വാക്സിൻ കോവിഡിനെതിരെ എത്രമാത്രം ഫലപ്രദമാണെന്നതിനെ കുറിച്ച് അഭ്യുഹങ്ങൾ ഏറെ പ്രചരിക്കുന്നതിനിടയിലാണ് ഏറെ ആശ്വാസവുമായി പുതിയ റിപ്പോർട്ട് എത്തുന്നത്. വാക്സിൻ, അത് ഓക്സ്ഫോർഡ് അസ്ട്രാസെനെകയായാലും ഫൈസറായാലും, ആദ്യ ഡോസിൽ തന്നെ രോഗബാധയുണ്ടാകുവാനുള്ള സാധ്യത 90 ശതമാനം ഇല്ലാതെയാക്കുമെന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഓക്സ്ഫോർഡിന്റെ വാക്സിന് അല്പം മുൻകൈ ഉണ്ടെന്നും പഠനം നടത്തിയ ഇംഗ്ലണ്ടിലെ പബ്ലിക് ഹെൽത്ത് ഉദ്യോഗസ്ഥർ അറിയിച്ചു.

ലോകത്തെ തന്നെ അതിശയിപ്പിക്കുന്ന വേഗതയോടെ മുന്നേറുന്ന ബ്രിട്ടന്റെ വാക്സിൻ മാമാങ്കത്തിന് ഈ വാർത്ത നൽകുന്നത് പുതിയൊരു ഉണർവാണ്. ഇതുവരെ 20 ദശലക്ഷത്തോളം പേർക്ക് ആദ്യഡോസ് നൽകിക്കഴിഞ്ഞു. അതേസമയം, ചെറിയൊരു ന്യുനപക്ഷം ഇപ്പോഴും വാക്സിൻ എടുക്കാൻ മടിക്കുന്നത് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. വാക്സിനെതിരെ ഉയരുന്ന ഗൂഢാലോചനാ സിദ്ധാന്തങ്ങളെയും മറ്റ് കിംവദന്തികളെയും തള്ളിക്കളഞ്ഞ് എല്ലാവരും വാക്സിൻ എടുക്കുവാൻ തയ്യാറാകണമെന്ന് വില്യം രാജകുമാരൻ ഇന്നലെ അഭ്യർത്ഥിച്ചു.

ചില പ്രത്യേക വംശീയ ന്യുനപക്ഷങ്ങളിൽ ഉൾപ്പെടുന്നവരാണ് ഇത്തരത്തിലുള്ള ഗൂഢാലോചന സിദ്ധാന്തങ്ങളിലും മറ്റുംവിശ്വസിച്ച് വാക്സിൻ നിരാകരിക്കുന്നത് എന്നാണ് ചില മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത്. വാകിസേനേഷൻ ലഭിച്ചവരിലും, അതേ പ്രായത്തിലുള്ള വാക്സിൻ ലഭിക്കാത്തവരിലും എത്രപേർ കോവിഡ് ബാധയുമായി ആശുപത്രികളിൽ എത്തുന്നു എന്ന വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് വാക്സിന്റെ കാര്യക്ഷമത സംബന്ധിച്ച റിപ്പോർട്ടുകൾ തയ്യാറാക്കിയിട്ടുള്ളത്.

പ്രായമേറിയവരുടെ ഇടയിൽ, കോവിഡ് ചികിത്സയ്ക്കായി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം എന്തുകൊണ്ട് കുറയുന്നു എന്നതിനും ഇത് ഉത്തരമാണ്. 75 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ ഇടയിൽ കോവിഡ് മരണം 40 ശതമാനത്തോളം കുറഞ്ഞു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം 85 ന് മേൽ പ്രായമുള്ളവർക്കിടയിൽ കോവിഡ് ബാധമൂലം ഐ സി യു ചികിത്സ ആവശ്യമായി വരുന്നവരുടെ എണ്ണം പൂജ്യമായതായും റിപ്പോർട്ടുകൾ പറയുന്നു. മാത്രമല്ല, ഓക്സ്ഫോർഡ് വാക്സിന്റെ കാര്യക്ഷമത തെളിഞ്ഞതോടെ 65 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ അത് ഉപയോഗിക്കരുതെന്ന് നിർദ്ദേശിച്ച ജർമ്മൻ അധികൃതർക്ക് തിരിച്ചടിയായി.

വാക്സിൻ എടുക്കാതിരിക്കുന്നത് തികഞ്ഞ സ്വാർത്ഥതയാണെന്ന് കഴിഞ്ഞയാഴ്‌ച്ച എലിസബത്ത് രാജ്ഞി അഭിപ്രായപ്പെട്ടിരുന്നു. അതിനു പുറകേയാണ് എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന ആവശ്യവുമായി വില്യം രാജകുമാരനും എത്തുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരു സ്ത്രീയുമായുള്ള സംഭാഷണത്തിനിടയിലാണ് വില്യമും കേയ്റ്റും ഈ അഭിപ്രായം പങ്കുവച്ചത്. സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരം ധാരാളമായി പ്രചരിക്കുന്നു എന്നുംഅതൊന്നും വിശ്വസിക്കരുതെന്നും വില്യം പ്രത്യേകം പറഞ്ഞു.

അതേസമയം, കറുത്തവർഗ്ഗക്കാർക്ക് ഭൂരിപക്ഷമുള്ള ബ്രിട്ടനിലെ 60 പള്ളികളിൽ ഇന്നത്തെ കുർബാനസമയത്തെ വിശ്വാസികളോട് വാക്സിൻ സ്വീകരിക്കാൻ ആവശ്യപ്പെടും. ഇതിനകം തന്നെ വാക്സിൻ എടുത്ത ചില മതനേതാക്കളും തങ്ങളുടെ അനുഭവം പങ്കുവയ്ക്കും. അതേസമയം, ഓക്സ്ഫോർഡ് വാക്സിൻ, രോഗം ബാധിച്ചാലും അത് ഗുരുതരമാകാതെ സഹായിക്കുമെന്നും തെളിഞ്ഞു. ഇക്കാര്യത്തിൽ ഫൈസറിന്റെ വാക്സിനേക്കാൾ ഒരുപടി മുകളിലാണ് ഓക്സ്ഫോർഡ് വാക്സിൻ എന്നും കണ്ടെത്തിയിട്ടുണ്ട്.