ലോകമാകമാനം തന്നെ സ്ത്രീ ശാക്തീകരണത്തെ കുറിച്ചുള്ള ചർച്ചകൾ ശക്തമാകുന്ന കാലത്താണ് തികച്ചും വ്യത്യസ്തമായ ഒരു ശക്തിപ്രകടനം ദക്ഷിണാഫ്രിക്കയിൽ നടന്നത്. ദക്ഷിണാഫ്രിക്കയിലെ ഒരു പിക്ക് ആൻഡ് പേ സൂപ്പർമാർക്കറ്റിൽ ഷോപ്പിംഗിന് എത്തിയതായിരുന്നു പേരുവെളിപ്പെടുത്താത്ത യുവതി. മാസ്‌ക് ധരിച്ചിരുന്നില്ല. മാസ്‌ക് ധരിക്കാതെ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റി ഉദ്യോഗസ്ഥൻ. കോവിഡ് കാല നിയന്ത്രണങ്ങളിൽ ഉൾപ്പെട്ടതാണ് അതെന്നും അയാൾ ചൂണ്ടിക്കാട്ടി.

എന്നാൽ തന്റെ കൈവശം മാസ്‌ക് ഇല്ലെന്ന് ആ യുവതി പറഞ്ഞു. ഒരു പ്രാവശ്യം ക്ഷമിക്കണമെന്നും ഷോപ്പിങ് ചെയ്യാൻ അനുവദിക്കണമെന്നും അവർ അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ നിയമം നടപ്പാക്കുന്നതിൽ ബദ്ധശ്രദ്ധനായ സെക്യുരിറ്റി ഉദ്യോഗസ്ഥൻ ഒരു വിട്ടുവീഴ്‌ച്ചക്കും തയ്യാറായില്ല. യുവതി പിന്നൊന്നും ചിന്തിച്ചില്ല. അശ്ലീലമാകാത്ത രീതിയിൽ ധരിച്ചിരുന്ന വസ്ത്രം പൊക്കി, അടിവസ്ത്രം പുറത്തെടുത്തു. പിന്നീട് അത് ഫേസ്മാസ്‌ക്കായി ധരിച്ചു. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സൂപ്പർമാർക്കറ്റിൽ നിന്നും എടുത്ത സാധനങ്ങളുമായി കാത്തുനിൽക്കുന്ന യുവതിയെ വീഡിയോയിൽ കാണാം. തുടർന്ന് ഒരു വനിതാ സെക്യുരിറ്റി ഗാർഡ് ഇവരുടെ സമീപത്തേക്ക് വരുന്നതും ഇരുവരും തമ്മിൽ തർക്കത്തിൽ ഏർപ്പെടുന്നതും കാണാം. തുടർന്നാണ് ഈ യുവതി താൻ ധരിച്ചിരുന്ന വസ്ത്രം, അശ്ലീലമാകാത്ത രീതിയിൽ അല്പമുയർത്തി അടിവസ്ത്രം ഊരിയെടുക്കുന്നതും അത് മാസ്‌കായി ധരിക്കുന്നതും. അതിനുശേഷം സെക്യുരിറ്റി ഗാർഡിനു നേരെ തള്ളവിരൽ ഉയർത്തി ഇപ്പോൾ സന്തോഷമായോ എന്നും ചോദിക്കുന്നുണ്ട്.

സെക്യുരിറ്റി ഗാർഡ് ആരോടോ തന്റെ കൈയിലുള്ള വയർലെസ് സെറ്റിൽ സംസാരിക്കുമ്പോൾ, താൻ സംതൃപ്തയാണെന്നും ഇതൊരു മാസ്‌കാണെന്നും യുവതി പറയുന്നുണ്ട്. മാത്രമല്ല, ഫേസ്മാസ്‌കിൽ ഉള്ളത്ര ബാക്ടീരിയ അടിവസ്ത്രത്തിൽ ഉണ്ടാകില്ലെന്നും അവർ പറയുന്നുണ്ട്. എന്നാൽ എല്ലാവരും യുവതിയുടെ ഈ നടപടിയെ അംഗീകരിക്കുന്നില്ല. ആറുവയസ്സിനു താഴെയുള്ള കുട്ടികളും, ആരോഗ്യപരമായ കാരണങ്ങളാൽ നിയമപരമായി ഒഴിവാക്കപ്പെട്ടവരും ഒഴികെ എല്ലാവരും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണമെന്ന് നിയമമുണ്ട്.

മാസ്‌ക് ധരിക്കാൻ ഇഷ്ടമല്ലെങ്കിൽ ഓൺലൈൻ ഷോപ്പിങ് നടത്തണമെന്നാണ് വൈറലയ ഈ വീഡിയോയ്ക്ക് കീഴിൽ ഒരാൾ കമന്റ് ചെയ്തത്. ലോകം മുഴുവൻ നിലവിലുള്ള നിയമം അറിഞ്ഞിട്ടും അതനുസരിക്കാൻ കൂട്ടാക്കാത്ത ഈ യുവതിയെ പലരും കുറ്റപ്പെടുത്തുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ ഒരു ഭീകര വൈറസിനെ ഒരു അടിവസ്ത്രം കൊണ്ട് നേരിടാമെന്നു ചിന്തിക്കുന്ന വിഢിയാണിവർ എന്നുവരെ ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്.

2020 ഡിസംബറിൽ, പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാതെ പ്രത്യക്ഷപ്പെടുന്നത് ക്രിമിനൽ കുറ്റമാണെന്ന് പ്രസിഡണ്ട് പ്രഖ്യാപിച്ചിരുന്നു. അത്തരത്തിൽ വരുന്നവരെ അറസ്റ്റ് ചെയ്ത് നിയമനടപടികൾക്ക് വിധേയരാക്കും. കുറ്റക്കാരെന്നു കണ്ടാൽ പിഴയോ ആറുമാസത്തെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടതായി വരും.