- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യു എ ഇ രാജകുമാരി വീടുവിട്ടപ്പോൾ ഭരണാധികാരി സഹായം ചോദിച്ചത് മോദിയുടെ; ഞൊടിയിടയിൽ ഇന്ത്യൻ സേന പിടികൂടി കൈമാറി പകരം ഉറപ്പിച്ചത് യു എ ഇയിൽ കഴിഞ്ഞ ബ്രിട്ടീഷുകാരനായ ആയുധ ഇടപാടുകാരനെ; ഇന്ത്യയും യു എ ഇയും തമ്മിലുള്ള ബന്ധം ഉറപ്പിച്ചതിന്റെ രഹസ്യം തുറന്ന് യു എൻ റിപ്പോർട്ട്
2018- മാർച്ചിൽ യു എ ഇരാജകുമാരി ഗോവയിൽ വെച്ച് ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ ആയതും അവരെ പിന്നീട് യു എ ഇയ്ക്ക് കൈമാറിയതുമൊക്കെ അക്കാലത്ത് പത്രത്താളുകളിൽ നിരവധി തലക്കെട്ടുകൾ തീർത്ത വാർത്തയായിരുന്നു. എന്നാൽ, അതിന്റെ ഭാഗമായി, ദുബായിൽ കഴിഞ്ഞിരുന്ന ബ്രിട്ടീഷുകാരനായ ആയുധവ്യാപാരിയെ യു എ ഇ ഇന്ത്യയ്ക്ക് കൈമാറി എന്നൊരു റിപ്പോർട്ട് ഇപ്പോൾ ഐക്യരാഷ്ട്ര സംഘടന പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. രാജകുമാരിയെ കൈമാറിയതിനു ശേഷം ആഴ്‌ച്ചകൾക്കകം തന്നെ ക്രിസ്റ്റ്യൻ മൈക്കിൾ എന്ന ഈ ആയുധവ്യാപാരിയെ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു.
ബ്രിട്ടീഷ് നിർമ്മിത ഹെലികോപ്റ്ററുകൾ ഇന്ത്യയ്ക്ക് വിൽക്കാൻ 40 മില്ല്യൺ പൗണ്ടിന്റെ അഴിമതി കാണിച്ചു എന്നതുമായി ബന്ധപ്പെട്ട ഒരു കേസിലായിരുന്നു ക്രിസ്റ്റ്യൻ മൈക്കിളിനെ ഇന്ത്യയ്ക്ക് ആവശ്യമായിരുന്നത്. എന്നാൽ, ഈ കേസ്സ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ വർക്കിങ് ഗ്രൂപ്പ് ഓഫ് ആർബിറ്ററി ഡിറ്റെൻഷൻ പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ പറയുന്നത്.
ഇന്ത്യൻ കസ്റ്റഡിയിലുള്ള ഒരു ഉന്നതവ്യക്തിയെ യു എ ഇയ്ക്ക് കൈമാറിയതിനു പകരമായി തന്നെ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു എന്ന് മൈക്കിൾ അന്വേഷണ സമയത്ത് പറഞ്ഞതായും ആ റിപ്പോർട്ടിൽ പറയുന്നു. നേരത്തെ, മൈക്കിളിനെ നാടുകടത്താനുള്ള ഇന്ത്യയുടെ ആവശ്യം ദുബായ് കോടതി നിരാകരിച്ചിരുന്നു. അഴിമതി നടന്നു എന്നതിന് മതിയായ തെളിവുകൾ നിരത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല എന്നായിരുന്നു അന്ന് കോടതി ചൂണ്ടിക്കാട്ടിയത്.
2010-ൽ അഗസ്റ്റ വെസ്റ്റ്ലാൻഡിന്റെ 12 ഹെലികോപ്റ്ററുകൾ വങ്ങുവാൻ ഇന്ത്യനുദ്യോഗസ്ഥർക്ക് കൈക്കൂലി വാഗ്ദാനം നൽകുകയും അവരുമായി ഗൂഢാലോചന നടത്തുകയും ചെയ്തു എന്നതായിരുന്നു മൈക്കിളിനെതിരെയുള്ള കേസ്. ഇന്ത്യൻ രാഷ്ട്രപതിയുടെയും മന്ത്രിമാരുടെയുമൊക്കെ ഉപയോഗത്തിനായിട്ടായിരുന്നു ഈ ഹെലികോപ്റ്ററുകൾ. ഈ ഇടപാട് ഉറപ്പിക്കുന്നതിനായി മൈക്കിളിന് 41 മില്ല്യൺ പൗണ്ട് ലഭിച്ചു എന്നതായിരുന്നു കേസ്.
ബ്രിട്ടീഷ് വംശജനായ മൈക്കിൾ ദുബായ് ആസ്ഥാനമാക്കി അഗസ്റ്റവെസ്റ്റ്ലാൻഡിന്റെ ഒരു സബ്സിഡിയറി കമ്പനിയുടെ കൺസൽറ്റന്റായി ജോലിചെയ്തു വരികയായിരുന്നു. 12 ഹെലികോപറ്ററുകൾക്കുള്ള ഓർഡറായിരുന്നു പ്രതിരോധവകുപ്പ അന്ന് നൽകിയത്. മൂന്നു വർഷത്തിനു ശേഷമാണ് ഈ ഇടപാടിൽ അഴിമതി ആരോപണം ഉയർന്നു വരുന്നത്. വെസ്റ്റ്ലാന്റിന്റെ മാതൃകമ്പനിയായ ഫിമ്മെക്കാനിക്കയുടേ ചെയർമാനെതിരെ അഴിമതി ആരോപണം ഉയർന്നെങ്കിലും 2014-ൽ ഇറ്റാലിയൻ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. അതേസമയം, മൈക്കിളിന്റെ പേര് അന്വേഷണത്തിൽ ഉൾപ്പെട്ടിരുന്നെങ്കിലും അയാൾക്കെതിരെ കേസുകളൊന്നും ചാർജ്ജ് ചെയ്തിരുന്നില്ല.
അന്ന് പ്രധാന പ്രതിപക്ഷമായിരുന്ന ബിജെ പി യു പി എ സർക്കാരിനെതിരെ വലിയൊരു ആയുധമാക്കി ഈ കേസ് ഉയർത്തിക്കൊണ്ടുവന്നിരുന്നു. പിന്നീട് അവർ അധികാരത്തിൽ എത്തിയപ്പോൾ മൈക്കിളിന്റെ അഭാവത്തിൽ അയാളുടെ പേരിൽ കേസ് ചാർജ്ജ് ചെയ്യുകയും ദുബായിൽ നിന്നും വിട്ടുകിട്ടാൻ ശ്രമിക്കുകയുമായിരുന്നു. അതെല്ലാം പരാജയമടയുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