- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളുടെ ഭർത്താവ് ഓടിച്ച കാറിടിച്ച് വയോധികൻ മരിച്ചു; ഗുരുതരമായി പരിക്കേറ്റ ചെറുമകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കിളിമാനൂർ: മകളുടെ ഭർത്താവ് ഓടിച്ചുവന്ന കാറിടിച്ച് വയോധികൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന ചെറുമകന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മടത്തറ തുമ്പമൺ തൊടി എ.എൻ.എസ്. മൻസിലിൽ യഹിയ(75) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 5.30-ന് തട്ടത്തുമല പാറക്കടയിലായിരുന്നു സംഭവം.
യഹിയയുടെ മകളുടെ ഭർത്താവ് തുമ്പമൺ തൊടി അസ്ലം മൻസിലിൽ അബ്ദുൽ സലാം ഓടിച്ചുവന്ന കാറാണ് ഭാര്യാ പിതാവ് യഹിയയെയും അബ്ദുൽ സലാമിന്റെ മകൻ മുഹമ്മദ് അഫ്‌സലി(14)നെയും ഇടിച്ചത്. ഇരുവരെയും ഉടൻ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും യഹിയയുടെ മരണം സംഭവിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഫ്‌സൽ ചികിത്സയിലാണ്.
യഹിയയുടെ മകളും മരുമകൻ അബ്ദുൽ സലാമും ഇയാളുടെ തട്ടത്തുമലയിൽ താമസിക്കുന്ന സഹോദരിയുമായി കോടതിയിൽ കുടുംബ കേസും വസ്തുസംബന്ധമായ വ്യവഹാരങ്ങളും നടന്നുവരികയായിരുന്നു. ഇതിന്റെ ഭാഗമായി അബ്ദുൽ സലാമിന്റെ സഹോദരിയുടെ വീട് കോടതി ഉദ്യോഗസ്ഥനു കാട്ടിക്കൊടുക്കുന്നതിനായാണ് ഇവർ തട്ടത്തുമലയിൽ എത്തിയത്.
ഉദ്യോഗസ്ഥൻ നോട്ടീസ് നൽകുന്നതിനായി വീട്ടിൽ കയറിയപ്പോൾ പുറത്ത് മറ്റൊരു വീടിന്റെ മതിലിനടുത്തു നിൽക്കുമ്പോഴാണ് അബ്ദുൽ സലാം ഓടിച്ചുവന്ന കാർ ഇരുവരെയും ഇടിച്ചത്. സംഭവശേഷം ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അബ്ദുൽ സലാമും ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ ആരോപിക്കുന്നു. കിളിമാനൂർ പൊലീസ് കേസെടുത്തു. ചികിത്സയിലുള്ള അഫ്‌സലിന്റെ മൊഴിയെടുത്ത ശേഷമേ കേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളൂവെന്ന് കിളിമാനൂർ പൊലീസ് പറഞ്ഞു. കാർ ഓടിച്ച അബ്ദുൽ സലാം പൊലീസ് നിരീക്ഷണത്തിലാണ്.