- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ഹൈക്കോടതിയിലെ പുതിയ ജഡ്ജിമാരായി നിയമിതരായവരെല്ലാം ഉന്നതരായ നിയമജ്ഞർ; ഡോ. കൗസർ എടപ്പഗത്ത്, കെ.ബാബു, മുരളി പുരുഷോത്തമൻ, എ.എ. സിയാദ് റഹ്മാൻ എന്നിവർ കേരള ഹൈക്കോടതിയിലെ പുതിയ ജഡ്ജിമാരാകുമ്പോൾ
കൊച്ചി: കേരള ഹൈക്കോടതിയിലെ പുതിയ ജഡ്ജിമാരായി ഡോ. കൗസർ എടപ്പഗത്ത്, കെ.ബാബു, മുരളി പുരുഷോത്തമൻ, എ.എ. സിയാദ് റഹ്മാൻ എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ചു കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനമിറക്കി. സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്ത നാലു പേരെയും ഇന്നലെയാണ് കേന്ദ്ര നിയമ മന്ത്രാലയം നിയമനം നൽകി വിജ്ഞാപനം ഇറക്കിയത്.
ഡോ. കൗസർ എടപ്പഗത്ത് എറണാകുളം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയും കെ. ബാബു തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുമാണ്. മുരളി പുരുഷോത്തമനും സിയാദ് റഹ്മാനും ഹൈക്കോടതി അഭിഭാഷകരാണ്.
ഡോ. കൗസർ എടപ്പഗത്ത്: കണ്ണൂർ സ്വദേശി. എടപ്പഗത്ത് പി.കെ.മെഹമൂദിന്റെയും റൗല എടപ്പഗത്തിന്റെയും മകൻ. 1991ൽ പ്രാക്ടീസ് തുടങ്ങി. കേരള ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തശേഷം 2009ൽ നേരിട്ടു ജില്ലാ ജഡ്ജിയായി. നിലവിൽ എറണാകുളം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി.
കെ. ബാബു: കൊട്ടാരക്കര തേവന്നൂർ സ്വദേശി. പരേതരായ കെ.കരുണാകരന്റെയും കെ.ഭവാനിയുടെയും മകൻ. 1994ൽ എന്റോൾ ചെയ്തു. 15 വർഷത്തെ പ്രാക്ടീസിനു ശേഷം അഡീഷനൽ ജില്ലാ ജഡ്ജി, സിബിഐ കോടതി സ്‌പെഷൽ ജഡ്ജി, ഹൈക്കോടതി സബോർഡിനേറ്റ് ജുഡീഷ്യറി രജിസ്റ്റ്രാർ, സുപ്രീം കോടതി രജിസ്റ്റ്രാർ (ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി), ശബരിമല സ്‌പെഷൽ കമ്മിഷണർ എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയും ശ്രീപത്മനാഭസ്വാമി ക്ഷേത്രം അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാനുമാണ്.
മുരളി പുരുഷോത്തമൻ: ആലുവ സ്വദേശി. പരേതനായ പി.എൻ. പുരുഷോത്തമന്റെയും സരസ്വതിയുടെയും മകൻ. 1991ൽ പ്രാക്ടീസ് തുടങ്ങി. നിലവിൽ ഹൈക്കോടതി അഭിഭാഷകൻ. കേന്ദ്ര, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകൾ, ഡീലിമിറ്റേഷൻ കമ്മിഷൻ എന്നിവയുടെ സ്റ്റാൻഡിങ് കൗൺസലാണ്.
എ.എ. സിയാദ് റഹ്മാൻ: എറണാകുളം തൃക്കാക്കര സ്വദേശി. പരേതനായ അഡ്വ. എ. എ. അബ്ദുൽ റഹ്മാന്റെയും ലത്തീഫയുടെയും മകൻ. നിലവിൽ ഹൈക്കോടതി അഭിഭാഷകൻ. ഇലക്ട്രിസിറ്റി, ഇൻഷുറൻസ്, ബാങ്കിങ് നിയമങ്ങളിൽ വിദഗ്ധനാണ്.