മുംബൈ: ഇന്ത്യൻ ബാങ്കുകളെ കബളിപ്പിച്ച് കോടികളുമായി ബ്രിട്ടനിലേക്ക് മുങ്ങി അവിടുത്തെ ജയിലിലായ നീരവ് മോദിയെ സ്വീകരിക്കാൻ മുംബൈ ആർതർ റോഡ് ജയിൽ സജ്ജം. യു.കെ കോടതിയെ ധരിപ്പിച്ചതു പ്രകാരം മൂന്നു ചതുരശ്ര മീറ്റർ സ്വകാര്യ സ്ഥലം, പഞ്ഞിക്കിടക്ക, തലയിണ, കിടക്കവിരി, പുതപ്പ് തുടങ്ങിയ സൗകര്യങ്ങൾ മോദിക്കായി സജ്ജമാക്കിയിട്ടുണ്ട്. മുംബൈ ആർതർ റോഡ് ജയിലിൽ നീരവിനായി തയ്യാറാക്കിയ സ്പെഷൽ സെല്ലിലെ സൗകര്യങ്ങളാണിവ.

നീരവിനെ മുംബൈയിൽ എത്തിച്ചാൽ അതീവസുരക്ഷയുള്ള ജയിലിലെ 12-ാം ബാരക്കിലെ മൂന്നു സെല്ലുകളിലൊന്നിലാവും പ്രവേശിപ്പിക്കുക. കൂടുതൽ തടവുകാർ ഇല്ലാത്ത സെല്ലിലാവും നീരവിനെ പാർപ്പിക്കുക. ആവശ്യത്തിനു വെളിച്ചം, ശുദ്ധവായു, സാധനങ്ങൾ വയ്ക്കാനുള്ള സ്ഥലം എന്നിവ ഉറപ്പുവരുത്തുമെന്നും അധികൃതർ പറഞ്ഞു. നീരവിനെ ജയിലിൽ താമസിപ്പിക്കാൻ വേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ജയിൽ അധികൃതർ പറഞ്ഞു.

നീരവിനു വേണ്ടി സജ്ജമാക്കിയിരിക്കുന്ന സെല്ലിന്റെ സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മഹാരാഷ്ട്ര സർക്കാർ 2019ൽ തന്നെ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങൾ യുകെ കോടതിയെ ധരിപ്പിച്ചിട്ടുമുണ്ട്. രണ്ടു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീരവിനെ ഇന്ത്യയിലേക്കു നാടുകടത്താമെന്നു യുകെ കോടതി കഴിഞ്ഞ ദിവസം വിധി പ്രഖ്യാപിച്ചിരുന്നു. 2019 മാർച്ചിൽ അറസ്റ്റിലായതു മുതൽ ലണ്ടനിലെ ജയിലിലാണ് 49കാരനായ നീരവ് മോദി.