തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് ഇന്ന് പൊങ്കാല. ഒരു വർഷത്തെ പ്രാർത്ഥനാ നിർഭരമായ കാത്തിരിപ്പിനൊടുവിൽ ഭക്ത ലക്ഷങ്ങൾക്ക് ഇന്ന് ആറ്റുകാൽ പൊങ്കാലയുടെ പുണ്യം. കോവിഡിന്റെ സാഹചര്യത്തിൽ വീട്ടുമുറ്റത്ത് ഒരുക്കിയ പൊങ്കാലയടുപ്പുകളിൽ അമ്മയ്ക്കു നൈവേദ്യമർപ്പിച്ചു ഭക്തർ അനുഗ്രഹ പുണ്യമറിയും. രാവിലെ 10.50 നാണ് അടുപ്പുവെട്ട്. 3.40 ന് നിവേദിക്കും.

രാവിലെ 10.20 ന് ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും. കണ്ണകീചരിതത്തിൽ പാണ്ഡ്യ രാജാവിന്റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാർ പാടിക്കഴിഞ്ഞാലുടൻ തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു ദീപം പകർന്നു മേൽശാന്തി പി. ഈശ്വരൻ നമ്പൂതിരിക്കു കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പുകളിൽ പകർന്ന ശേഷം സഹമേൽശാന്തി പണ്ടാര അടുപ്പു ജ്വലിപ്പിക്കും.

ഭക്തർ വീടുകളിലൊരുക്കിയിട്ടുള്ള അടുപ്പുകൾ ഈ മുഹൂർത്തത്തിൽ കത്തിക്കണം. പണ്ടാര അടുപ്പിലെ പൊങ്കാല നിവേദിക്കുന്ന സമയത്തു ഭക്തർ തങ്ങളുടെ പൊങ്കാല വിഭവങ്ങൾ സ്വയം നിവേദിക്കണം.മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത് രാത്രി ഏഴരയോടെ ആരംഭിക്കും. തിരിച്ചെഴുന്നള്ളത്തും രാത്രി തന്നെ നടത്തും. നാളെ രാത്രി 9.15 ന് കാപ്പഴിച്ച ശേഷം രാത്രി ഒന്നിനു കുരുതി തർപ്പണത്തോടെ ഉത്സവത്തിന് സമാപനമാകും.