കുടുംബത്തിന്റെ ഭാവി കാര്യങ്ങളെ കുറിച്ച് ചർച്ചചെയ്യുവാൻ ഫിലിപ്പ് രാജകുമാരൻ, തന്റെ മകനും കിരീടാവകാശിയുമായി ചാൾസ് രാജകുമാരനെ ആശുപത്രി കിടക്കയ്ക്ക് സമീപത്തേക്ക് വിളിച്ചു വരുത്തിയതായി രാജ്ഞിയുടെ മുൻ പ്രസ്സ് സെക്രട്ടറി അവകാശപ്പെടുന്നു. ലണ്ടനിലെ കിങ് ഏഡ്വേർഡ് ഏഴാമൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫിലിപ്പ് രാജകുമാരൻ കഴിഞ്ഞയാഴ്‌ച്ചയാണ് ചാൾസ് രാജകുമാരനെ വിളിച്ചു വരുത്തിയത് എന്നാണ് രാജ്ഞിയുടെ മുൻ പ്രസ്സ് സെക്രട്ടറി ഡിക്കീ ആർബിറ്റെർ പറഞ്ഞത്.

1988 മുതൽ 2000 വരെ രാജ്ഞിയുടെ പ്രസ്സ് സെക്രട്ടറിയായിരുന്ന ആർബിറ്റർ പറയുന്നത് കുടുംബത്തിന്റെ ഭാവിയെക്കുറിച്ച് ഫിലിപ്പ് രാജകുമാരൻ ആശങ്കപ്പെടുന്നുണ്ടാകാം എന്നാണ്. തുടർച്ചയായി 13 ദിവസങ്ങളായി ഫിലിപ്പ് രാജകുമാരൻ ആശുപത്രിയിൽ ആയിട്ടു. ഇതിനു മുൻപ് ഒരിക്കലും ഇത്ര ദീർഘനാൾ അദ്ദേഹം ആശുപത്രിയിൽ കിടന്നിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഒന്നും തന്നെ ബക്കിങ്ഹാം പാലസ് പുറത്തുവിട്ടിട്ടില്ല.

30 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്‌ച്ചയ്ക്കായി ചാൾസ് രാജകുമാരൻ ഗ്ലൂസെസ്റ്റർഷയറിലെ തന്റെ വസതിയിൽ നിന്നും ആശുപത്രിയിൽ എത്തുകയായിരുന്നു എന്നാൺ! അർബിറ്റർ പറഞ്ഞത്. കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷം നിറകണ്ണുകളോടെയാണ് ചാൾസ് രാജകുമാരൻ മടങ്ങിയത് എന്നും അദ്ദേഹം പറയുന്നു. അതേസമയം, ഫിലിപ്പ് രാജകുമാരൻ സുഖം പ്രാപിക്കുന്നുണ്ടെന്നാണ് മകനായ എഡ്വേഡ് രാജകുമാരൻ പറഞ്ഞത്. താൻ പിതാവുമായി ഫോണിൽ സംസാരിച്ചു എന്നും, ആശുപത്രിയിൽ കഴിയുന്നതിലുള്ള മടുപ്പ് മാത്രമേ തന്റെ പിതാവിനുള്ളു എന്നും എഡ്വേദ് രാജകുമാരൻ കൂട്ടിച്ചേർത്തു.

ചികിത്സയോടെ നല്ല രീതിയിൽ ഫിലിപ്പ് രാജകുമാരൻ പ്രതികരിക്കുന്നുണ്ടെന്നു, അതിവേഗം സുഖം പ്രാപിക്കുന്നുണ്ടെന്നും കൊട്ടാരവുമായി ബന്ധപ്പെട്ട ചില വൃത്തങ്ങൾ അറിയിച്ചു. ആശുപത്രിയിൽ ഏതാനും ദിവസം നിരീക്ഷണത്തിൽ കഴിയുവാനായിരുന്നു രാജകുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇനിയും കുറച്ചുനാൾ കൂടി അദ്ദേഹത്തിന് ഇവിടെ കഴിയേണ്ടി വരും എന്നാണ് അറിയാൻ കഴിയുന്നത്. വരുന്ന ജൂണിൽ 100 വയസ്സു തികയുന്ന രാജകുമാരന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾപറയുന്നത്.

രാജകുമാരൻ ആശുപത്രിയിലായതിന്റെ പതിനൊന്നാം ദിവസമായിരുന്നു കൊച്ചുമകൻ ഹാരി വിവാദ അഭിമുഖത്തിന്റെ ഷൂട്ടിംഗിൽ പങ്കെടുത്തത്. തുടർന്ന് ആ വാർത്ത വന്നതിനെ തുടർന്നുണ്ടായ വിവാദങ്ങൾ ശക്തി പ്രാപിച്ചപ്പോഴും, ഹാരിയുടെ അവശേഷിക്കുന്ന രാജപദവികളും സൂചകങ്ങളും എടുത്തുകളഞ്ഞപ്പോഴും അദ്ദേഹം ആശുപത്രിയിൽ തന്നെയായിരുന്നു. സൂം ആപ്പ് ഉപയോഗിച്ച് സംസാരിച്ചാൽ, ലീവ് ബട്ടൺ അമർത്തുന്നതിനു പകരം ലാപ്ടോപ് അടച്ചുവയ്ക്കുകയാണ് ഫിലിപ്പ് രാജകുമാരന്റെ പതിവെന്ന് അഭിമുഖത്തിൽ ഹാരി പറഞ്ഞിരുന്നു. നേരത്തേ രണ്ടുമൂന്നു തവണ ഫിലിപ്പ് രാജകുമാരനും രാജ്ഞിയും സൂം വഴി ഹാരിയുമായി സംസാരിച്ചിരുന്നു. ഹാരിയുടെ മകൻ ആർച്ചിയേയും അവർ അത്തരത്തിൽ കണ്ടിരുന്നു.