- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമല ഹാരിസിന്റെ സാമ്പത്തിക നയരൂപീകരണ സംഘത്തിൽ പത്തനംതിട്ട സ്വദേശിയായ യുവാവും; നയ ഉപദേശകരുടെ പ്രത്യേക സംഘത്തിൽ ഇടംപിടിച്ചത് മല്ലശേരി സ്വദേശി മൈക്കിൾ സി.ജോർജ്: 27കാരനായ മൈക്കിൾ അമേരിക്കൻ ഭരണകൂടത്തിന്റെ ഭാഗമായതിന്റെ സന്തോഷം പങ്കുവെച്ച് നാട്ടിലുള്ള കുടുംബം
പത്തനംതിട്ട: അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സാമ്പത്തിക നയരൂപീകരണ സംഘത്തിൽ മലയാളി യുവാവും. പത്തനംതിട്ട സ്വദേശിയായ മൈക്കിൾ സി. ജോർജ് ആണ് കമലാ ഹാരിസിന്റെ സാമ്പത്തിക നയരൂപീകരണ സംഘത്തിൽ ഇടംപിടിച്ചത്. നയ ഉപദേശകരുടെ പ്രത്യേക സംഘത്തിലാണ് മല്ലശേരി സ്വദേശിയായ ഈ 27കാരനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ചെറുപ്രായത്തിൽ മൈക്കിൾ അമേരിക്കൻ ഭരണകൂടത്തിന്റെ ഭാഗമായതിന്റെ സന്തോഷത്തിലാണ് നാട്ടിലുള്ള കുടുംബം.
ജോ ബൈഡൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം അധികാര കൈമാറ്റ ടീമിന്റെ (ട്രാൻസിഷൻ പീരിയഡ്) ഭാഗമായിരുന്നു മൈക്കിൾ. പിന്നീട് കമലാ ഹാരിസ് തന്റെ ടീമിലേക്ക് മൈക്കിളിനെയും കൂട്ടുക ആയിരുന്നു. മൈക്കിൾ പഠനകാലത്ത് ഇന്റേൺഷിപ് ചെയ്തതും വൈറ്റ് ഹൗസിലാണ്. ബരാക് ഒബാമ യുഎസ് പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് മൈക്കിൾ പഠനത്തിന്റെ ഭാഗമായി വൈറ്റ് ഹൗസിൽ ഇന്റേൺഷിപ് ചെയ്തത്.
മല്ലശേരി തുമ്പുംപാട്ട് ഡോ.തോമസ് ജോർജിന്റെയും ഫിലിപ്പീൻസ് സ്വദേശി ഡോ. മറിയ ലുസ് ജോർജിന്റെയും മകനാണ് മൈക്കിൾ. ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽനിന്ന് സാമൂഹിക ശാസ്ത്രത്തിൽ എംഎസും ഓക്‌സ്ഫഡിൽനിന്ന് കംപാരിറ്റീവ് സോഷ്യൽ പോളിസിയിൽ ബിരുദാനന്തര ബിരുദവും നേടി
.
ചെറുമകൻ അമേരിക്കൻ ഭരണകൂടത്തിന്റെ ഭാഗമായതിന്റെ അഭിമാനത്തിലാണ് തോമസ് ജോർജിന്റെ മാതാപിതാക്കളായ ടി.ജോർജും ഗ്രേസിയും. മാത്യു ടി.തോമസ് എംഎൽഎയുടെ പിതാവ് റവ. ടി.തോമസിന്റെ ഇളയ സഹോദരനാണ് മൈക്കിളിന്റെ മുത്തച്ഛൻ ടി.ജോർജ്.