- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിയുടെ കാപട്യം തിരിച്ചറിഞ്ഞ് സ്‌കോട്ടിഷ് ജനത; ബ്രിട്ടനിൽ നിന്നും വേർപിരിയാനുള്ള ആവശ്യം തള്ളിക്കളഞ്ഞ് സ്കോട്ട്ലാൻഡുകാർ; ബ്രിട്ടൻ ഭിന്നിക്കുമെന്ന ആശങ്കയ്ക്ക് വിരാമമാകുന്നു
സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിക്കുള്ളിലെ ഉപജാപങ്ങളുടെ കഥകൾ പുറത്തുവന്നതോടെ അവരുടെ കാപട്യം ജനം തിരിച്ചറിഞ്ഞിരിക്കുന്നു. ഫസ്റ്റ് മിനിസ്റ്റർ നിക്കോളാ സ്റ്റർജനും അവരുടെ മുൻഗാമി അലക്സ് സാല്മോണ്ടും തമ്മിലുള്ള പിണക്കം അതിരുവിട്ടതോടെബ്രിട്ടനിൽ നിന്നും വിട്ടുമാറി, സ്‌കോട്ട്ലാൻഡിനെ ഒരു സമ്പൂർണ്ണ സ്വതന്ത്ര രാജ്യമാക്കി മാറ്റാനുള്ള പാർട്ടിയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയേൽക്കുന്നു. സണ്ടേ മെയിൽ നടത്തിയ സർവ്വേയിൽ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത് ബ്രിട്ടനിൽ നിന്നും വിട്ടുപോകേണ്ട എന്നായിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ സർവ്വേയിൽ 58 ശതമാനം പേരാണ് ബ്രിട്ടനിൽ നിന്നും വിട്ടുമാറുന്നതിനെ അനുകൂലിച്ചതെങ്കിൽ50 ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് ഇത്തവണ ഈ ആവശ്യം ഉന്നയിച്ചത്. തുടർച്ചയായി നടന്നു വരുന്ന 22 സർവ്വേകളിൽ ഇതാദ്യമായാണ് ഈ അഭിപ്രായത്തിന് ഭൂരിപക്ഷം ലഭിക്കാതെ പോകുന്നത്. സ്‌കോട്ട്ലാൻഡ് മുൻ ഫസ്റ്റ് മിനിസ്റ്റർ അലക്സ് സാൽമോണ്ടിനെതിരെയുള്ള ലൈംഗികാരോപണത്തെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇരുവർക്കും ഇടയിൽ ഭിന്നത രൂപപ്പെട്ടത്.
കഴിഞ്ഞ മാർച്ചിൽ നടന്ന വിചാരണയിൽ ഒമ്പത് വനിതകളുമായി ബന്ധപ്പെട്ട 13 കേസുകളിൽ നിന്നും സാൽമണ്ടിനെ ഒഴിവാക്കിയിരുന്നു. അതിനുശേഷമാണ് കൂടുതൽ അന്വേഷണങ്ങൾക്കായി പാർലമെന്റിന്റെ പ്രത്യേക കമ്മിറ്റി രൂപീകരിച്ചത്. എഡിൻബർഗ് ഹൈക്കോടതിയിലെ വിചാരണയിൽ തനിക്ക് സമർപ്പിക്കാൻ ആകാതെ പോല പല തെളിവുകളും ഈ കമ്മിറ്റിക്ക് മുൻപാകെ സമർപ്പിക്കുമെന്ന് സൽമോണ്ട് പറഞ്ഞു. സ്റ്റർജൻ മിനിസ്റ്റീരിയൽ കോഡ് ലംഘിച്ചുവോ എന്ന് അന്വേഷിക്കാൻ നിയമിച്ച മറ്റൊരു കമ്മിറ്റിക്ക് മുൻപിൽ സാൽമോണ്ട് ഇന്നോ നാളെയോ ഈ തെളിവുകൾ സമർപ്പിക്കും എന്നാണ് അറിയാൻ കഴിയുന്നത്.
