമുള്ള മരണം ഒഴിവാക്കാൻ ആയി. മാത്രമല്ല, പാർശ്വഫലങ്ങൾ പൂർണ്ണമായും ഇല്ലാതെയാവുകയും ചെയ്തു.

ആദ്യകാലങ്ങളിൽ രോഗികൾക്ക് നിരവധി മരുന്നുകൾ കഴിക്കണമായിരുന്നു. ഇപ്പോൾ അവയെല്ലാം ചേർത്ത് ദിവസേന കഴിക്കേണ്ടുന്ന ഒരു ഗുളികമാത്രമാക്കി മാറ്റുവാനും കഴിഞ്ഞു. അതിനു ശേഷം, ഗുളിക കഴിക്കുന്നത് ഒഴിവാക്കുവാനായി ആറുമാസത്തിലൊരിക്കൽ എടുക്കേണ്ടുന്ന ഒരു ഇഞ്ചക്ഷൻവികസിപ്പിച്ചെടുത്തു. ഇത് അടുത്തവർഷം മുതൽ വിപണിയിലെത്തും. 2000 ന് ശേഷം എയ്ഡ്സുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് വീണ്ടും ചൂടുപിടിച്ചു. ഐക്യരാഷ്ട്ര സഭയുടെ 90:90:90 (90 ശതമാനം രോഗികളെയെങ്കിലും പരിശോധിക്കുക. 90 ശതമാനം പേർക്കെങ്കിലും ചികിത്സ ലഭ്യമാക്കുക, 90 ശതമാനം പേർക്ക് സ്ഥിരമായി മരുന്നു ലഭ്യമാക്കുക) എന്ന പദ്ധതി രാജ്യങ്ങൾ ഏറ്റെടുത്തതോടെ എയ്ഡ്സിനെതിരെയുള്ള പോരാട്ടത്തിന് വീര്യം വർദ്ധിച്ചു.

അടുത്ത സുപ്രധാനമായ ഒരു കണ്ടുപിടുത്തം വരുന്നത് 2016 ലായിരുന്നു. സ്വവർഗ്ഗാനുരാഗികളും, സ്വാഭാവിക ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നാവരുമായ 1100 പേരിൽ നടത്തിയ ഒരു പരീക്ഷണത്തിൽ എ ആർ ടി മരുന്നുകൾ കഴിക്കുന്നവർക്ക്, പങ്കാളിക്ക് എയ്ഡ്സ് ഉണ്ടെങ്കിൽ കൂടിലൈംഗിക ബന്ധത്തിലൂടെ അത് പകരുകയില്ലെന്ന് തെളിഞ്ഞു. മറ്റൊരു സുരക്ഷാ നടപടികളും എടുക്കാതെയായിരുന്നു ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നത്. ഇതാണ് എച്ച് ഐ വിയെ പൂർണ്ണമായും തുടച്ചുനീക്കാനാകും എന്നൊരു വിശ്വാസം ശാസ്ത്രലോകത്തിന് നൽകിയത്.

അടുത്തിയിടെയാണ് എയ്ഡ്സ് ചികിത്സാ രംഗത്ത് മറ്റൊരു നാഴികക്കല്ല് മറികടന്നത്. സ്റ്റെം-സെൽ ട്രാൻസ്പ്ലാന്റ് വഴി ലണ്ടനിലേയും അമേരിക്കയിലേയും ഓരോ എയ്ഡ്സ് രോഗികളുടെ ശരീരം പൂർണ്ണമായും എച്ച് ഐ വി മുക്തമായി. വളരെ അപൂർവ്വമായ ജനിതക മാറ്റം സംഭവിച്ചിട്ടുള്ളവരുടെ ശരീരത്തിൽ നിന്നുള്ള സ്റ്റെം കോശങ്ങളായിരുന്നു ഇതിനായി ഉപയോഗിച്ചത്. അതിലും അദ്ഭുതകരമായ ഒരു കാര്യം ബ്രസീലിലായിരുന്നു സംഭവിച്ചത്. സാധാരണ മരുന്നുകൾ നൽകിയുള്ള ശുശ്രൂഷകൾക്ക് ശേഷം ഒരു രോഗിയുടെ ശരീരത്തിൽ നിന്നും എച്ച് ഐ വി വൈറസുകൾ പൂർണ്ണമായും അപ്രത്യക്ഷമായി.

കഴിഞ്ഞവർഷം 66 വയസ്സുള്ള ഒരു കാലിഫോർണിയൻ വനിതയുടെ ശരീരവും പൂർണ്ണമായും എച്ച് ഐ വി മുക്തമായി. 1992 ലായിരുന്നു ഇവർക്ക് എയ്ഡ്സ് ബാധിച്ചത്. ഇതോടെ, പ്രതിരോധ സംവിധാനങ്ങൾ നിർവീര്യമാക്കിയ, മനുഷ്യ ഡി എൻ എയുടെ ചില ഭാഗങ്ങൾ ഈ വൈറസിനെ പ്രതിരോധിക്കാൻ പ്രാപ്തമാണെന്ന നിഗമനത്തിൽ ശാസ്ത്രജ്ഞരെത്തുന്നു. ഈ ജീനിനെ കണ്ടെത്താനായാൽ എയ്ഡ്സിനുള്ള മരുന്ന് വിരല്ത്തുമ്പിലാണെന്നും അവർ വിശ്വസിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ്, കോവിഡിനുള്ള വാക്സിൻ വികസിപ്പിച്ചെടുത്ത മൊഡേണ എച്ച് ഐ വിക്കെതിരായ വാക്സിനുമായി എത്തുന്നു എന്ന വാർത്തയെത്തുന്നത്. മനുഷ്യ ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങളെക്കൊണ്ട് ജീൻ എഡിറ്റിങ് എന്ന സാങ്കേതിക വിദ്യയിലൂടെ എച്ച് ഐ വിക്ക് സമാനമായ കണികകൾ രൂപപ്പെടുത്തുകയാണ് ഈ വാക്സിൻ ചെയ്യുന്നത്. നിലവിൽ ഇത് മനുഷ്യരിൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.