- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രസീലിയൻ വകഭേദവുമായി യു കെയിൽ എത്തിയ 136 പേരെ കണ്ടെത്താൻ തീവ്രശ്രമത്തിൽ; ബ്രസീലിൽ നിന്നെത്തിയവരുമായി അകലം പാലിക്കുക; കോവിഡിനെ കീഴടക്കിയ ബ്രിട്ടനെ തോൽപ്പിക്കാൻ ബ്രസീലിനാവുമോ ?
കഴിഞ്ഞമാസം ബ്രസീലിൽ നിന്നും ഇംഗ്ലണ്ടിൽ പറന്നിറങ്ങിയ ഒരു വിമാനം ഇന്ന് ബ്രിട്ടന്റെ ഉറക്കം കെടുത്തുകയാണ്. ഇതിൽ വന്നെത്തിയവരിൽ ചിലരിൽ, കൊറോണയുടെ ബ്രസീലിയൻ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെയാണ് ഇത്. ഈ വിമാനത്തിലെ യാത്രക്കാരായിരുന്ന 130 ൽ അധികം പേരുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് അധികൃതർ. ആറുപേരിൽ ഈ പുതിയ ഇനത്തെ കണ്ടെത്തിയതിൽ ആശങ്ക വേണ്ടെന്ന് മന്ത്രിമാർ പറയുമ്പോഴും, വളരെ കരുതലോടെ തന്നെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്.
ഇംഗ്ലണ്ടിലെ മൂന്നു പേരിലും സ്‌കോട്ട്ലാൻഡിലെ മൂന്നു പേരിലുമാണ് ആമസോണീയൻ നഗരമായ മനൗസിൽ കണ്ടെത്തിയ പി. 1 എന്ന ഇനം കൊറോണയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇതിൽ ഇംഗ്ലണ്ടിലുള്ള മൂന്നുപേരിൽ രണ്ടുപേർ സൗത്ത് ഗ്ലൗസെസ്റ്റർഷയറിൽ ഉള്ളവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, പരിശൊധന സമയത്ത് വ്യക്തിപരമായ വിവരങ്ങൾ അടങ്ങിയ ഫോം പൂരിപ്പിക്കാത്തതിനാൽ മൂന്നാമന്റെ വിവരങ്ങൾ ലഭ്യമല്ല.
അതേസമയം, കഴിഞ്ഞ ഫെബ്രുവരി 10 ന് സാവോ പോളോയിൽ നിന്നും ഹീത്രൂ വിമാനത്താവളത്തിലെത്തിയ സ്വിസ്സ് എയറിന്റെ എൽ എക്സ് 318വിമാനത്തിലുണ്ടായിരുന്ന 136 യാത്രക്കാരുമായും ബന്ധപ്പെടാൻ അധികൃതർ ശ്രമിക്കുന്നുണ്ട്. ഇപ്പോൾ കണ്ടെത്തിയ പി 1 കേസുകളിൽ ഒരാൾ ഈ വിമാനത്തിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. ബ്രസീലിൽ നിന്നെത്തുന്നവർ 10 ദിവസത്തെ നിർബന്ധിത ക്വാറന്റൈന് വിധേയരാകണം എന്ന നിയമം വരുന്നതിന് അഞ്ചു ദിവസം മുൻപാണ് ഈ വ്യക്തി ബ്രസീലിൽ നിന്നും ബ്രിട്ടനിലെത്തിയത്.
ബ്രസീലിയൻ ഇനത്തെ ചെറുക്കുന്നതിനുള്ള നടപടികൾ എടുക്കാൻ സർക്കാർ വൈകി എന്ന ആരോപണത്തെ നിഷേധിച്ചുകൊണ്ട് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് രംഗത്തെത്തി. വിദേശയാത്ര കഴിഞ്ഞെത്തുന്നവർക്കുള്ള ഹോം ക്വാറന്റൈൻ നിയമം നേരത്തേ തന്നെ നിലനിൽക്കുന്നുണ്ടായിരുന്നു എന്നുപറഞ്ഞ അദ്ദേഹം ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാക്കുന്നതിനു മുൻപ് തന്നെ ബ്രസീലിൽ നിന്നുള്ള യാത്രകൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതായും ചൂണ്ടിക്കാട്ടി. ഇപ്പോൾ പുറത്തുവന്ന കേസുകളിൽ തിരിച്ചറിഞ്ഞ അഞ്ചുപേരും ഹോം ക്വാറന്റൈന് വിധേയരായവരാണെന്നും അദ്ദേഹം പറഞ്ഞു.
ഇനിയും തിരിച്ചറിയപ്പെടാത്ത ആറാമൻ ഹോ ക്വാറന്റൈന് വിധേയമായില്ല എന്ന് തെളിയിക്കാനുള്ള തെളിവുകൾ ഒന്നുമില്ലെന്നും അദേഹംപറഞ്ഞു. ഫെബ്രുവരി 12 നോ 13 നോ പരിശോധനയ്ക്ക് വിധേയനായ വ്യക്തിയാണ് ഇയാൾ. ഈ പരിശോധന നടത്തിയ കിറ്റ് എവിടേക്കാണ് അയച്ചിരുന്നത് എന്നറിയുവാൻ പോസ്ഗ്റ്റൽ സർവ്വീസുമായി ബന്ധപ്പെട്ട് ശ്രമങ്ങൾ നടത്തിവരുന്നുണ്ട് എന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു.
ഈ പുതിയ ഇനം വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് ലോക്ക്ഡൗൺ നീക്കം ചെയ്യുവാനുള്ള പദ്ധതിയെ വിപരീതമായി ബാധിക്കുകയില്ല എന്ന് പ്രധാന മന്ത്രി ആവർത്തിച്ചു. വ്യാപകവും കർശനവുമായ നടപടികളാണ് ഈ പുറ്റ്ബിയ ഇനത്തിന്റെ വ്യാപനം തടയുവാനായി നടപ്പിലാക്കിയിരിക്കുന്നത്. അതിനാൽ തന്നെ കൂടുതൽ വ്യാപകമായ രോഗസംക്രമണം ഉണ്ടാകാൻ ഇടയില്ല എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഈ പുതിയ ഇനത്തിന് ആന്റിബോഡികളെ ഭാഗികമായിട്ടെങ്കിലും പ്രതിരോധിക്കാനുള്ള കഴിവുള്ളതായി ഈ രംഗത്തെ വിദഗ്ദർ പറയുന്നു. അത് ശരിയാണെങ്കിൽ, നിലവിലുള്ള വാക്സിനുകൾ എത്രമാത്രം കാര്യക്ഷമമാണെന്ന കാര്യം പരിശോധിക്കേണ്ടതായി വരും.
മറുനാടന് മലയാളി ബ്യൂറോ