- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പ്രതിരോധ വാക്‌സിൻ എടുക്കാൻ വാഹനത്തിൽ നിന്നും ഇറങ്ങേണ്ടാ...; പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് സൗദി; സ്വദേശികളും വിദേശികളുമായി വാക്‌സിനേഷൻ എടുക്കാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത് ലക്ഷക്കണക്കിനു പേർ
ജിദ്ദ: കോവിഡ് പ്രതിരോധ വാക്‌സിൻ എടുക്കുന്നവർക്ക് കാറിൽനിന്ന് ഇറങ്ങാതെതന്നെ വാക്‌സിൻ കുത്തിവെക്കുന്ന പദ്ധതിക്ക് സൗദിയിൽ തുടക്കമായി. ഞായറാഴ്ച മുതൽ റിയാദ്, മക്ക, മദീന, അബ്ഹ നഗരങ്ങളിലാണ് ആരോഗ്യ മന്ത്രാലയം ഈ സേവനം ലഭ്യമാക്കിയത്. നിലവിലുള്ള വാക്‌സിനേഷൻ കേന്ദ്രങ്ങൾക്കു പുറമെയാണ് പുതിയ സൗകര്യം. സിഹത്തി മൊബൈൽ ആപ് വഴി വാക്‌സിനായി അപേക്ഷയിൽ രജിസ്റ്റർ ചെയ്തവരിൽനിന്ന് അനുമതി ലഭിച്ച സ്വദേശികൾക്കും വിദേശികൾക്കും ഈ സേവനം ലഭിക്കും.
കോവിഡ് വൈറസിനെതിരായ വാക്‌സിനേഷൻ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി 18നാണ് മന്ത്രാലയം ആരംഭിച്ചത്. നിർമ്മാതാക്കളുടെ ഭാഗത്തുനിന്ന് വാക്‌സിൻ വിതരണം വൈകിയതിനെത്തുടർന്ന് ഒരു മാസത്തോളം താൽക്കാലികമായി നിർത്തിവെച്ച ശേഷമാണ് വിതരണം പുനരാരംഭിച്ചത്. 2020 ഡിസംബർ 17നാണ് സൗദിയിലെ ആദ്യ വാക്‌സിനേഷൻ കേന്ദ്രം തലസ്ഥാനമായ റിയാദിൽ ആരംഭിച്ചത്.
അതേസമയം, വാക്‌സിനേഷനായി അപേക്ഷ രജിസ്റ്റർ ചെയ്ത സ്വദേശികളുടെ എണ്ണം രണ്ടു ദശലക്ഷം കവിഞ്ഞു. രാജ്യത്തെ വിവിധ മേഖലകളിൽ കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കുന്ന നടപടികൾ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ തുടരുകയാണ്. 7,80,000ത്തിലധികം പേർ ഇതിനോടകം കോവിഡ് വാക്‌സിനെടുത്തതായാണ് കണക്ക്. 26 ദശലക്ഷം പൗരന്മാർക്ക് ഈ വർഷം അവസാനത്തോടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കാനാണ് സൗദി ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്.