വാക്സിൻ പാസ്സ്പോർട്ടിന്റെ ബലത്തിൽ ഇസ്രയേൽ അതിവേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്ന സമയത്താണ് ഒരു കുഞ്ഞ് ജീവൻ ലോകം കാണാതെ അമ്മയുടെ ഗർഭപാത്രത്തിൽ തന്നെ പൊലിഞ്ഞുപോയ ദുഃഖകരമായ വാർത്ത് ഇസ്രയേലിനെ തേടിവരുന്നത്. ഗർഭിണിയായ അമ്മയ്ക്ക് കോവിഡ് ബാധിച്ചിരുന്നു. അത് ഗർഭസ്ഥശിശുവിലേക്ക് പറരുകയായിരുന്നു എന്നാണ് ഇവരെ ചികിത്സിച്ച ഡോക്ടർമാർ പറയുന്നത്.

കോവിഡ് ബാധിച്ച ഈ യുവതി തന്റെ ഗർഭാവസ്ഥയുടെ 36-)0 ആഴ്‌ച്ചയിലായിരുന്നു. കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്‌ച്ചയായിരുന്നു ഇവരെ ഫാർ സാബയിലെ മെയർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള പരിശോധനയിലാണ് ഗർഭസ്ഥ ശിശു മരണപെട്ട വിവരം സ്ഥിരീകരിക്കുന്നത്. പുറത്തെടുത്ത ഭ്രൂണത്തിൽ നടത്തിയ പരിശോധനയിൽ അതിലും കൊറോണാ വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചു. എന്നാൽ, വൈറസ് ബാധമൂലമാണോ ശിശു മരണമടഞ്ഞത് എന്നകാര്യം വ്യക്തമല്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

മറുപിള്ളയിലൂടെ രോഗം പകർന്ന് മറ്റൊരു ഗർഭസ്ഥ ശിശു മരണമടഞ്ഞ് എതാനും ആഴ്‌ച്ചകൾ മാത്രം കഴിഞ്ഞപ്പോഴാണ് ഈ ദാരുണ സംഭവവും അരങ്ങേറുന്നത്. ഈ കേസിൽ അമ്മ തന്റെ ഗർഭാവസ്ഥയുടെ 25-)0 ആഴ്‌ച്ചയിലായിരുന്നു. പനിയും മറ്റ് കോവിഡ് ലക്ഷണങ്ങളും മൂലമായിരുന്നു ഈ 29 കാരിയെ ആഷ്ഡോഡിലുള്ള അസ്സുത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിലും മരണമടഞ്ഞ ഗർഭസ്ഥ ശിശുവിന് കോവിഡ് ഉള്ളതായി തെളിഞ്ഞിരുന്നു. ഗർഭാവസ്ഥയുടെ ഒന്നാം പാദത്തിലോ രണ്ടാം പാദത്തിലൊ അമ്മ വാക്സിൻ എടുക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഭാവിയിൽ ഒഴിവാക്കാൻ കഴിയുമെന്നാണ് വിദഗ്ദാഭിപ്രായം.

ഗ്രീൻ പാസ്സ്പോർട്ടുമായി ഇസ്രയേൽ പുതു ജീവിതത്തിലേയ്ക്ക്

കോവിഡിന്റെ ഭീഷണിയെ ശക്തമായി നേരിട്ട ഇസ്രയേലി ജനത ഒരു പുതിയ ജീവിതം ആരംഭിക്കുകയാണ്. മറ്റെന്തിനേക്കാളേറെ ഈ ജീവതത്തിൽ പ്രാധാന്യം അർഹിക്കുന്നത് ഗ്രീൻ പാസ്സ്പോർട്ടിനാണ്. വാക്സിന്റെ രണ്ട് ഡോസുകളും പൂർത്തിയായവർക്കാണ് ഇത് ലഭിക്കുക. ബാറുകളും റെസ്റ്റോറന്റുകളും മുതൽ ആരാധനാലയങ്ങളിൽ വരെ പ്രവേശിക്കുവാൻ ഇനി മുതൽ ഇത് നിർബന്ധമാണ്.

