കുമളി: കുമളി ചെക്‌പോസ്റ്റിൽ വൻ ലഹരി മരുന്ന് വേട്ട; അതിർത്തി എക്‌സൈസ് ചെക്‌പോസ്റ്റിൽ നടത്തിയ തിരച്ചിലിലിൽ മൂന്നംഗ സംഘം സഞ്ചരിച്ച കാറിൽ നിന്നും ഒരു കോടി രൂപയുടെ ലഹരിമരുന്നു പിടികൂടി. ഇടുക്കി കട്ടപ്പന സ്വദേശികളാണ് പൊലീസ് പിടിയിലായവർ. കട്ടപ്പന ഇരട്ടയാർ ശാന്തിഗ്രാം പാറത്തരികത്ത് മഹേഷ് (26), ദൈവംമേട് എടാട്ട് തറയിൽ പ്രദീപ് (30), വാഴവര ചേറ്റുകുഴി വീട്ടിൽ റെനി (40) എന്നിവരാണ് പിടിയിലായത്.

കട്ടപ്പന സ്വദേശിയായ ലഹരിമരുന്ന് കച്ചവടക്കാരൻ കൗസല്യ ടോമിക്കു വേണ്ടിയാണ് ഇവ കൊണ്ടുവന്നതെന്ന് പിടിയിലായവർ മൊഴി നൽകി. ആന്ധ്രയിൽ നിന്ന് ബസിൽ കമ്പത്ത് എത്തിച്ച കഞ്ചാവും ഹാഷിഷ് ഓയിലും അവിടെ നിന്ന് കാറിൽ കട്ടപ്പനയിലേക്കു കൊണ്ടുവരുമ്പോഴാണ് മൂവർ സംഘം പിടിയിലായത്. മഹേഷും പ്രദീപും ആന്ധ്രയിൽ നിന്ന് ലഹരിമരുന്നുമായി കമ്പത്ത് എത്തിയപ്പോൾ കട്ടപ്പനയിൽ നിന്ന് ടോമിയും സഹായിയായ റെനിയും കാറിൽ ഇവിടെയെത്തി. തുടർന്ന് ലഹരിമരുന്ന് കാറിൽ കയറ്റി ഇത് കട്ടപ്പനയിലെത്തിക്കാൻ മഹേഷ്, പ്രദീപ്, റെനി എന്നിവരെ ടോമി ചുമതലപ്പെടുത്തുകയായിരുന്നു.

സ്‌ക്വാഡിന്റെ ചുമതലയുള്ള സർക്കിൾ ഇൻസ്‌പെക്ടർ ടി. അനിൽകുമാറിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കുമളി ചെക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
സർക്കിൾ ഇൻസ്‌പെക്ടർ ടി. അനിൽകുമാറിനു പുറമേ സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർ ടി.ആർ. മുകേഷ്‌കുമാർ, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. മധുസൂദനൻ നായർ, പ്രിവന്റീവ് ഓഫിസർ രാജ്കുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ പി. സുബിൻ, എസ്. ഷംനാദ്, എസ്.ആർ. രാജേഷ്, അനീഷ് എന്നിവരാണ് പരിശോധക സംഘത്തിലുണ്ടായിരുന്നത്.