- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾക്കു നിയന്ത്രണം; രാത്രി എട്ടു മുതൽ പുലർച്ചെ അഞ്ചുവരെ അടച്ചിടും; പുതിയ തീരുമാനം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ
മസ്‌കത്ത്: കോവിഡ് വ്യാപനം കണക്കിലെടുത്ത് ഒമാനിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി തീരുമാനം. മാർച്ച് നാലു വ്യാഴാഴ്ച മുതൽ ഒമാനിലെ മുഴുവൻ ഗവർണറേറ്റുകളിലെയും വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾ രാത്രി അടച്ചിടാനാണ് തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചത്. രാത്രി എട്ടു മുതൽ പുലർച്ചെ അഞ്ചുവരെയാണ് അടച്ചിടൽ. മാർച്ച് 20 വരെ തീരുമാനം പ്രാബല്യത്തിലുണ്ടാകും.
റസ്‌റ്റോറന്റുകൾ, കഫേകൾ, ടൂറിസം കേന്ദ്രങ്ങൾക്ക് അകത്തുള്ള കഫറ്റീരിയകൾ, ഹോം ഡെലിവറി സേവനങ്ങൾ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമായിരിക്കും. ഇന്ധന സ്‌റ്റേഷനുകൾ, ആരോഗ്യസ്ഥാപനങ്ങൾ, സ്വകാര്യ ഫാർമസികൾ എന്നിവയെ നിയന്ത്രണത്തിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ സ്‌കൂളുകളിൽ മാർച്ച് ഏഴു മുതൽ 11 വരെയുള്ള കാലയളവിൽ ഓൺലൈൻ പഠന രീതി മാത്രം തുടരാനും സുപ്രീംകമ്മിറ്റി നിർദ്ദേശം നൽകി. രോഗവ്യാപനം വിലയിരുത്തിയശേഷം ഈ വിഷയത്തിൽ പിന്നീട് തീരുമാനമെടുക്കും.
ഒത്തുചേരലുകൾ ഒഴിവാക്കാനും സുപ്രീംകമ്മിറ്റി യോഗം നിർദേശിച്ചു. ഒത്തുചേരലുകൾ വലിയതോതിൽ രോഗ വ്യാപനത്തിന് വഴിയൊരുക്കുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒന്നാണ്. രോഗത്തിന്റെ അപകടസാഹചര്യത്തെ കുറിച്ച് എല്ലാവരും ബോധവാന്മാരാകണം. കുടുംബത്തെയും സമൂഹത്തെയും പ്രത്യേകിച്ച് മുതിർന്നവരെയും കുട്ടികളെയും ഗുരുതര രോഗബാധിതരെയും കോവിഡിൽ നിന്ന് സംരക്ഷിക്കാൻ എല്ലാവരും പ്രത്യേക മുൻകരുതൽ സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.