കൊല്ലം: കൊല്ലം ബൈപ്പാസിൽ വെള്ളിയാഴ്ച പുലർച്ചെമുതൽ ടോൾ പിരിവ് തുടങ്ങുന്നു. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് കേന്ദ്രത്തിന്റെ ടോൾ പിരിവ് നടത്തുന്നത്. കുരീപ്പുഴയിലെ ടോൾ പ്ലാസ പുലർച്ചെ ഒരുമണിമുതൽ പ്രവർത്തിച്ചുതുടങ്ങുമെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ അനുമതിലഭിച്ചാലേ ടോൾ പ്ലാസ തുറക്കാനാകൂവെന്ന് ജില്ലാ ഭരണകൂടം മറുപടി നൽകിയതായാണ് വിവരം. എന്നാൽ അനുമതി ആവശ്യമില്ലെന്ന നിലപാടിലാണ് ദേശീയപാത അഥോറിറ്റി. പൊലീസിനും ഇതുസംബന്ധിച്ച അറിയിപ്പു ലഭിച്ചിട്ടില്ല. ദേശീയപാതാവിഭാഗം പ്രോജക്ട് ഡയറക്ടർ വാട്‌സാപ്പിലൂടെ കളക്ടർക്ക് സന്ദേശം അയച്ചുകൊണ്ട് ഏകപക്ഷീയമായി ടോൾ പിരിവ് തുടങ്ങുകയാണ്.

ടോൾപിരിവിന് അനുമതിനൽകിക്കൊണ്ട് കേന്ദ്ര ഉത്തരവ് ജനുവരി ആദ്യം ഇറങ്ങിയിരുന്നു. ജനുവരി 16-ന് ടോൾ പിരിവ് തുടങ്ങുമെന്ന അറിയിപ്പും വന്നു. പ്രാദേശിക എതിർപ്പും ക്രമസമാധാനപ്രശ്‌നം ഉന്നയിച്ച് ജില്ലാ ഭരണകൂടമുയർത്തിയ വിയോജിപ്പുംമൂലം മാറ്റുകയായിരുന്നു.

ആറുവരിപ്പാത പൂർത്തിയായാലേ ബൈപ്പാസ് നിർമ്മാണം മുഴുവനാകൂ. അതിനാൽ നിർമ്മാണം പൂർത്തിയാകുന്നതിനു മുൻപ് നടക്കുന്ന ടോൾ പിരിവിൽ വലിയ പ്രതിഷേധത്തിനും സാധ്യതയുണ്ട്. കുരീപ്പുഴയിലെ ടോൾപ്ലാസയിൽ പിരിവിനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

നൂറുകോടിക്കുമുകളിൽ നിർമ്മാണച്ചെലവു വരുന്നയിടങ്ങളിൽ ടോൾ ഏർപ്പെടുത്തുക എന്നതാണ് കേന്ദ്രനയം. 352 കോടിയാണ് കൊല്ലം ബൈപ്പാസിന്റെ നിർമ്മാണച്ചെലവ്. ഈ തുക ടോൾ പിരിച്ചുനൽകണമെന്ന് കേന്ദ്രം, സംസ്ഥാന സർക്കാരുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്.