ലണ്ടൻ: കൊട്ടാരം വിട്ടിറങ്ങിയ ഹാരിയുടെ അവശേഷിച്ച രാജപദവികളും സൂചകങ്ങളും എടുത്തുമാറ്റിയ എലിസബത്ത് രാജ്ഞിയുടെ നടപടി, അടുത്തകാലത്ത് ഹാരിയും മേഗനും ബ്രിട്ടനിലേക്ക് വരുന്നതിനുള്ള സാധ്യതകൾ ഇല്ലാതെയാക്കി എന്നാണ് കൊട്ടാരകാര്യം നിരീക്ഷകർ വിലയിരുത്തുന്നത്. മുതിർന്ന രാജകുടുംബംഗങ്ങൾ എന്ന നിലയിലുള്ള തങ്ങളുടെ കടമ നിർവ്വഹിക്കുവാൻ തയ്യാറല്ലെന്ന സന്ദേശം നൽകി ഹാരി, അവശേഷിച്ച രാജപദവികളും സൂചകങ്ങളും തിരിച്ചു നൽകുകയും ചെയ്തു.

രാജകുടുംബത്തിന്റെ കടുത്ത ആരാധകരായി അറിയപ്പെടുന്ന റേച്ചൽ ബോവിയും റോബെർട്ട ഫിയോറിറ്റയും അവതരിപ്പിച്ച പോഡ്കാസ്റ്റിലൂടെ, ഹാരിയുടെ നടപടി തികച്ചും നിരാശാജനകമാണെന്നാണ് അവർ അറിയിച്ചത്. ഹാരിയും മേഗനും തിരിച്ചുവന്നിരുന്നെങ്കിൽ തങ്ങൾ സന്തോഷിക്കുമായിരുന്നു എന്ന് വെളിപ്പെടുത്തിയ അവർ അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ, ഒരു കുടുംബത്തിന് അവരുടെ ഉള്ളിലെ പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കാൻ കഴിയും എന്നതിന്റെ മാതൃകയാകുമായിരുന്നു അതെന്നു പറഞ്ഞു.

നിലവിൽ കോവിഡ് പ്രതിസന്ധി മൂലം ബ്രിട്ടനിലേക്ക് വരാൻ കഴിയാത്ത അവർ അടുത്തകാലത്തൊന്നും തിരിച്ചെത്തുകയില്ല എന്ന് മനസ്സിലാക്കുന്നതിൽ ഖേദമുണ്ടെന്നും അവർ പറഞ്ഞു. അതേസമയം അവരുടെ സ്വകാര്യജീവിതത്തിൽ അവർ സന്തുഷ്ടരാണ് എന്നത് സന്തോഷം പകരുന്ന കാര്യമാണെന്ന് ഫിയോരിറ്റ പറഞ്ഞു. ടെക്‌സാസിൽ ഒരു സ്ത്രീക്ക് വീടൊരുക്കി നൽകിയതുപോലെ പല നല്ല കാര്യങ്ങളും അവർ ചെയ്യുന്നുണ്ടെന്നറിയുന്നതിൽ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്നവർക്ക് ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുവാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാലും അവർക്ക് ഒരു തിരിച്ചുവരവുണ്ടാകില്ല എന്നത് തീർത്തും വിഷമിപ്പിക്കുന്ന കാര്യമാണെന്നാണ് അവർ പറഞ്ഞത്. ഹാരിയും മേഗനും രാജകുടുംബാങ്ങൾ എന്ന നിലയിലുള്ള കടമകൾ ചെയ്തിരുന്നെങ്കിൽ എന്നാശിക്കുകയാണെന്നും അവർ പറഞ്ഞു. ഇനി ചാൾസ് രാജകുമാരൻ അധികാരത്തിലെത്തുകയും പിന്നീട് വില്യം എത്തുകയും ചെയ്യുന്നതോടെ ചില പരിണാമങ്ങൾക്ക് ഇടവന്നേക്കാം എന്നും അവർ പറയുന്നു.

രാജകുടുംബത്തിൽ നിന്നും പടിയിറങ്ങി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഹാരിയും മേഗനും നെറ്റ്ഫ്‌ളിക്‌സുമായി ശതകോടികളുടെ കരാർ ഒപ്പിട്ടത് വലിയ വാർത്തയായിരുന്നു. അതിനുപുറകെ, അവർ രാജകുടുംബത്തിൽ നിന്നും വിട്ടിറങ്ങാനുണ്ടായ സാഹചര്യം മുതൽ എല്ലാം തുറന്നു പറഞ്ഞുള്ള ഒരു ടെലിവിഷൻ അഭിമുഖം നടത്തി എന്ന വാർത്തയും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ വിവാദത്തെ തുടർന്നാണ്, ഹാരിയുടെ അവശേഷിക്കുന്ന രാജപദവികളും സൂചകങ്ങളും നീക്കം ചെയ്യാൻ രാജ്ഞി തീരുമാനിച്ചത്.

സൈനിക ബഹുമതി ഉൾപ്പടെയുള്ളവ ഇതിനെ തുടർന്ന് ഹാരിക്ക് നഷ്ടപ്പെട്ടിരുന്നു. ലണ്ടൻ മാരത്തോൺ സൊസൈറ്റിയിലേതടക്കമുള്ള പല പ്രശസ്ത സ്ഥാപനങ്ങളുടെയും രക്ഷാധികാരിസ്ഥാനങ്ങളും നഷ്ടമായി. എന്നാൽ, എന്തൊക്കെ സംഭവിച്ചാലും സ്വന്തം ജീവിതവുമായി മുന്നോട്ടു പോകാൻ തന്നെയാണ് ഹാരി തീരുമാനിച്ചിട്ടുള്ളത്. ഇതാണ് ഇപ്പോൾ ബ്രിട്ടീഷ് രാജകുടുംബത്തെ സ്‌നേഹിക്കുന്നവരെ നിരാശയിലാഴ്‌ത്തിയിരിക്കുന്നത്.