- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാക്സിൻ നൽകിയതുകൊണ്ടൊന്നും കോവിഡിനെ തടയാനാവില്ല; ഇളവുകൾക്കൊപ്പം മൂന്നാം ഘട്ട വ്യാപനത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളും തുടങ്ങി ബ്രിട്ടൻ
ലണ്ടൻ: ലോക്ക്ഡൗൺ പിൻവലിക്കുന്നതോടെ രോഗവ്യാപനം കടുക്കുവാനും കൂടുതൽ മരണങ്ങൾ സംഭവിക്കുവാനും ഇടയുണ്ടെന്നുള്ള കാര്യം ആളുകൾ മനസ്സിലാക്കണമെന്ന് ബോറിസ് ജോൺസൺ ഇന്നലെ പറഞ്ഞു, ഒരു വാക്സിനും സമ്പൂർണ്ണ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നില്ല എന്ന കാരണത്താലാണിത്. കോവിഡ് മുക്ത ലോകം എന്ന സങ്കല്പത്തിൽ എത്തിച്ചേരാൻ ഇതുവരെ വിശ്വസനീയമായ മാർഗങ്ങൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ നിയന്ത്രണങ്ങൾ നീക്കം ചെയ്യുമ്പോൾ മൂന്നാം തരംഗം എത്തുവാൻ എല്ലാ സാധ്യതകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയന്ത്രണങ്ങൾ നീക്കി, സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുമ്പോൾ രോഗവ്യാപനത്തിലൂടെയും മരണത്തിലൂടെയും മറ്റും അതിന് കനത്ത വില നൽകേണ്ടതായി വന്നേക്കാം എന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്നും പൂർണ്ണമായും തുടച്ചു നീക്കാൻ ആകാതെ വർഷാവർഷങ്ങളിൽ ധാരാളം പേരുടെ മരണത്തിനിടയാക്കുന്ന ഫ്ളൂവുമായാണ് അദ്ദേഹം കോവിഡിനെ താരതമ്യപ്പെടുത്തിയത്. അതേസമയം, ഒരു മൂന്നാം തരംഗം ഉണ്ടാവുകയാണെങ്കിൽ അത് കഴിഞ്ഞ രണ്ട് തരംഗങ്ങളേക്കാൾ ഭീകരമായിരിക്കും എന്നാണ് ശാസ്ത്രോപദേശക സമിതി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.
നിയന്ത്രണങ്ങൾ പെട്ടെന്ന് പിൻവലിക്കുകയാണെങ്കിൽ, മൂന്നാം തരംഗം ഉടൻ തന്നെ എത്തുമെന്നും, രോഗവ്യാപനവും, മരണനിരക്കുമെല്ലാം വളരെ അധികമായിരിക്കും എന്നും അതിൽ പറയുന്നു. 2022 ജൂലായോടെ 1,43,000 പേർ മരണമടഞ്ഞേക്കാം എന്നാണ് പ്രൊഫസർ ലോക്ക്ഡൗൺ എന്ന് വിളിപ്പെരുള്ള നീൽ ഫെർഗുസൺ പറയുന്നത്. നിയന്ത്രണങ്ങളിൽ കരുതലോടെ ഇപ്പോൾ നൽകുന്ന ഇളവുകൾ പോലും അടുത്ത വസന്തത്തിലും വേനലിലുമായി 55,000 പേരുടെ ജീവനെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു.
ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഇതുവരെ 1,21,000 പേർ കോവിഡിന്റെ ആരംഭം മുതൽ ഇന്നലെ വരെ മരണമടഞ്ഞിട്ടുണ്ട്. ഇതിൽ നിന്നും രോഗമുക്തി നേടിയവർ മറ്റു പല ആരോഗ്യ പ്രശ്നങ്ങളുമായി ജീവിക്കുകയാണ്. രോഗവ്യാപനത്തിനുള്ള സാധ്യത വാക്സിൻ കാര്യമായി കുറയ്ക്കുന്നുണ്ടെങ്കിലും അത് പൂർണ്ണമായ സുരക്ഷ ഉറപ്പാക്കുന്നില്ലെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. മാത്രമല്ല, രോഗ ബാധ ഉണ്ടായാൽ തന്നെ അതിന് തീവ്രത കൂടി മരണത്തിലെത്താതിരിക്കാനും വാക്സിൻ സഹായിക്കുന്നു.
ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ, ഒരു മൂന്നാം വരവിനെ പ്രതീക്ഷിച്ചുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ പൂർണ്ണമായും ഇല്ലാതെയായാലും മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും കുറേക്കാലത്തേക്ക് കൂടി തുടർന്നേക്കം. അതുപോലെ ആശുപത്രികളും കൂടുതൽ സുസജ്ജമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്