കൊടുങ്ങല്ലൂർ: കുടിവെള്ളം എത്തിയിട്ട് ഒരു മാസം പിന്നിട്ടതോടെ നല്ല വെള്ളത്തിനായി വലഞ്ഞ് നാട്ടുകാർ. പണം കൊടുത്തു വെള്ളം വാങ്ങാൻ നിവർത്തിയില്ലാത്തതിനാൽ ദൂരെ സ്ഥലങ്ങളിൽ നിന്നും സൈക്കിളിലും മറ്റും വെള്ളമെത്തിക്കുകയാണ് ജനങ്ങൾ. നഗരസഭ പുല്ലൂറ്റ് തെക്കേകുന്ന് പ്രദേശത്തെ സ്ഥിതിയാണിത്. തെക്കേക്കുന്നിൽ ഒരു പ്രദേശത്തു മാത്രം ഒരു മാസത്തിലേറെയായി വെള്ളം എത്തിയിട്ട്. ഇതോടെ പണം കൊടുത്തു വെള്ളം വാങ്ങേണ്ട ഗതികേടിലാണ് ജനം.

കോവിഡ് പശ്ചാത്തലത്തിൽ കൂലിപ്പണി പോലും കുറവാണ്. അതിനിടിയിലാണ് കുടിവെള്ളത്തിനായുള്ള ജനങ്ങളുടെ അലച്ചിൽ. പുത്തൻച്ചിറയിൽ കൂലിപ്പണിക്കു പോയി മടങ്ങുമ്പോൾ രണ്ട് വലിയ കുപ്പിയിൽ വെള്ളം കൊണ്ടുവരുമെന്ന് പ്രദേശവാസിയായ ഉണ്ണിക്കൃഷ്ണൻ പറയുന്നു. പ്രദേശത്തെ മറ്റു വീട്ടുകാരും സമാന ദുരിതത്തിലാണ്. ജല അഥോറിറ്റി അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നാണു നാട്ടുകാരുടെ പരാതി. ചില സംഘടനകളുടെ സമ്മർദ ഫലമായി ഒരു പ്രാവശ്യം വണ്ടിയിൽ വെള്ളമെത്തിച്ചു. കനോലി കനാലിനോടു ചേർന്നുള്ള മറ്റു പ്രദേശങ്ങളിലും രൂക്ഷമായ ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്നുണ്ട്.

ജല അഥോറിറ്റി വെള്ളം മാത്രം ആശ്രയിക്കുന്ന പ്രദേശങ്ങളിൽ പൈപ്പിൽ വെള്ളം എത്തിയിട്ടു ആഴ്ച പിന്നിട്ടു. പുല്ലൂറ്റ് തൈവെപ്പിൽ നിന്നു പടിഞ്ഞാറ് ഭാഗത്തു കൊടവത്ത് ക്ഷേത്രത്തിനു സമീപം വീടുകളിലേക്കു വെള്ളം എത്തുന്നില്ല. 2 ആഴ്ചയായി കൃത്യമായി വെള്ളം എത്തുന്നില്ലെന്നു നാട്ടുകാർ പറഞ്ഞു. ഇന്നലെ രാത്രിയും വെള്ളത്തിനായി ഏറെ നേരം കാത്തിരുന്നു. പാലിയംതുരുത്ത്, കക്കമാടൻതുരുത്ത്, വിപി തുരുത്ത്, പടന്ന, പുല്ലൂറ്റ് വയലാർ, ഉഴുവത്തുകടവ് പ്രദേശങ്ങളിലാണ് രൂക്ഷമായ ശുദ്ധജല ക്ഷാമം നേരിടുന്നത്.