കാഞ്ഞങ്ങാട്: വിഷം കലർന്ന ഐസ്‌ക്രീം അബദ്ധത്തിൽ കഴിച്ച് അഞ്ച് വയസ്സുകാരൻ മരിച്ചതിന് പിന്നാലെ മാതൃസഹോദരിയും മരണത്തിന് കീഴടങ്ങി. പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വസന്തൻ-സാജിത ദമ്പതികളുടെ മകൾ ദൃശ്യ (19) ആണ് ഇന്നലെ രാത്രി മരിച്ചത്. എലിവിഷം വിഷം കലർത്തിയ ഐസ്‌ക്രീം കഴിച്ച് അഞ്ചു വയസ്സുകാരനായ അദ്വൈത് കഴിഞ്ഞ 12നാണ് മരിച്ചത്. അദ്വൈതിനൊപ്പം ഐസ്‌ക്രീം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ ദൃശ്യ ഇന്നലെ മരിക്കുക ആയിരുന്നു.

മഹേഷൻ-വർഷ ദമ്പതികളുടെ മകനാണ് മരിച്ച അദ്വൈത്. ആത്മഹത്യ ചെയ്യാനായി അദ്വൈതിന്റെ അമ്മ വർഷ എടുത്തു വെച്ച എലിവിഷം കലർത്തിയ ഐസ്‌ക്രീം വർഷയുടെ മക്കളും സഹോദരിയും അബദ്ധത്തിൽ കഴിക്കുക ആയിരുന്നു. ആത്മഹത്യ ചെയ്യുന്നതിനായി വിഷം കലർത്തിയ ഐസ്‌ക്രീം കഴിച്ച വർഷ അസ്വസ്ഥത തോന്നിയതിനെ തുടർന്നു മുറിയിൽ പോയി വിശ്രമിച്ചു. ഇതിനിടെ ഉറങ്ങിപ്പോയി. വിഷം കലർത്തിയ ഐസ്‌ക്രീം മേശപ്പുറത്ത് തന്നെ വച്ചാണ് വർഷ മുറിയിലേക്ക് പോയത്. എന്നാൽ ഈ സമയം അകത്തെത്തിയ അദ്വൈതും രണ്ട് വയസ്സുള്ള സഹോദരനും ദൃശ്യയും ഈ ഐസ്‌ക്രീം കഴിക്കുകയായിരുന്നു.

ഐസ്‌ക്രീം കഴിച്ചതിനു പിന്നാലെ ഇവർ ഹോട്ടലിൽ നിന്നു വാങ്ങിയ ബിരിയാണിയും കഴിച്ചു. രാത്രിയോടെ അദ്വൈത് ഛർദിക്കാൻ തുടങ്ങി. എലിവിഷം കഴിച്ച് പ്രശ്‌നമൊന്നും തോന്നാത്തതിനാൽ വർഷ ഇക്കാര്യം ആരോടും പറഞ്ഞില്ല. ഇതോടെ ബിരിയാണി കഴിച്ചതാകാം ഛർദിക്ക് കാരണമെന്ന് വീട്ടുകാർ ധരിച്ചു. പുലർച്ചെ വരെ ഛർദിച്ച കുട്ടിയെ അവശനായതിനെ തുടർന്നു ആശുപത്രിയിലെത്തിക്കുകയായിരുന്നു. അധികം വൈകാതെ അദ്വൈത് മരിച്ചു.

അന്നു വൈകിട്ടോടെ രണ്ട് വയസ്സുള്ള കുട്ടിയും ദൃശ്യയും ഛർദിക്കാൻ തുടങ്ങി. ഇവരെയും ആശുപത്രിയിൽ എത്തിച്ചു. തിങ്കളാഴ്ച വർഷയും അവശയായി. ആരോഗ്യ സ്ഥിതി മോശമായ ഇവരെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സുഖം പ്രാപിച്ച വർഷയും 2 വയസ്സുള്ള കുട്ടിയും വീട്ടിൽ തിരിച്ചെത്തി. എന്നാൽ ദൃശ്യയുടെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം. സംഭവത്തിൽ വർഷക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.