ബെംഗളൂരു: മകളുടെ കാലിൽ കടിച്ച പുള്ളിപ്പുലിയെ പിതാവ് കഴുത്തു ഞെരിച്ചു കൊന്നു. കർണാടകയിലെ ഹാസൻ അരസിക്കെരെയിലാണ് സംഭവം. ബൈക്കിൽ പോകവെ രാജഗോപാൽ നായിക്കിനും കുടുംബത്തിനു നേർക്കാണ് പൊന്തക്കാട്ടിൽ നിന്നു പുലി ചാടിവീണത്. പുലി രാജ ഗോപാലിന്റെ മകൾ കിരണിനെയാണ് ആക്രമിച്ചത്.

മകളെ ആക്രമിക്കുകയും കാലിൽ പിടിത്തം ഇടുകയും ചെയ്തതോടെ നായിക്ക് പുലിയുടെ കഴുത്തിൽ പിടിമുറുക്കി. പുലി തനിക്കു നേരെ തിരിഞ്ഞിട്ടും മുഖത്തു മുറിവേറ്റു രക്തം വാർന്നൊഴുകിയിട്ടും പിടിവിട്ടില്ല.

ഒടുവിൽ പുലി ചത്തുവീണു. രാജഗോപാലിന്റെ ഭാര്യ ചന്ദ്രമ്മ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പുലി ചത്തുകിടക്കുന്നതിന്റെയും നാട്ടുകാർ ഓടിക്കൂടുന്നതിന്റെയുമെല്ലാം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.