തിരുവനന്തപുരം: യുഡിഎഫിന്റെ കരുത്ത് തെളിയിച്ച് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ യാത്രയ്ക്ക് ഇന്ന് ആവേശം നിറഞ്ഞ സമാപനം. തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയിൽ നിന്നും പാഠം ഉൾക്കൊണ്ട് നടത്തിയ ഐശ്വര്യ യാത്ര യുഡിഎഫിന്റെ ഉയർത്തെഴുന്നേൽപ്പായി മാറി എന്നാണ് വിലയിരുത്തൽ. വടക്കൻ കേരളത്തിലും മറ്റും ഐശ്വര്യ യാത്രയ്ക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ഈ യാത്ര യുഡിഎഫിന്റെ ശക്തി വിളിച്ചോതി. അതേസമയം ഐശ്വര്യയാത്രയ്ക്ക് ഇന്ന് തലസ്ഥാനത്തുകൊടിയിറങ്ങും. ശംഖുമുഖത്തു രാഹുൽ ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന സമാപന സമ്മേളനത്തോടെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനും തുടക്കമാവുകയും ചെയ്യും.

രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ യാത്ര വിവാദങ്ങളൊന്നുമില്ലാതെ ഐശ്വര്യത്തോടെ തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞു എന്നതാണ് പ്രധാന കാര്യം. ഇത് പ്രധാനമായ നേട്ടമായാണ് യുഡിഎഫിന്റെ വിലയിരുത്തൽ. കേരളത്തിലുടനീളം നടത്തിയ ജാഥയിൽ പ്രതീക്ഷിക്കാത്ത ജനപങ്കാളിത്തമാണ് പലയിടത്തും ഉണ്ടായത്. ഐശ്വര്യ യാത്രയിലൂടെ ചില ചലച്ചിത്രതാരങ്ങളെ കൂടി കോൺഗ്രസിന്റെ തട്ടകത്തിലെത്തിക്കാൻ ചെന്നിത്തലയ്ക്ക് കഴിഞ്ഞതോടെ താരപ്പകിട്ടും ലഭിച്ചു.

'ജാഥയിൽ ഞങ്ങളുടെ പ്രതീക്ഷകൾക്ക് അപ്പുറമായി ആളുകൾ ഒഴുകിയെത്തുന്ന കാഴ്ചയാണുണ്ടായത്. യുഡിഎഫ് കേരളത്തിൽ തിരിച്ചു വരണമെന്ന ജനങ്ങളുടെ ആഗ്രഹമാണ് ഉടനീളം ദൃശ്യമായത്'' പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വടക്കൻ ജില്ലകളിൽ മുസ്‌ലിം ലീഗിന്റെ കൂടി പിന്തുണ വൻ ആവേശം സൃഷ്ടിച്ചതോടെ കഥ മാറി. ചെറുതും വലുതുമായ ഘടകകക്ഷികൾ അവരുടെ പങ്ക് പരമാവധി ഭംഗിയാക്കാൻ ശ്രമിച്ചു. അതു വഴി തദ്ദേശ ഫലം സൃഷ്ടിച്ച മങ്ങൽ 23 ദിവസം കൊണ്ടു പ്രതീക്ഷയ്ക്കു വഴിമാറി.

എല്ലാ ജില്ലകളിലും പരമാവധി ആളുകളെ ഐശ്വര്യ യാത്രയിലെത്തിക്കാൻ യുഡിഎഫിന് കഴിഞ്ഞു. രമേശ് ചെന്നിത്തലയ്ക്കും അനുയായികൾക്കും വൻ സ്വീകരണമാണ് ഓരോ ജില്ലയിലും ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ കോൺഗ്രസിന്റെ ശക്തി പ്രകടനം തന്നെയായിരുന്നു ഓരോ ജില്ലയിലും നടന്നതെന്ന് തന്നെ പറയാം. എല്ലായിടത്തും പ്രമുഖ വ്യക്തികളുമായുള്ള കൂടിക്കാഴ്ചകളുണ്ടായി. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലേക്ക് അവരുടെയും വിവിധ സാമൂഹിക വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ സ്വീകരിച്ചു.

പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനെതിരെ അട്ടിമറി വിജയം നേടിയ മാണി സി.കാപ്പൻ അതേ പാലായിലെ സ്വീകരണ യോഗത്തിൽ യുഡിഎഫിന്റെ ഭാഗമായി. ബിഡിജെഎസ് പിളർന്നു രൂപീകരിച്ച ബിജെഎസ്, ജനതാദൾ എസിലെയും ജെഎസ്എസിലെയും ഓരോ വിഭാഗങ്ങൾ എന്നിവ മുന്നണിയിൽ എത്തി. നിയമസഭാ സമ്മേളനം കൂടി നടക്കുകയായിരുന്നതിനാൽ ജാഥയുടെ തയ്യാറെടുപ്പിനു ലഭിച്ചതു വളരെ കുറച്ചു ദിവസം മാത്രമായിരുന്നെന്നു കോഓർഡിനേറ്റർ വി.ഡി.സതീശൻ പറയുന്നു. എന്നാൽ പ്രതീക്ഷയ്ക്കപ്പുറമായിരുന്നു ഓരോ ജില്ലയിലും കോൺഗ്രസ് ആവേശം വാനോളം ഉയർത്തിയത്.

കോവിഡ് പ്രോട്ടോക്കോൾ പാലിക്കപ്പെട്ടില്ല എന്ന വിമർശനത്തിന് വഴി വച്ചുവെങ്കിലും നേതൃത്വം ഗൗനിച്ചില്ല. ജില്ലകളെ ബാധിക്കുന്ന പ്രാദേശിക പ്രശ്‌നങ്ങളും ഉയർത്തി.
ശബരിമല തൊട്ട് ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദം വരെ ഉയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കാനും കഴിഞ്ഞു. കൊല്ലത്തു വച്ച് പ്രതിപക്ഷനേതാവ് ഉയർത്തിയ ആഴക്കടൽ വിവാദത്തിൽനിന്നു ധാരണാ പത്രം റദ്ദാക്കി സർക്കാരിനു തലയൂരേണ്ടി വന്നതോടെ തുടക്കവും ഒടുക്കവും നന്നായി എന്ന വികാരത്തിലാണ് യുഡിഎഫ്.