നിരവധി തവണ മിനിസ്റ്റീരിയൽ കോഡ് ലംഘിച്ച സ്റ്റർജൻ പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു എന്നാണ് സാൽമണ്ട് ആരോപിക്കുന്നത്. പലവിധ കാരണങ്ങളാൽ നേരത്തേ പുറത്തുവിടാതിരുന്ന പല തെളിവുകളും മറ്റു സ്വകാര്യ വിവരങ്ങളും ഈ കമ്മിറ്റിക്ക് മുൻപിൽ സാൽമണ്ട് ഹാജരാക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.
ജെയിംസ് ഹാമിൽട്ടണിന്റെ നേതൃത്വത്തിലുള്ള ഈ അന്വേഷണത്തിൽ സ്റ്റർജൻ മിനിസ്റ്റീരിയൽ കോഡ് ലംഘിച്ചു എന്ന് കണ്ടെത്തിയാൽ അവർക്ക് മേൽ രാജിവയ്ക്കുവാനുള്ള സമ്മർദ്ദം ഏറും. ഒരുകാലത്ത്, ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്ന സ്റ്റർജനും സൽമോണ്ടും തമ്മിലുള്ള പിണക്കം സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിയുടെ അടിത്തറവരെ ദുർബലമാക്കിയിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തന്നെക്കുറിച്ച് മനഃപൂർവ്വം കെട്ടിച്ചമച്ച കേസുകൾ ഉണ്ടാക്കി ജയിലിലടക്കാൻ ശ്രമിച്ചവരുടെ കൂട്ടത്തിൽ എസ് എൻ പി യിലെ ചില പ്രമുഖരും ഉണ്ടെന്ന് നേരത്തേ സാൽമോണ്ട് ആരോപിച്ചിരുന്നു.
സ്റ്റർജൻ അവകാശപ്പെടുന്നതിലും വളരെ മുൻപ് തന്നെ അവർക്ക് ഈ ലൈംഗിക പീഡന പരാതിയെ കുറിച്ച് അറിയാമായിരുന്നു എന്നാണ് ഇതിൽ ഒരു തെളിവ് തെളിയിക്കുന്നത്. മാത്രമല്ല, ഇരയെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ ചോർത്തിയെടുക്കുകയും ചെയ്തു. ഭരണകക്ഷിയിലെ കലാപത്തിന് ശക്തിയാർജ്ജിക്കുമ്പോൾ ടോറി പാർട്ടി അടുത്തയാഴ്‌ച്ച പാർലമെന്റിൽ ഒരു അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ബ്രിട്ടനിൽ നിന്നും വിട്ടുമാറുന്നതുമായി ബന്ധപ്പെട്ട ഇരുപത്തി രണ്ടാമത് സർവ്വേ നടക്കുന്നത്. സ്‌കോട്ട്ലാൻഡിലെ വിവിധ സ്ഥലങ്ങളിലായി താമസിക്കുന്ന 1,000 പേരാണ് ഈ സർവ്വേയിൽ പങ്കെടുത്തത്. അതിൽ 44 ശതമാനം പേർ ബ്രിട്ടനിൽ നിന്നും വിട്ടുമാറേണ്ട എന്ന് പറഞ്ഞപ്പോൾ 43 ശതമാനം പേർ മാത്രമാണ് സ്‌കോട്ട്ലാൻഡ് ബ്രിട്ടനിൽ നിന്നും വിട്ട് സമ്പൂർണ്ണ സ്വതന്ത്ര രാജ്യമാകണമെന്ന് ആവശ്യപ്പെട്ടത്. പ്രത്യേകിച്ച് അഭിപ്രായം പറയാത്തവരെയും കണക്കിൽ നിന്നും മാറ്റി നിർത്തിയവരെയും കൂടി ഉൾപ്പെടുത്തിയാൽ പോലും 50 ശതമാനത്തിൽ താഴെ മാത്രമാണ് സ്വതന്ത്ര സ്‌കോട്ട്ലാൻഡിനെ പിന്തുണക്കുന്നവർ ഉള്ളത്.