ളർന്നും പിളർന്നും പിളരുമ്പോൾ പിന്നെയും വളർന്നും ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന കൊറോണയിതാ ചെകുത്താന്റെ അവതാരമായി ഭൂമിയിലേക്കെത്തുന്നു. ജനിതകമാറ്റം സംഭവിച്ച് ഇവിടെയെത്തിയ എല്ലാ വകഭേദങ്ങളേക്കാളും അധികം വ്യാപനശേഷിയും പ്രഹരശേഷിയുമുള്ള ഒരു വകഭേദത്തെ കാലിഫോർണിയയിൽ കണ്ടെത്തിയിരിക്കുന്നു. ദി ഡെവിൾ എന്ന് ഓമനപ്പേരിട്ടിരിക്കുന്ന ഈ ഇനം ഒരുപക്ഷെ ബ്രിട്ടനിൽ കണ്ടെത്തിയ ഇനവുമായി സംയോജിച്ച് കൂടുതൽ അപകടകാരിയായ ഒരിനമായി മാറിയേക്കാം എന്ന ഭയവും ശാസ്ത്രജ്ഞർക്കുണ്ട്.

അമേരിക്കയിലെ കാലിഫോർണിയയിൽ രോഗവ്യാപന തോതിൽ പെട്ടെന്നുണ്ടായ കുതിച്ചുചാട്ടത്തെ പറ്റിയുള്ള പഠനത്തിനിടയിലാണ് ഏറ്റവും അപകടകാരിയായ ഈ പുതിയ ഇനത്തെ കണ്ടെത്തിയത്. ഇതിനു സംഭവിച്ച തരത്തിലുള്ള ജനിതകമാറ്റം ഭയപ്പെടേണ്ടതു തന്നെയാണെന്നാണ് ഇതിനെ കുറിച്ച് കൂടുതൽ പഠിച്ച ശാസ്ത്രജ്ഞരുടെ അഭിപ്രായം. ബി 1.427/ ബി 1.429 എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടിട്ടുള്ളഈ ചെകുത്താന് കെന്റിൽ കണ്ടെത്തിയ ഇനവുമായും സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ ഇനവുമായും പലവിധത്തിലും സമാനതകളുണ്ട്.

ചെകുത്താൻ നമുക്കിടയിൽ എത്തിക്കഴിഞ്ഞു എന്നാണ് ഇതിനെ കുറിച്ച് പഠനം നടത്തിയ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, സാൻഫ്രാൻസിസ്‌കോയിലെ പകർച്ചവ്യാധികളെ കുറിച്ച് പഠനം നടത്തുന്ന ഡോക്ടർ ചാൾസ് ചിയു പറയുന്നത്. ഇതുവരെ ശേഖരിച്ച വിവരങ്ങൾ നൽകുന്ന സൂചന ഈ ഇനത്തിന് വ്യാപനശേഷികൂടുതലാണെന്നും, കൂടുതൽ ഗുരുതരമായ രോഗാവസ്ഥക്ക് കാരണമാകുമെന്നുമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനേക്കാൾ ഭയപ്പെടുത്തുന്നത്, ഈ ഇനത്തിന് ആന്റിബോഡികൾക്കെതിരെ ഭാഗികമായിട്ടെങ്കിലും ചെറുത്തു നിൽക്കാനുള്ള കഴിവുണ്ട് എന്നതാണ്.

പുതിയ ഇനവും, ബ്രിട്ടനിലെ കെന്റിൽ കണ്ടെത്തിയ ഇനവും ചേർന്ന് രോഗവ്യാപനം ശക്തമാക്കിയേക്കുമെന്നും ഡോ. ചിയു പറയുന്നു. എന്നാൽ, ഈ രണ്ട് ഇനങ്ങളും ഒരു വ്യക്തിയിൽ സമ്മേളിക്കുകയും ഒരു പുതിയ സങ്കരയിനം രൂപപ്പെടുകയും ചെയ്താൽ അത് കൂടുതൽ ഭയാനകമായ അവസ്ഥ സൃഷ്ടിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. അത്തരമൊരു അവസ്ഥ ഒരു പേടിസ്വപ്നം തന്നെയാണെന്നും രോഗികളുടെ എണ്ണവും മരണവും കണക്കില്ലാതെ വർദ്ധിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഇതുവരെ മറ്റൊരു സംഘം ഗവേഷകർ പരിശോധിച്ചിട്ടില്ലാത്ത ഈ റിപ്പോർട്ട് പ്രകാരം ഈ ഇനം ബാധിച്ചവരിൽ 13 ശതമാനം പേർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വന്നു. അതേസമയം മറ്റിനങ്ങൾ ബാധിച്ചവരിൽ 2.9 ശതമാനം പേർ മാത്രമാണ് ആശുപത്രികളിൽ ചികിത്സതേടിയെത്തിയത്. അതുപോലെ ഈ ഇനം ബാധിച്ച 11.3 ശതമാനം പേർ മരണമടഞ്ഞപ്പോൾ മറ്റിനങ്ങൾ ബാധിച്ചവരിൽ 2 ശതമാനം മാത്രമാണ് മരണത്തിന് കീഴടങ്ങിയത്.

യു സി സാൻഡിയാഗോയിലെ തന്നെ മറ്റൊരു പ്രൊഫസറായ റോബർട്ട് സ്‌കൂളി പറയുന്നത് ഈ ഇനം ബാധിച്ചവരുടെ മൂക്കുകളിൽ അസാധാരണമായ അളവിൽ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി എന്നാണ്. ജീവശാസ്ത്രപരമായി രോഗം ഗുരുതരമാകുവാൻ ഇതുതന്നെ ഒരു കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കാലിഫോർണീയയിൽ പുതിയ ഇനത്തെ കണ്ടെത്തിയകാര്യം സ്ഥിരീകരിച്ച, പ്രസിഡന്റിന്റെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് ഡോ. ഫൗസി പറയുന്നത് പ്രസിഡണ്ട് ആദേശം ചെയ്തതുപോലെ 100 ദിവസമോ അതിലധികമോ എല്ലാവരും മാസ്‌ക് ധരിക്കണം എന്നാണ്.

മാസ്‌ക് ധരിക്കലും, സാമൂഹിക അകലം പാലിക്കലും അല്ലാതെ കൊറോണയെ തുരത്താൻ നല്ല മാർഗ്ഗങ്ങളീല്ലെന്ന് അദ്ദേഹം പറയുന്നു. അതുപോലെ വലിയ ആൾക്കൂട്ടങ്ങൾ കഴിവതും ഒഴിവാക്കുക. വാക്സിൻ ലഭ്യമാകുന്ന ഏറ്റവും ആദ്യ സന്ദർഭത്തിൽ തന്നെ വാക്സിൻ എടുക്കുക തുടങ്ങിയവയും കോവിഡ് ബാധിക്കാതിരിക്കാൻ നല്ലതാണെന്ന് അദ്ദേഹം പറയുന്നു.