കൊൽക്കത്ത: കൊക്കെയ്ൻ കടത്ത് കേസിൽ മറ്റൊരു ബിജെപി നേതാവ് കൂടി അറസ്റ്റിൽ. ബിജെപിയുടെ നേതാവായ രാകേഷ് സിങ്ങാണ് ആണ് അറസ്റ്റിലായത്. കൊക്കെയിൻ കേസിൽ ജയിലിൽ കഴിയുന്ന യുവമോർച്ച നേതാവ് പമേല ഗോസ്വാമിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കഴിഞ്ഞയാഴ്ചയാണ് പമേല സിങ്ങിനെ പശ്ചിമ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തത്. 100 ഗ്രാം കൊക്കെയ്‌നുമായി കാറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു പമേലയെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, തന്നെ കേസിൽ കുടുക്കിയതാണെന്നും ഇതിന് പിന്നിൽ രാകേഷ് സിങ്ങാണെന്നും പമേല പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ രാകേഷ് സിങ്ങിനെ ചോദ്യം ചെയ്യാനായി പശ്ചിമബംഗാൾ പൊലീസ് വിളിപ്പിക്കുകയായിരുന്നു. എന്നാൽ, പശ്ചിമ ബംഗാളിൽ ഇല്ലെന്ന കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ചോദ്യം ചെയ്യലിന് ഒഴിഞ്ഞുമാറിയിരുന്നു.

ബിജെപി ബംഗാൾ യൂണിറ്റ് സ്റ്റേറ്റ് കമ്മറ്റി മെമ്പറാണ് രാകേഷ് സിങ്. കൊൽക്കത്ത പൊലീസാണ് രാകേഷിനെ അറസ്റ്റ് ചെയ്തത്. രാകേഷിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. അദ്ദേഹത്തിന്റെ രണ്ട് മക്കളെ അറസ്റ്റ് ചെയ്തത് വിവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരിലാണ് മക്കളെ അറസ്റ്റ് ചെയ്തത്.

തന്റെ വാഹനത്തിൽ കൊക്കെയിൻ സ്ഥാപിക്കാൻ രാകേഷ് സിങ് ആളെ ഏർപ്പാടാക്കിയെന്നായിരുന്നു പമേലയുടെ വാദം. വിഷയത്തിൽ സിഐഡി അന്വേഷണം വേണമെന്നും പമേല ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് പൊലീസ് പമേലയെയും മറ്റൊരു യുവ നേതാവ് പ്രബിർ കുമാറിനെയും അറസ്റ്റ് ചെയ്തത്. 10 ലക്ഷം രൂപയുടെ കൊക്കെയിൻ ഇവരുടെ വാഹനത്തിൽ നിന്നു കണ്ടെടുത്തെന്നാണ് പൊലീസ് വാദം