- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടുകാർക്കൊപ്പം വനത്തിനുള്ളിലെത്തിയത് ഓട്ടോയിൽ; ഫോണുമായി കാട്ടിലേക്ക് നടന്നു നീങ്ങിയ യുവാവിനെ പിന്നീട് കണ്ടെത്തുന്നത് മരിച്ച നിലയിൽ: അംജിത് ആത്മഹത്യ ചെയ്തതെന്ന് സുഹൃത്തുക്കൾ: ദുരൂഹ സംഭവത്തിൽ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്
പാങ്ങോട്: കൂട്ടുകാർക്കൊപ്പം വനത്തിനുള്ളിലെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാങ്ങോട് ചന്തക്കുന്ന് ലക്ഷംവീട് കോളനിയിൽ എആർ നിവാസിൽ റഷീദിന്റെയും അമ്മിണിയുടെയും മകൻ അംജിത്(30)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ട് നാലിന് ഭരതന്നൂർ കല്ലുമല മേഖലയിലെ വനത്തിലാണ് മൃതദേഹം കണ്ടത്. കൂട്ടുകാർക്കൊപ്പമാണ് അംജത് വനത്തിലെത്തിയത്. തുടർന്ന് ഫോൺ ചെയ്യുന്നതിനായി ഓട്ടോ ഡ്രൈവറുടെ ഫോൺ വാങ്ങി അജിത്ത് വനത്തിനുള്ളിലേക്ക് നടന്നു നീങ്ങി. ഏറെ നേരത്തിന് ശേഷവും തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ അംജതിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
ടിപ്പർ ലോറി ഡ്രൈവറാണ് മരിച്ച അംജത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വൈകിട്ട് പാലോട് ഫോറസ്റ്റ് റെയിഞ്ചിന്റെ പരിധിയിലെ കല്ലുമല വനമേഖലയിൽ അംജിത്തും മറ്റ് രണ്ടു പേരുമായി ഓട്ടോയിലെത്തി.തുടർന്ന് ഫോൺ ചെയ്യുന്നതിനു വേണ്ടി ഓട്ടോ ഡ്രൈവറുടെ മൊബൈൽ ഫോണും വാങ്ങി അംജിത് വനത്തിലുള്ളിലേക്കു നടന്നു. തിരികെ എത്താത്തതിനെത്തുടർന്നു ഇയാൾ പോയ വഴിയെ ഡ്രൈവറും കൂട്ടുകാരനും അന്വേഷിച്ചു ചെല്ലുമ്പോൾ ഒടിഞ്ഞു വീണ് ചരിഞ്ഞ അക്കേഷ്യ കമ്പിൽ തൂങ്ങി നിൽക്കുന്നതാണ് കാണുന്നതെന്നും ജീവനുണ്ടെന്നു സംശയിച്ച് കെട്ടഴിച്ചിറക്കിയെന്നും മരണം സംഭവിച്ചുവെന്ന് മനസ്സിലാക്കിയതിനെത്തുടർന്നു പൊലീസിൽ വിവരമറിയിച്ചുവെന്നും സംഘം പൊലീസിനോടു പറഞ്ഞു. പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒരു കാരണവും ഇല്ലാതെ മൂവർ സംഘം കൊടും വനത്തിലെത്തിയതിനെ പൊലീസ് സംശയിക്കുന്നു. തൂങ്ങാൻ ഉപയോഗിച്ച കൈലിമുണ്ട് കെട്ടിയിരിക്കുന്നത് വളരെ താഴ്ന്ന നിലയിലാണ് കെട്ടിയിരിക്കുന്നത്. തൂങ്ങാൻ ഉപയോഗിച്ചത് ഇയാൾ ധരിച്ചിരുന്ന കൈലിമുണ്ടാണ്. കാലിൽ ചെരുപ്പ് ധരിച്ചിട്ടുണ്ട്. തറയിൽ മലർന്നു കിടക്കുന്ന രീതിയിലാണ് മൃതദേഹം.
ധരിച്ചിരിക്കുന്ന ഷർട്ടിന്റെ പോക്കറ്റിൽ ഒരു മൊബൈൽ ഫോണുമുണ്ട്. ഓട്ടോയിൽ രണ്ടു പേരെ ഫോറസ്റ്റ് വാച്ചർമാരും കണ്ടിരുന്നു. എന്നാൽ മരിച്ചയാളെ ഇവർ കണ്ടിരുന്നില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പൊലീസിനോടു പറഞ്ഞു. ഇന്നു വിദഗ്ധ സംഘമെത്തി വിശദ പരിശോധനയ്ക്കു ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനയയ്ക്കും.
മറുനാടന് മലയാളി ബ്യൂറോ