മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മുംബൈയിലെ ആഡംബര വസതിക്കു സമീപത്തു നിന്നും സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അംബാനിയേയും കുടുംബത്തേയും ലക്ഷ്യമിട്ടാണ് കാർ എത്തിയതെന്നാണ് സൂചന. പുലർച്ചെ ഒരു മണിയോടെയാണ് വാഹനം നിർത്തിയിട്ട നിിലയിൽ കണ്ടെത്തിയത്. വാഹനം ഉപേക്ഷിച്ചയാളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി.

കാറിൽ നിന്നും അംബാനിക്കും ഭാര്യ നിതയ്ക്കുമായി എഴുതിയ ഭീഷണിക്കത്തും പൊലീസ് കണ്ടെടുത്തു. 'ഇത്തവണ ഇതു യോജിപ്പിച്ചിട്ടില്ല, പക്ഷേ അടുത്ത തവണ ഉറപ്പായും ചെയ്തിരിക്കും' - വാഹനത്തിൽനിന്നു ലഭിച്ച കുറിപ്പിൽ പറയുന്നതാണിത്. മുകേഷ് അംബാനിയെയും ഭാര്യ നിതയെയും അഭിസംബോധന ചെയ്തായിരുന്നു കുറിപ്പ്. ഹിന്ദിയിൽനിന്ന് ഇംഗ്ലിഷിലേക്കു തർജമ ചെയ്ത കുറിപ്പിൽ നിറയെ അക്ഷരത്തെറ്റുകളായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഒന്നുകിൽ അധികം വിദ്യാഭ്യാസമുള്ളയാൾ ആവില്ല കുറിപ്പെഴുതിയത്. അല്ലെങ്കിൽ അത്തരത്തിൽ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാകുമെന്നും പൊലീസ് കരുതുന്നു.

വാഹനത്തിനുള്ളിൽ കൂടുതൽ നമ്പർ പ്ലേറ്റുകൾ ഉണ്ടായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂറോളം ഡ്രൈവർ പുറത്തിറങ്ങാതെ വാഹനത്തിൽ തന്നെയിരുന്നുവെന്നും സിസിടിവി ദൃശ്യ പരിശോധനയിൽനിന്നു വ്യക്തമായി. കഴിഞ്ഞ ദിവസം പുലർച്ചെ അംബാനിയുടെ ആന്റില എന്ന വീട്ടിൽനിന്ന് ഏതാനും മീറ്ററുകൾ അകലെ ഒരു കെട്ടിടത്തിനു വെളിയിലാണ് സ്ഫോടകവസ്തുക്കൾ നിറച്ച് വാഹനം പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയത്. പുലർച്ചെ ഒരു മണിയോടെ വാഹനം അവിടെ പാർക്ക് ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഏതാനും മണിക്കൂറുകൾക്കുശേഷവും വാഹനം മാറ്റാത്തതിനെത്തുടർന്ന് അംബാനിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അറിയിച്ചതനുസരിച്ച് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. 20 ജലാറ്റിൻ സ്റ്റിക്കുകൾ വാഹനത്തിലുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. വാഹനം ഉപേക്ഷിച്ചയാളെ കണ്ടെത്താൻ ശക്തമായ അന്വേഷണമാണ് നടത്തുന്നതെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. മുംബൈ ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുമെന്നും വസ്തുതകൾ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

വിജയ സ്റ്റോഴ്സ് എന്ന പലചരക്കു കടയ്ക്കു പുറത്താണു വാഹനം പാർക്ക് ചെയ്തിരുന്നത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ വാഹനം എത്തുന്നത് സിസിടിവിയിൽ വ്യക്തമാണെന്ന് കടയുടമ പറഞ്ഞു. മൂന്നു മണി വരെ ഡ്രൈവർ പുറത്തിറങ്ങിയിട്ടില്ല. ആരാണ് വാഹനം ഓടിച്ചതെന്നു കണ്ടെത്താൻ സമീപത്തുള്ള സിസിടിവി ക്യാമറകൾ മുഴുവൻ പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു.

സംഭവത്തെ തുടർന്ന് കമാൻഡോകളും ഡോഗ് സ്‌ക്വാഡും രംഗത്തെത്തി. അംബാനിയുടെ വീടുൾപ്പെടുന്ന പ്രദേശത്തെ സുരക്ഷ ശക്തമാക്കി. 27 നിലയുള്ള ആന്റിലിയ എന്ന ബഹുനില വസതിയിലാണ് അംബാനിയും കുടുംബവും കഴിയുന്നത്.