തൊരുകാര്യത്തിലും വേഗത മുഖമുദ്രയാക്കിയ ഇസ്രയേൽ ഇതാ കോവിഡ് പാസ്സ്പോർട്ടിന്റെ കാര്യത്തിലും അത് തെളിയിച്ചിരിക്കുന്നു. പകുതിയിലേറെ പേർക്ക് വാക്സിന്റെ രണ്ടാം ഡോസും നൽകിക്കഴിഞ്ഞതോടെ തിരക്കുള്ളയിടങ്ങളിൽ പ്രവേശനം അനുവദിക്കാൻ ഗ്രീൻ പാസ്സ്പോർട്ട് നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് ഇസ്രയേൽ. ബാറുകൾ, ഷോപ്പിങ് മാളുകൾ, തീയേറ്റർ തുടങ്ങിയ ഇടങ്ങളിൽ പ്രവേശിക്കുവാൻ ഇനിമുതൽ ഗ്രീൻ പാസ്സ്പോർട്ട് നിർബന്ധമാകും. ലോക്ക്ഡൗണിൽ നിന്നും പൂർണ്ണമായും പുറത്തുകടക്കുന്ന അവസരത്തിലാണ് ഭാവി ലോകത്തിന് വഴികാട്ടിയായേക്കാവുന്ന ഒരു തീരുമാനം ഇസ്രയേൽ എടുക്കുന്നത്.

ഒമ്പത് ദശലക്ഷത്തോളം ജനങ്ങളുള്ള ഇസ്രയേലിൽ ഇതുവരെ പകുതിയോളം പേർക്ക് രണ്ട് ഡോസ് നൽകിക്കഴിഞ്ഞു. ലോകം ഒരു പുതിയ ദിശയിലേക്ക് കുതിക്കാൻ തുടങ്ങുന്നു എന്നതിന്റെ സൂചകമായി ഇന്നലെ 300 പേരുള്ള ഒരു സദസ്സിന്റെ മുൻപിൽ ഇസ്രയേസിൽ സംഗീതജ്ഞൻ അവിവ് ഗെഫെൻ സംഗീത പരിപാടി അവതരിപ്പിച്ചു. ഏകദേശം ഒരു വർഷത്തിനു ശേഷമാണ് അദ്ദേഹം ഒരു സ്റ്റേജ് പരിപാടി അവതരിപ്പിക്കുന്നത്. ഇന്നു രാത്രി ഒരു അദ്ഭുതം നടക്കുവാൻ പോകുന്നു എന്ന് ഉറക്കെ പറഞ്ഞുകൊണ്ടായിരുന്നു ഗെഫെൻ പരിപാടി ആരംഭിച്ചത്.

വാക്സിനേഷൻ എടുക്കാത്തവർക്ക് ഇനിമുതൽ ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ കഴിയില്ല. കോവിഡ് വന്ന് രോഗമുക്തി നേടിയവരാണെങ്കിൽ, തങ്ങളുടെ ശരീരത്തിൽ ആന്റിബോഡി ഉണ്ടെന്ന് പരിശോധനയിലൂടെ തെളിയിച്ച് ഗ്രീൻ പാസ്സ്പോർട്ട് കരസ്ഥമാക്കാം. കർശനമായ നിയന്ത്രണങ്ങളോടെ നടത്തിയ സംഗീത പരിപാടി, ഭാവിയിലെ മനുഷ്യന്റെ സാമൂഹിക ജീവിതം എങ്ങനെയായിരിക്കും എന്നതിന്റെ ഒരു മിനിയേച്ചർ രൂപമായിരുന്നു. കോവിഡാനന്തര ലോകത്തിൽ സുഗമമായി യാത്ര ചെയ്യുവാനും, വിനോദങ്ങളിൽ ഏർപ്പെടാനും, സാമൂഹിക ജീവിതം നയിക്കുവാനുമൊക്കെ കോവിഡ് വാക്സിനേഷൻ നിർബന്ധമായി വരും.

എന്നാൽ, മറുവശത്ത് ഇങ്ങനെയൊരു തീരുമാനത്തിന്റെ നൈതികതയെ കുറിച്ചുള്ള ചോദ്യവും ഉയരുന്നുണ്ട്. ഭാവിയിൽ വാക്സിൻ ലഭ്യമാക്കാൻ കഴിയാത്തവർക്ക് നേരിടേണ്ടി വരുന്ന കടുത്ത വിവേചനത്തെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നുകഴിഞ്ഞു. ലോകം മുഴുവൻ ഇക്കാര്യങ്ങൾ ചർച്ചയാകുമ്പോൾ, ലോകരാഷ്ട്രങ്ങൾ ഇസ്രയേലിന്റെ നടപടിയുടെ അന്തിമഫലം പുറത്തുവരാൻ കാത്തിരിക്കുകയായിരുന്നു. ഇസ്രയേലിൽ ഒരു ആപ്പ് വഴിയാണ് ഗ്രീൻ സർട്ടിഫിക്കറ്റ് ലഭ്യമാവുക. നിലവിൽ ഗ്രീസ്, സൈപ്രസ് എന്നീ രാജ്യങ്ങളുമായി അവരുടെ ഗ്രീൻ സർട്ടിഫിക്കറ്റുകൾ പരസ്പര അംഗീകരിക്കാനുള്ള കരാറിലെത്തിക്കഴിഞ്ഞു ഇസ്രയേൽ

വാക്സിൻ എടുത്തില്ലെങ്കിൽ രോഗപ്രതിരോധത്തിന് തത്പര്യം ഇല്ലെന്നർത്ഥം. അത്തരക്കാർ മറ്റുള്ളവരുടെ ജീവന് ഭീഷണി ഉയർത്തുന്നത് അനുവദിക്കാനാവില്ല എന്നാണ് ആരോഗ്യ മന്ത്രി യുലി എഡെല്സ്റ്റീൻ പറയുന്നത്. പുതിയ ലോകത്ത്, വാക്സിൻ ഇല്ലാതെ ജീവിക്കുന്നത് അസാധ്യമാകുമെന്നും അദ്ദേഹം പറയുന്നു. അതേസമയം, ലഭ്യത, പണച്ചെലവ് തുടങ്ങിയ കാരണങ്ങളാൽ ലോകത്തിൽ എല്ലായിടത്തും വാക്സിൻ ഇനിയും എത്തിച്ചേർന്നിട്ടില്ല. മറ്റു ചിലരാകട്ടെ വ്യക്തിപരമായ കാരണങ്ങളാലും മതപരമായ കാരണങ്ങളാലും വാക്സിൻ എടുക്കുന്നതിൽ വിമുഖത പ്രദർശിപ്പിക്കുന്നു.

അതുകൊണ്ട് തന്നെ ഗ്രീൻ പാസ്സ്പോർട്ട് പോലുള്ള നടപടികൾ എല്ലാവരേയും വാക്സിൻ എടുക്കാൻ പ്രേരിപ്പിക്കുന്ന നടപടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഭാവിയിൽ സമൂഹ ജീവിതത്തിലേക്കുള്ള വാതിൽ തുറക്കുന്നതിനുള്ള താക്കോലായി മാറുകയാണ് കോവിഡ് പാസ്സ്പോർട്ട്.