ബെംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് വൻ തോൽവി. കർണാടകയ്ക്ക് വേണ്ടി മലയാളി താരം ദേവ്ദത്ത് പടിക്കൽ കളം നിറഞ്ഞപ്പോൾ കേരളം വൻ തോൽവി ഏറ്റു വാങ്ങുക ആയിരുന്നു. മലയാളിതാരം ദേവ്ദത്ത് പടിക്കലിന്റെ തുടർച്ചയായ 2-ാം സെഞ്ചുറിയുടെ മികവിൽ കർണാടക 9 വിക്കറ്റിനു കേരളത്തെ തകർത്തു. സ്‌കോർ: കേരളം 50 ഓവറിൽ 8ന് 277, കർണാടക 45.3 ഓവറിൽ ഒന്നിന് 279. 138 പന്തുകളിൽ 13 ഫോറും 2 സിക്‌സും പറത്തി ദേവ്ദത്ത് പുറത്താകാതെ നേടിയ 126 റൺസാണു നിലവിലെ ജേതാക്കളായ കർണാടകയ്ക്കു കരുത്തായത്.

തുടർച്ചയായ നാലാം ജയം തേടിയിറങ്ങിയ കേരളത്തിനെ അക്ഷരാർത്ഥത്തിൽ ദേവ്ദത്ത് പടിക്കൽ പൊളിച്ചടുക്കുക ആയിരുന്നു. ഇന്നിങ്‌സിലെ ആദ്യ പന്തിൽ റോബിൻ ഉത്തപ്പയെയും (0) 2-ാം ഓവറിലെ 4-ാം പന്തിൽ സഞ്ജു സാംസണെയും (3) നഷ്ടപ്പെട്ട ഷോക്കിൽനിന്നു കരകയറാൻ കേരളത്തിനായില്ല. വൽസൽ ഗോവിന്ദ് (95), ക്യാപ്റ്റൻ സച്ചിൻ ബേബി (54), മുഹമ്മദ് അസ്ഹറുദ്ദീൻ (പുറത്താകാതെ 59) എന്നിവർ തിളങ്ങിയെങ്കിലും വൻ സ്‌കോറിലേക്കു ടീമിനെ എത്തിക്കാനായില്ല.

അഭിമന്യു മിഥുൻ 5 വിക്കറ്റെടുത്തു. മറുപടിയിൽ 2ാം വിക്കറ്റിൽ 180 റൺസ് കൂട്ടിച്ചേർത്ത് ദേവ്ദത്ത് കെ.സിദ്ധാർഥ് (86) സഖ്യം കർണാടകയെ ജയത്തിലെത്തിച്ചു. എലീറ്റ് ഗ്രൂപ്പ് സിയിൽ കർണാടകയാണ് ഒന്നാമത്. കേരളം 3ാം സ്ഥാനത്തേക്കു വീണു. അടുത്ത മത്സരം നാളെ ബിഹാറിനെതിരെ.