കേരളത്തിലെ ട്രഷറികളിൽ കഴിഞ രണ്ട് വർഷക്കാലമായി കേൾക്കുന്ന പതിവ് പല്ലവി ആണ് നെറ്റ് ഇല്ല എന്നത്. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം എപ്പോൾ ഉണ്ടാകും എന്ന ജീവനക്കാരുടെയും ഇടപാടുകാരുടെയും ചോദ്യത്തിന് ഉത്തരം നൽകാൻ ആവാതെ വലയുകയാണ് ജില്ലാ/ സബ് ട്രഷറി ഓഫീസർമാർ. ആദ്യ കാലങ്ങളിൽ മാസത്തിന്റെ തുടക്ക ദിനങ്ങളിൽ മാത്രമാണ് പ്രശ്‌നം ഉണ്ടായിരുന്നത് എങ്കിൽ ഇപ്പോൾ ഏല്ലാ ദിവസവും ഇതാണ് അവസ്ഥ. സ്ഥിരം ഇടപാടുകാരായ പെൻഷൻകാരും ഗവണ്മെന്റ് കോൺട്രാക്ടർമാരും മറ്റും ഈ അവസ്ഥയോടു താതാത്മ്യം പ്രാപിച്ചു കഴിഞ്ഞു, എങ്കിലും ട്രഷറികളിൽ ആദ്യമായി എത്തുന്നവർ പലരും ഇടപാടുകൾക്ക് നേരിടുന്ന കാലതാമസത്തിന്റെ പേരിൽ ജീവനക്കാരോട് തട്ടിക്കയറുന്നതും പതിവാണ്.

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ മാനേജ്മന്റ് സിസ്റ്റംത്തിന്റെ ഭാഗമായി ട്രഷറികൾ കോർ ബാങ്കിങ് സിസ്റ്റംത്തിലേക്കു മാറുകയും ഓൺലൈൻ ഫണ്ട് ട്രാൻസ്ഫർ അടക്കമുള്ള സേവനങ്ങൾ ട്രഷറികളിൽ ലഭ്യമാക്കുകയും ചെയ്തെകിലും അതനുസരിച്ചു സെർവർ കപ്പാസിറ്റി വർധിപ്പിക്കുന്നതിൽ കാണിച്ച അലംഭാവം ആണ് ഇപ്പോളത്തെ പ്രശ്‌നങ്ങളുടെ മൂലകാരണം.

പ്രശ്‌ന പരിഹാരത്തിന് രണ്ടര കോടിയോളം രൂപ ചിലവഴിച്ചു സംസ്ഥന ഐ ടി മിഷന്റെ കാർമികത്വത്തിൽ വാങ്ങിയ പുതിയ സെർവർ ഒരു വർഷത്തിൽ ഏറെ ആയി പൊടി പിടിച്ചു കിടക്കുന്നത് സർക്കാരിന്റെ കെടുകാര്യസ്ഥയുടെ ഉത്തമ ഉദാഹരണമാണ്.

സെർവർ കണക്ട് ചെയ്യുന്നതിന് വേണ്ട കേബിൾ ആര് വാങ്ങണം എന്നതിനെ ചൊല്ലി ധനമന്ത്രിയുടെ കീഴിൽ ഉള്ള ട്രഷറി വകുപ്പും മുഖ്യ മന്ത്രിയുടെ കീഴിൽ ഉള്ള ഐ.ടി. മിഷനും തമ്മിൽ ഉണ്ടായ തർക്കം ആണ് ഇൻസ്റ്റലേഷൻ നീണ്ടു പോകാൻ ഉണ്ടായ കാരണമായി പറയപെടുന്നത്. ഒടുവിൽ കേബിൾ വാങ്ങാൻ ധന വകുപ്പ് അനുമതി ലഭ്യമാക്കിയെങ്കിലും ഇൻസ്റ്റലേഷൻ ഇനിയും നടപ്പാക്കിയിട്ടില്ല. കോടികൾ ചെലവാക്കി സെർവർ വാങ്ങാൻ കാണിച്ച ആവേശം കമ്മീഷൻ കൈപറ്റുന്നതിനു വേണ്ടി മാത്രം അണ് എന്നും ഇൻസ്റ്റലേഷൻ ചെയുമ്പോൾ കമ്മിഷൻ ഇല്ലാത്തതുകൊണ്ടാണ് അത് വൈകുന്നത് എന്നാണ് പിന്നാമ്പുറ സംസാരം.

വയോധികരായ പെൻഷൻകാരും ഇത് മൂലം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. പലതരം ശാരീരിക വിഷമതകൾ അനുഭവിക്കുന്ന ഇവർ നെറ്റ് വർക്ക് തകരാറിന്റെ പേരിൽ ഈ കോവിഡ് കാലത്തും ഏല്ലാ മാസവും മണിക്കൂറുകൾ പെൻഷന് വേണ്ടി കാത്തുകെട്ടി കിടക്കേണ്ടി വരുന്നതു ദയനീയമായ കാഴ്ചയാണ്.

ട്രഷറി പൂട്ടൽ ഓൺലൈനിൽ; കേരള എൻ.ജി.ഒ. സംഘ്

ആലപ്പുഴ: സാമ്പത്തിക അടിയന്തിരാവസ്ഥ സ്പാർക്ക്, ബിംസ് തുടങ്ങിയ ഓൺലൈൻ സംവിധാനത്തിലൂടെ നടപ്പാക്കുകയാണ് കേരളത്തിൽ ചെയ്യുന്നത്. കോവിഡ് കാലത്ത് പോലും ഇടപാടുകാർ മണിക്കൂറുകൾ കാത്ത് നിന്ന് തിരികെ പോകേണ്ടി വരുന്നു. സർക്കാരിന്റെ വീഴ്ചയ്ക്ക് ട്രഷറി ജീവനക്കാർ പൊതുജനത്തിന്റെ മുന്നിൽ കുറ്റക്കാരാകുന്നു. ഈ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം ഉണ്ടാകണമെന്നു കേരളാ എൻ ജി ഓ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ.രാമനാഥ്, ജില്ലാ സെക്രട്ടറി ശ്രീജിത്ത് എസ് കരുമാടി, ട്രഷറർ ദിലീപ്കുമാർ ചേർത്തല എന്നിവർ ആവശ്യപ്പെട്ടു . അതി രാവിലെയും വൈകിട്ടു അഞ്ചു മണിക്ക് ശേഷവും ഓഫീസിൽ ജോലി ചെയ്തു കൊണ്ടാണ് ഇപ്പോൾ ജീവനക്കാർ ദൈനംദിന പ്രവർത്തനങ്ങൾ മുൻപോട്ട് കൊണ്ടുപോകുന്നത്. ട്രഷറി ജീവനക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണ്ടില്ല ഏന്ന് നടിക്കുന്ന ഭരണാനുകൂല സർവീസ് സംഘടനകളുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് എൻ.ജി.ഓ സംഘ് അഭിപ്രായപ്പെട്ടു. തങ്ങളുടെ രാഷ്ട്രീയ യജമാനന്മാർക് അലോസരം ഉണ്ടാകാതിരിക്കാനാണ് അവർ ജീവനക്കാരുടെ കഷ്ടപ്പാടുകൾ കണ്ടില്ല എന്ന് നടിക്കുന്നത്. ഈ വിഷയം പരിഹരിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകണം എന്നും എൻ.ജി.ഒ. സംഘ് ആവശ്യപ്പെട്ടു.