ടെൽഅവീവിനടുത്തുള്ള മെയർ എല്ബാസ് യഹൂദപ്പള്ളിയിൽ പ്രവേശിക്കാൻ കഴിയുന്നത് ഗ്രീൻ പാസ്സ്പോർട്ടുള്ള വിശ്വാസികൾക്ക് മാത്രമാണ്. അതില്ലാത്തവർ പള്ളിപ്പറമ്പിനകത്തുനിന്ന് തുറന്നിട്ട ജനലകളിലൂടെയെത്തുന്ന പ്രാർത്ഥനകളിൽ പങ്കാളികളാകാം. തീർത്തും കഠിനമായ ഒരു നിയമമാണിത്, പക്ഷെ പൊതുജനസുരക്ഷയ്ക്ക് ഇതല്ലാതെ മറ്റൊരു മാർഗ്ഗമില്ല. പള്ളി അധികൃതർ പറയുന്നു.

കഴിഞ്ഞയാഴ്‌ച്ചയായിരുന്നു യഹൂദരുടെ ഉത്സവങ്ങളിൽ ഒന്നായ പ്യുറിം. യുവാക്കളും യുവതികളുമൊക്കെ പ്രച്ഛന്ന വേഷങ്ങളിലെത്തി പ്രാർത്ഥന നടത്തുക എന്നത് അന്നത്തെ ദിവസത്തെ പ്രത്യേകതയാണ്. കുട്ടികളും പ്രാർത്ഥനയ്ക്കായി എത്തുക വ്യത്യസ്തമാർന്ന വസ്ത്രങ്ങൾ ധരിച്ചായിരിക്കും. എന്നാൽ ഇതുവരെ മുതിർന്നവർക്ക് മാത്രമാണ് ഗ്രീൻ പാസ്സ്പോർട്ട് ലഭിച്ചതെന്നതിനാൽ ഇവരിൽ ഭൂരിഭാഗവും പള്ളിയിൽ പോകാതെ വീടുകളിൽ തുടരുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 21 നാണ് ഗ്രീൻ പാസ്സ്പോർട്ട് പുറത്തിറക്കിയത്. 16 വയസ്സിന് മുകളിൽ പ്രായമുള്ള ഏതൊരാൾക്കും രണ്ടു ഡോസ് വാക്സിൻ എടുക്കുകയോ കോവിഡ് പിടിപെട്ട് അതിൽ നിന്നും മുക്തി നേടുകയോ ചെയ്തിട്ടുണ്ടെങ്കിൽ സർക്കാരിന്റെ വെബ്സൈറ്റിൽ പോയി ഗ്രീൻ പാസ്സ്പോർട്ട് ഡൗൺലോഡ് ചെയ്യാം. ഇതിൽ ഒരു ക്യൂ ആർ കോഡ് ഉണ്ടായിരിക്കും. ഇത് സ്‌കാൻ ചെയ്യുമ്പോൾ, ഇസ്രയേലിന്റെ ആരോഗ്യ രേഖകൾ പരിശോധിച്ച് ഈ വ്യക്തി വാക്സിൻ സ്വീകരിക്കുകയോ നേരത്തേ രോഗവിമുക്തി നേടുകയോ ചെയ്ത ആളാണെന്ന കാര്യ സ്ഥിരീകരിക്കാം.

ഗ്രീൻ പാസ്സ്പോർട്ട് നിലവിൽ വന്നതോടെ സ്വിമ്മിങ് പൂളുകളും ജിമ്മുകളും ഒക്കെ തുറന്ന് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. അതുപോലെ റെസ്റ്റോറന്റുകളും ബാറുകളും ഉടൻ തുറന്ന് പ്രവർത്തിക്കും. പ്രവേശനം ഗ്രീൻ പാസ്സ്പോർട്ടുള്ളവർക്കായി പരിമിതപ്പെടുത്തും. നിരവധി കലാപരിപാടികളും സാംസ്‌കാരിക പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചിട്ടുണ്ട്.